അനുദിന വിശുദ്ധര്‍  - നവംബര്‍ 01
ഇന്ന് നാം സകല വിശുദ്ധരുടെയും ദിനം ആചരിക്കുകയാണ്. വിശുദ്ധീകരിക്കപ്പെട്ടവര്‍, നാമകരണം ചെയ്യപ്പെട്ടവര്‍, ദൈവത്തിനു മാത്രം അറിയാവുന്ന പ്രത്യേക നിത്യാനന്ദ ദര്‍ശനവുമായി സ്വര്‍ഗത്തില്‍ വസിക്കുന്നവര്‍ തുടങ്ങി സകലരുടെയും ദിനം.സകല വിശുദ്ധരുടെയും തിരുനാള്‍ കത്തോലിക്കാ സഭയില്‍ ആഘോഷിക്കാന്‍ ആരംഭം കുറിച്ചത് നാലാം നൂറ്റാണ്ടിലാണ്. 
എല്ലാ രക്തസാക്ഷികളുടെയും തിരുനാള്‍ എന്ന പേരിലാണ് അക്കാലത്ത് അത് അറിയപ്പെട്ടിരുന്നത്. ഏഴാം നൂറ്റാണ്ടില്‍ രക്തസാക്ഷികളുടെ കല്ലറകള്‍ പലപ്പോഴായി തകര്‍ക്കപ്പെട്ടപ്പോള്‍ ബോനിഫസ് നാലാമന്‍ മാര്‍പാപ്പാ 28 വണ്ടി നിറയെ വിശുദ്ധരുടെ അസ്ഥികള്‍ ശേഖരിച്ച് റോമിലെ പാന്തിയോന്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചു. ആ ക്ഷേത്രം കത്തോലിക്കാ ദേവാലയമാക്കി പുനര്‍പ്രതിഷ്ഠിച്ചു. 
എല്ലാ ദേവന്മാര്‍ക്കുമുളള ക്ഷേത്രം എന്നായിരുന്ന പാന്തിയോന്‍ അറിയപ്പെട്ടിരുന്നത്. ഭാവിയില്‍ ആ സ്ഥലം എല്ലാ വിശുദ്ധരുടെയും ഓര്‍മയ്ക്കായി സമര്‍പ്പിക്കണം എന്ന ഉദ്ദേശ്യത്തോടു കൂടിയാണ് പാപ്പാ അത് ചെയ്തതത്രേ. പാന്തിയോനിന്റെ പുനര്‍പ്രതിഷ്ഠ നടന്നത് മെയ് മാസത്തിലാണ്. 
അതിനാല്‍ പൗരസ്ത്യ സഭകളില്‍ പലരും ഇപ്പോഴും വസന്ത കാലത്താണ് സകല വിശുദ്ധരുടെയും തിരുനാള്‍ ആഘോഷിക്കുന്നത്. എന്നു മുതലാണ് നവംബര്‍ ഒന്നിന് സകല വിശുദ്ധരുടെയും തിരുനാള്‍ ആഘോഷിക്കാന്‍ ആരംഭിച്ചത് എന്ന കാര്യത്തെ കുറിച്ച് ചരിത്രകാരന്മാര്‍ക്ക് വ്യക്തതയില്ല. ഒന്‍പതാം നൂറ്റാണ്ടു മുതലാണെന്ന് പൊതുവേ വിശ്വസിക്കപ്പെടുന്നു.
സഭ വര്‍ഷം മുഴുവന്‍ എല്ലാ ദിവസവും ഓരോ വിശുദ്ധരുടെയും തിരുനാള്‍ ആഘോഷിക്കുകയാണ്. എന്നാല്‍ ഈ ദിവസം തിരുസഭ ഇവരെയെല്ലാവരെയും ഒറ്റ ആഘോഷത്തില്‍ ഒരുമിച്ചു ചേര്‍ക്കുന്നു. സഭയ്ക്കറിയാവുന്ന വിശുദ്ധരെ കൂടാതെ, എല്ലാ ദേശങ്ങളില്‍ നിന്നും ഗോത്രങ്ങളില്‍ നിന്നുമുള്ള സകല വിശുദ്ധരെയും തിരുസഭ ഈ ദിവസം അനുസ്മരിക്കുന്നു.
ഇന്നത്തെ ഇതര വിശുദ്ധര്‍
1. വെയില്‍സിലെ സെയിത്തോ 
2. ഔവേണിലെ അമാബിലീസ്
3. ക്ലെര്‍മോണ്ട് ബിഷപ്പായിരുന്ന സെസാരിയൂസ്
4. ക്ലേര്‍മോണ്ട് ബിഷപ്പായിരുന്ന ഔസ്‌ത്രെമോണിയൂസ്.
'അനുദിന വിശുദ്ധര്‍' എന്ന ഈ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.