മലയാളി യുവാവിൻ്റെ കൊലപാതകം: സൗദിയിൽ രണ്ടു മലയാളികൾ ഉൾപ്പെടെ ആറു പ്രതികളുടെ വധശിക്ഷ ശരിവെച്ച് അപ്പീല്‍ കോടതി

മലയാളി യുവാവിൻ്റെ  കൊലപാതകം: സൗദിയിൽ രണ്ടു മലയാളികൾ ഉൾപ്പെടെ ആറു പ്രതികളുടെ വധശിക്ഷ ശരിവെച്ച് അപ്പീല്‍ കോടതി

ദമാം: സൗദി ജുബൈലില്‍ മലയാളി യുവാവ് കൊല്ലപ്പെട്ട കേസിൽ പ്രതികളുടെ വധശിക്ഷ അപ്പീല്‍ കോടതി ശരിവെച്ചു. കോഴിക്കോട് കൊടുവള്ളി സ്വദേശി സമീര്‍ കൊല്ലപ്പെട്ട കേസിലാണ് ശിക്ഷാവിധി ശരിവെച്ചത്. അല്‍കോബാറില്‍ ഡ്രൈവറായ തൃശൂര്‍ കൊടുങ്ങല്ലൂര്‍ എരിയാട് സ്വദേശി നൈസാം സാദിഖ് (നിസാമുദ്ദീന്‍), കോഴിക്കോട് കുറ്റ്യാടി സ്വദേശി അജ്മല്‍ ഹമീദ്, സൗദി പൗരന്മാരായ ഹുസൈന്‍, അസ്വദ്, ഇദ്രീസ് എന്ന അബുറവാന്‍, അലി എന്നിവരാണ് പ്രതികള്‍. ജുബൈല്‍ ക്രിമിനല്‍ കോടതി വിധിച്ച വധശിക്ഷയാണ് ദമാം അപ്പീല്‍ കോടതി ശരിവെച്ചത്.

മുക്കിലങ്ങാടി കൂടത്തിങ്ങല്‍ അയമ്മദ് കുട്ടി-കദീജ ദമ്പതിമാരുടെ ഏഴ് മക്കളില്‍ അഞ്ചാമത്തെയാളാണ് സമീര്‍. അഞ്ചുവര്‍ഷം മുമ്പ് ചെറിയ പെരുന്നാള്‍ ദിവസം പുലര്‍ച്ചെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ജുബൈലില്‍ വര്‍ക്ക്‌ഷോപ്പ് മേഖലയില്‍ നഗരസഭാ മാലിന്യപ്പെട്ടിക്കു സമീപം പുതപ്പില്‍ മൂടിക്കെട്ടിയ നിലയിലായിരുന്നു മൃതദേഹം. അതിന് മൂന്നു ദിവസം മുമ്പ് കാണാതായ സമീറിനുവേണ്ടി പൊലീസും ബന്ധുക്കളും തിരച്ചില്‍ നടത്തുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്.

ശരീരത്തിലെ മുറിവുകളും സാഹചര്യത്തെളിവുകളും അനുസരിച്ച് കൊലപാതകമാണെന്ന് പൊലീസ് നിരീക്ഷിച്ചു. ജുബൈല്‍ പൊലീസിലെ ക്രിമിനല്‍ക്കേസ് മേധാവി മേജര്‍ തുര്‍ക്കി നാസ്സര്‍ അല്‍ മുതൈരി, രഹസ്യാന്വേഷണ വിഭാഗം ക്യാപ്റ്റന്‍ അബ്ദുല്‍ അസീസ്, ക്യാപ്റ്റന്‍ ഖാലിദ് അല്‍ ഹംദി എന്നിവര്‍ നടത്തിയ ഊര്‍ജിതമായ അന്വേഷണമാണ് പ്രതികളെ വലയിലാക്കിയത്.

ഹവാല പണമിടപാട് നടത്തിയിരുന്ന സമീറില്‍ നിന്ന് പണം കവരുന്നതിനായി സൗദി യുവാക്കള്‍ ഇദ്ദേഹത്തെ തട്ടിക്കൊണ്ടു പോകുകയായിരുന്നു. പണം കണ്ടെത്താത്തതിനെത്തുടര്‍ന്ന് മൂന്നു ദിവസം ബന്ദിയാക്കി മര്‍ദിച്ചു. ഇതിനിടയില്‍ മരണം സംഭവിച്ചതായാണ് കോടതി കണ്ടെത്തിയത്.

വധശിക്ഷ വിധിക്കപ്പെട്ടതോടെ ദയാഹര്‍ജി നല്‍കാനുള്ള ഒരുക്കത്തിലാണ് പ്രതികള്‍. സമീറിന്റെ കുടുംബം മാപ്പ് നല്‍കിയാല്‍ പ്രതികള്‍ക്ക് വധശിക്ഷയില്‍ നിന്ന് രക്ഷപ്പെടാം. എന്നാല്‍ പ്രതികള്‍ക്ക് മാപ്പ് നല്‍കില്ലെന്ന് സമീറിന്റെ ജ്യേഷ്ഠന്‍ താജുദ്ദീന്‍ വ്യക്തമാക്കി. ഭാര്യയും മകനും മകളുമടങ്ങുന്ന കുടുംബത്തിന്റെ ആശ്രയമായിരുന്നു സമീറെന്ന് ജ്യേഷ്ഠന്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.