കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിനേഷന്‍ പദ്ധതി: രാജ്യത്ത് രണ്ടു തരം പൗരന്മാരെ സൃഷ്ടിച്ചുവെന്ന് ഹൈക്കോടതി

കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിനേഷന്‍ പദ്ധതി: രാജ്യത്ത് രണ്ടു തരം പൗരന്മാരെ സൃഷ്ടിച്ചുവെന്ന് ഹൈക്കോടതി

കൊച്ചി: കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിനേഷന്‍ പദ്ധതിയിലെ വീഴ്ചയ്‌ക്കെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. കേന്ദ്രത്തിന്റെ വാക്‌സിനേഷന്‍ പദ്ധതി രാജ്യത്ത് രണ്ടു തരം പൗരന്മാരെ സൃഷ്ടിച്ചെന്ന് ഹൈക്കോടതി വ്യക്തമാക്കി. സഞ്ചാര സ്വാതന്ത്ര്യം പരിമിതപ്പെടുത്തപ്പെട്ട നിലയില്‍ കോവാക്‌സിന്‍ സ്വീകരിച്ചവരും എവിടെ വേണമെങ്കിലും പോവാനാവുന്നവര്‍ കോവിഷീല്‍ഡ് സ്വീകരിച്ചവരും എന്ന തരത്തില്‍ പൗരന്മാര്‍ വിഭജിക്കപ്പെട്ടുവെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

വിദേശത്തു ജോലിക്കു പോവുന്നതിന് മൂന്നാം ഡോസ് ആയി കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിക്കുന്നതിന് അനുമതി തേടി സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്റെ നിരീക്ഷണം. രണ്ടു ഡോസ് കോവാക്‌സിന്‍ സ്വീകരിച്ച തനിക്ക് സൗദി അറേബ്യയില്‍ ജോലിക്കു പോവാനാവുന്നില്ലെന്നു ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജിയിലാണ് പരാമര്‍ശം. സൗദിയില്‍ വെല്‍ഡര്‍ ആയി ജോലി ചെയ്യുന്നയാളാണ് ഹര്‍ജിക്കാരന്‍. രാജ്യാന്തരതലത്തില്‍ അംഗീകരിക്കപ്പെട്ട വാക്‌സിന്‍ എടുത്തില്ലെങ്കില്‍ ജോലി പോവുമെന്ന അവസ്ഥയാണെന്നും ഹര്‍ജിക്കാരന്‍ പറഞ്ഞു.

സര്‍ക്കാരിന്റെ വാക്‌സിനേഷന്‍ പദ്ധതിതിയിലൂടെ രണ്ടു തരം പൗരന്‍മാര്‍ സൃഷ്ടിക്കപ്പെട്ടിരിക്കുകയാണ്. കോവാക്‌സിന്‍ സ്വീകരിച്ചവരുടെ സഞ്ചാര സ്വാതന്ത്ര്യം പരിമിതപ്പെടുത്തപ്പെട്ടിരിക്കുന്നു. കോവിഷീല്‍ഡ് സ്വീകരിച്ചവര്‍ക്ക് എവിടെയും പോവാം. രണ്ടു തരം പൗരന്മാരെ സൃഷ്ടിക്കുകയെന്നത് മൗലിക അവകാശത്തിന്റെ ലംഘനമാണ്. ഹര്‍ജിക്കാരന്റെ മൗലിക അവകാശം ലംഘിക്കപ്പെട്ടിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

സര്‍ക്കാരിന്റെ വാക്‌സിനേഷന്‍ പദ്ധതിയുടെ അനന്തര ഫലമാണ് ഹര്‍ജിക്കാരന്‍ അനുഭവിക്കുന്നത്. ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നതു പോലെ മൂന്നാം ഡോസ് വാക്‌സിന്‍ നല്‍കാന്‍ നിര്‍ദേശിക്കാന്‍ കോടതിക്കാവില്ല. എന്നാല്‍ ഒരു മാസത്തിനകം ഹര്‍ജിക്കാരന്റെ പരാതിക്കു പരിഹാരം ഉണ്ടാവണമെന്ന് കോടതി നിര്‍ദേശിച്ചു. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ മറുപടി ഈ മാസം അഞ്ചിനകം അറിയിക്കണമെന്നും കോടതി വ്യക്തമാക്കി. കേസ് അഞ്ചിന് വീണ്ടും പരിഗണിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.