കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ കിഴക്കന്‍ മേഖലകളില്‍ അതിശക്തമായ മഴ തുടരുന്നു. മലയോര മേഖലകളില്‍ പലയിടത്തും ഉരുള്‍പൊട്ടലും മലവെള്ളപ്പാച്ചിലും റിപ്പോര്‍ട്ടു ചെയ്തു. കനത്ത മഴയെ തുടര്‍ന്ന് മലയോര മേഖലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വൈകിട്ട് പുറത്തു വിട്ട മുന്നറിയിപ്പ് അനുസരിച്ച് കോഴിക്കോട്, വയനാട്, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ വ്യാഴാഴ്ച വരെ ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
അടിവാരം,പുതുപ്പാടി, കാവിലും പാറ തുടങ്ങിയ മലയോര മേഖലകളില്‍ ശക്തമായ മഴയുള്ളതിനാല്‍ മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. മലയോര മേഖലയിലേക്കും പ്രത്യേകിച്ച് ചുരത്തിലേക്കുള്ള യാത്രകളും രാത്രി യാത്രകളും പരമാവധി ഒഴിവാക്കേണ്ടതാണെന്നും ജനങ്ങള്‍ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും കളക്ടര്‍ വ്യക്തമാക്കി.
കോഴിക്കോട് കക്കയത്ത് മൂന്ന് മണിക്കൂറില്‍ 102 ശതമാനം മഴ ലഭിച്ചെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. കനത്ത മഴയെ തുടര്‍ന്ന് കോഴിക്കോട് അടിവാരം മേഖല വെള്ളത്തിലായി. കുറ്റ്യാടി-മാനന്തവാടി ചുരം റോഡില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. ചുരത്തിലെ മുളവട്ടം ഭാഗത്താണ് മണ്ണിടിച്ചിലുണ്ടായത്. ബാലുശ്ശേരി പനങ്ങാട് പഞ്ചായത്തിലെ തോരാട് മലയിലും മണ്ണിടിച്ചിലുണ്ടായി. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.
കോഴിക്കോട് ജില്ലയിലെ കൂരാച്ചുണ്ടിലും കനത്ത മഴ തുടരുകയാണ്. ഇവിടെ സമീപ പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. മരുതിലാവ്, പൊട്ടിക്കൈ പ്രദേശത്ത് മലവെള്ള പാച്ചിലുണ്ടായത് വനമേഖലയില്‍ ഉരുള്‍പൊട്ടലുണ്ടായ സംശയം സൃഷ്ടിച്ചിട്ടുണ്ട്. അതേസമയം വടകര താലൂക്കില്‍ കാവിലുംപാറ വില്ലേജില്‍ ചാത്തങ്കോട്ട നടയില്‍ ഉരുള്‍പൊട്ടലുണ്ടായതായി സ്ഥിരീകരിച്ചു. പരിസരത്തുള്ള വീട്ടുകാരെ മാറ്റാനുള്ള സംവിധാനം സ്വീകരിച്ചു വരികയാണെന്ന് അധികൃതര്‍ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.