കാബൂള്‍: ഇരുണ്ട കണ്ണുകളും റോസ് കവിളുകളുമുള്ള പര്‍വാന മാലിക് എന്ന 9 വയസ്സുകാരി ധാര മുറിയാത്ത കണ്ണീരുമായി ലോകത്തോടു മൗനമായി പറയാന്‍ ശ്രമിച്ചത് തന്റെ ജന്മനാടായ അഫ്ഗാനിസ്ഥാനിലെ സാധാരണ കുടുംബങ്ങളുടെ കദന കഥ. വിശപ്പ് പല കുടുംബങ്ങളെയും ഹൃദയഭേദകമായ തീരുമാനങ്ങളെടുക്കാന്‍ പ്രേരിപ്പിക്കവേ, പര്‍വാനയെപ്പോലുള്ള നൂറുകണക്കിനു മിടുക്കിക്കുട്ടികളാണ് രാജ്യത്തുടനീളം വിവാഹത്തിന്റെ മറവില്‍ വില്‍ക്കപ്പെടുന്നത്.
ഏതാനും ദിവസം മുമ്പ് പൊടിപടലങ്ങള്‍ നിറഞ്ഞ ഒരു സ്ഥലത്ത് സുഹൃത്തുക്കള്‍ക്കൊപ്പം ചിരിപ്പൂരവുമായി ജമ്പ് റോപ്പ് കളിച്ചു മടങ്ങിയ ആ സുന്ദരിക്കുട്ടിക്കറിയാമായിരുന്നു തന്റെ മണ്‍കുടിലില്‍ തന്നെ കാത്തിരിക്കുന്ന ദുര്‍വിധിയെന്തെന്ന്; ബാല വധുവായി അപരിചിതനായ ഒരാള്‍ക്ക് താന്‍ വില്‍ക്കപ്പെടാന്‍ വിലപേശല്‍ നടന്നുവന്നിരുന്നതിനെപ്പറ്റി. വിവാഹം വഴി പര്‍വാനയെ വാങ്ങാന്‍ ആഗ്രഹിക്കുന്നയാള്‍ പറഞ്ഞത് അയാളുടെ പ്രായം 55 വയസ്സ് ആണെന്നായിരുന്നെങ്കിലും വെളുത്ത പുരികവും വെള്ളത്താടിയുമുള്ള ഒരു 'വൃദ്ധനാണ്' അയാളെന്ന് അവള്‍ തിരിച്ചറിഞ്ഞിരുന്നു. ആ വയസ്സന്‍ തന്നെ തല്ലുകയും കഠിന ജോലികള്‍ ചെയ്യാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുമെന്ന് കരഞ്ഞു പറഞ്ഞെങ്കിലും തങ്ങള്‍ക്ക് വേറെ വഴിയില്ലെന്ന് ആവര്‍ത്തിക്കാനേ അവളുടെ മാതാപിതാക്കള്‍ക്കാവുമായിരുന്നുള്ളൂ.
അഫ്ഗാനിസ്ഥാനിലെ ബാദ്ഗിസ് പ്രവിശ്യയിലെ ക്വാലാ-ഇ-നൗവിന്റെ പ്രാന്തപ്രദേശത്തുള്ള ഡിസ്പ്ലേസ്മെന്റ് ക്യാമ്പിലാണ് നാല് വര്‍ഷമായി, പര്‍വാനയുടെ കുടുംബം കഷ്ടിച്ചു കഴിഞ്ഞു വരുന്നത്. കൂലിപ്പണിക്കുപോയി കിട്ടിയിരുന്ന കുറച്ച് പണമായിരുന്നു ആകെ വരുമാനം. എന്നാല്‍ ഓഗസ്റ്റ് 15 ന് ശേഷം താലിബാന്‍ അധികാരമേറ്റതതോടെ ജീവിതം ആകെ താറുമാറായി. പര്‍വാനയുടെ പിതാവ് അബ്ദുള്‍ മാലിക്കിന് ഉറക്കം നഷ്ടമായി. 'മറ്റ് കുടുംബാംഗങ്ങളെ ജീവനോടെ നിലനിര്‍ത്താന്‍ എനിക്ക് അവളെ വില്‍ക്കാതെ പറ്റുമായിരുന്നില്ല .'- സി എന്‍ എന്‍ പ്രതിനിധിയോട് അയാള്‍ പറഞ്ഞതിങ്ങനെ.
കുറ്റബോധവും ലജ്ജയും ആശങ്കയും കൊണ്ട് താന്‍ തകര്‍ന്നുപോയതായി അബ്ദുള്‍ മാലിക്ക് സി.എന്‍.എന്നിനോട് സമ്മതിച്ചു. അവളെ വില്‍ക്കുന്നത് ഒഴിവാക്കാന്‍ താന്‍ പരമാവധി ശ്രമിച്ചു. ജോലി അന്വേഷിച്ച് പ്രവിശ്യാ തലസ്ഥാന നഗരമായ ക്വലാ-ഇ-നൗവിലേക്ക് പോയെങ്കിലും ഫലമുണ്ടായില്ല. ബന്ധുക്കളില്‍ നിന്ന് ധാരാളം പണം കടം വാങ്ങി.തന്റെ ഭാര്യ മറ്റ് ക്യാമ്പ് നിവാസികളെ സമീപിച്ച് ഭക്ഷണത്തിനായി യാചിക്കാന്‍ തുടങ്ങി. കുടുംബത്തെ പോറ്റാന്‍ വേറെ വഴിയുണ്ടായിരുന്നില്ല. എട്ടു പേരുള്ളതാണ് തന്റെ കുടുംബം. പര്‍വാനയുടെ 12 വയസുള്ള ചേച്ചിയെ മുമ്പു തന്നെ വിറ്റ കാര്യവും അയാള്‍ സമ്മതിച്ചു.
പര്‍വാനയുടെ വില്‍പ്പനയില്‍ നിന്നുള്ള പണം കൊണ്ട് കുറച്ച് മാസത്തേക്ക് മാത്രമേ കുടുംബത്തിന്റെ ജീവന്‍ നിലനില്‍ക്കൂ എന്ന ആധിയും അബ്ദുള്‍ മാലിക്ക് മറച്ചുവയ്ക്കുന്നില്ല. ഇനി ആര്‍ക്കും ഈയവസ്ഥ വരാതിരിക്കാനാണ് ഇതല്ലാം താന്‍ വെളിപ്പെടുത്തിയതെന്നും മാലിക് അഭിമുഖത്തില്‍ പറഞ്ഞു.മാതാപിതാക്കളുടെ മനസ്സ് മാറ്റാന്‍ കഴിയുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും അധ്യാപികയാകാന്‍ തനിക്ക് സ്വപ്നങ്ങളുണ്ടെന്നും വിദ്യാഭ്യാസം ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും പര്‍വാന പറയുന്നുണ്ടായിരുന്നു. പക്ഷേ അവളുടെ മോഹങ്ങളും പരിദേവനങ്ങളും വെറുതെയായി. കൊര്‍ബാന്‍ എന്നു സ്വയം പേരു പറഞ്ഞാള്‍ വന്ന് ബലമായി പിടിച്ചിറക്കി, മാതാപിതാക്കളടക്കം നിര്‍ന്നിമേഷരായി നില്‍ക്കേ.ഏകദേശം 2,200 ഡോളര്‍ വരുന്ന 200,000 അഫ്ഗാനി ആയിരുന്നു വില. ആടുകളുടെയും ഭൂമിയുടെയും പണത്തിന്റെയും രൂപത്തില്‍ പര്‍വാനയുടെ പിതാവിന് തുക കൈമാറി.
'ഇതാണ് നിങ്ങളുടെ വധു, ഇനി അവളുടെ ഉത്തരവാദിത്തം നിങ്ങള്‍ക്കാണ്, അവളെ നന്നായി പരിപാലിക്കുക, ദയവായി അവളെ അടിക്കരുത്'- ഇതായിരുന്നു മകളെ കൈമാറ്റം ചെയ്യവേ അബ്ദുള്‍ മാലിക്കിനു പറയാനുണ്ടായിരുന്നത്. കഴുത്തില്‍ വര്‍ണ്ണാഭമായ പുഷ്പമാലയണിഞ്ഞ് കറുത്ത തുണിയാല്‍ ശിരസ്സു മൂടിയ പര്‍വാന മുഖം മറച്ച്, കരഞ്ഞുകൊണ്ടു നിന്നു.
വില്‍പ്പനയെ ഒരു വിവാഹമായി വിശേഷിപ്പിക്കാന്‍ തനിക്കാഗ്രഹമില്ലെന്നു കൊര്‍ബാന്‍ പറഞ്ഞു. പര്‍വാനയെ സ്വന്തം മക്കളില്‍ ഒരാളെപ്പോലെ നോക്കുന്ന ഒരു ഭാര്യ തനിക്കുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. 'പര്‍വാന വില കുറഞ്ഞ കുട്ടി. അവളുടെ പിതാവ് വളരെ ദരിദ്രന്‍. അദ്ദേഹത്തിന് പണം ആവശ്യമാണ്,' കൊര്‍ബാന്റെ വാക്കുകള്‍. 'അവള്‍ എന്റെ വീട്ടില്‍ ജോലി ചെയ്യും, ഞാന്‍ അവളെ തല്ലില്ല, അവളോട് ഒരു കുടുംബാംഗത്തെ പോലെ പെരുമാറും, ദയ കാണിക്കും' എന്നൊക്കെ അയാള്‍ പറയുന്നുണ്ടായിരുന്നു.
70 വയസ് തോന്നിക്കുന്ന കൊര്‍ബാന്‍ പര്‍വാനയുടെ കൈയില്‍ മുറുകെ പിടിച്ച് അവളെ വാതിലിനു പുറത്തേക്ക് നയിച്ചു. അവര്‍ പോകുമ്പോള്‍, അബ്ദുള്‍ മാലിക്ക് വാതില്‍ക്കല്‍ നോക്കിനില്‍ക്കുന്നുണ്ടായിരുന്നു. ഒരു വേള പര്‍വാന അവളുടെ കാലുകള്‍ മണ്ണില്‍ ഉറപ്പിച്ച ശേഷം പിന്തിരിഞ്ഞു പോരാന്‍ നടത്തിയ ശ്രമം വിഫലമായി. മെല്ലെ മെല്ലെ കാറിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടു അവള്‍.
രാജ്യത്തെ സാമ്പത്തിക, മാനുഷിക പ്രതിസന്ധി രൂക്ഷമായതോടെ വിവാഹത്തിലൂടെ വില്‍ക്കപ്പെട്ട നിരവധി അഫ്ഗാന്‍ പെണ്‍കുട്ടികളില്‍ ഒരാള്‍ മാത്രമാണ് പര്‍വാന. 'കുട്ടികളെ വില്‍ക്കുന്ന കുടുംബങ്ങളുടെ എണ്ണം അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്,' ബാദ്ഗിസിലെ മനുഷ്യാവകാശ പ്രവര്‍ത്തകനായ മുഹമ്മദ് നയീം നസീം പറഞ്ഞു. ജോലിയുടെ അഭാവത്തില്‍ ഭക്ഷണമില്ലാതാകുമ്പോള്‍ കുടുംബങ്ങള്‍ക്ക് വേറെ മാര്‍ഗമില്ല.
അഫ്ഗാനില്‍ താലിബാന്‍ വ്യാപാര വാണിജ്യ രംഗത്ത് ഉപരോധം നേരിടുന്നതിനാല്‍ ഗ്രാമീണ മേഖലയടക്കം കൊടിയ ദാരിദ്ര്യത്തിലേക്ക് വീഴുകയാണ്. ഭക്ഷ്യ ദൗര്‍ലഭ്യത്തിനൊപ്പം കനത്ത വില താങ്ങാന്‍ സാധിക്കാത്ത അവസ്ഥയുമുണ്ട്. താലിബാന്‍ ഭീകരരെ ഭയന്ന് പുറത്തേക്ക് ഇറങ്ങാന്‍ മടിക്കുന്നവരാണ് ജനങ്ങളില്‍ കൂടുതല്‍ പേരും.
15 വയസ്സിന് താഴെയുള്ള കുട്ടികളെ വിവാഹം കഴിക്കുന്നത് രാജ്യവ്യാപകമായി നിയമവിരുദ്ധമാണെങ്കിലും, വര്‍ഷങ്ങളായി, പ്രത്യേകിച്ച് അഫ്ഗാനിസ്ഥാന്റെ കൂടുതല്‍ ഗ്രാമപ്രദേശങ്ങളില്‍ ബാലവിവാഹം സാധാരണമാണ്. കടുത്ത പട്ടിണിയും നിരാശയും മൂലം ഓഗസ്റ്റ് മുതല്‍ ഇത് വ്യാപകമായി.
കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട് അനുസരിച്ച് രാജ്യത്തെ ജനസംഖ്യയുടെ പകുതിയിലധികം പേരും രൂക്ഷമായ ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടുന്നു. 5 വയസ്സിന് താഴെയുള്ള 3 ദശലക്ഷത്തിലധികം കുട്ടികള്‍ വരും മാസങ്ങളില്‍ കടുത്ത പോഷകാഹാരക്കുറവ് അഭിമുഖീകരിക്കുമെന്നതാണവസ്ഥ. എല്ലായ്പ്പോഴും ഭക്ഷണത്തിന്റെ വില കുതിച്ചുയരുന്നു, ബാങ്കുകളില്‍ പണം തീര്‍ന്നു, തൊഴിലാളികള്‍ ശമ്പളമില്ലാതെ വിഷമിക്കുന്നു.
യു എന്‍ ഓഫീസ് ഫോര്‍ ദി കോര്‍ഡിനേഷന്‍ ഓഫ് ഹ്യൂമാനിറ്റേറിയന്‍ അഫയേഴ്സിന്റെ കണക്കനുസരിച്ച്, ഈ വര്‍ഷം ഏകദേശം 677,000 ആളുകള്‍ അഫ്ഗാനില്‍ യുദ്ധം മൂലം പലായനം ചെയ്തു. ഇവരില്‍ പലരും പര്‍വാനയുടെ കുടുംബം പോലെയുള്ള ആന്തരിക കുടിയിറക്ക് ക്യാമ്പുകളില്‍ ടെന്റുകളിലും കുടിലുകളിലും താമസിക്കുന്നു, പട്ടിണിയും പരിവട്ടവുമായി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.