കെ.പി.സി.സി പുനഃസംഘടന നിര്‍ത്തി വയ്ക്കണമെന്ന് ഗ്രൂപ്പ് നേതാക്കള്‍

കെ.പി.സി.സി പുനഃസംഘടന നിര്‍ത്തി വയ്ക്കണമെന്ന്  ഗ്രൂപ്പ് നേതാക്കള്‍

തിരുവനന്തപുരം: കെ.പി.സി.സി പുനഃസംഘടന നിര്‍ത്തി വയ്ക്കണമെന്ന് ഗ്രൂപ്പ് നേതാക്കള്‍. കോണ്‍ഗ്രസ് അഖിലേന്ത്യാ നേതൃത്വം സംഘടനാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെയാണ് സംസ്ഥാന കോണ്‍ഗ്രസിലെ അവശേഷിക്കുന്ന പുനഃസംഘടന ഉപേക്ഷിക്കണമെന്ന് എ വിഭാഗത്തിന്റെ ആവിശ്യം.

ഇന്നലെ കെ.പി.സി.സി ആസ്ഥാനത്ത് ചേര്‍ന്ന പുന:സംഘടിപ്പിക്കപ്പെട്ട നിര്‍വാഹകസമിതിയുടെ വിശാല യോഗത്തില്‍ എ വിഭാഗത്തിലെ കെ.ബാബു, കെ.സി. ജോസഫ്, ബെന്നിബെഹനാന്‍ എന്നിവരാണ് ഈ ആവശ്യമുയര്‍ത്തിയത്. ഐ പക്ഷത്ത് നിന്ന് വിഷയമുന്നയിച്ചില്ലെങ്കിലും അവരും ഇതിനൊപ്പമാണ്.

സംഘടനാ തിരഞ്ഞെടുപ്പിനായും ഗ്രൂപ്പ് നേതാക്കള്‍ ശക്തിയായി വാദിച്ചു. ജനാധിപത്യപരമായ സംഘടനാ തിരഞ്ഞെടുപ്പിലൂടെ ജനസ്വാധീനമുള്ളവരെ സംഘടനാ നേതൃത്വത്തില്‍ എത്തിക്കാനാകുമെന്ന് ഉമ്മന്‍ ചാണ്ടിയും പറഞ്ഞു. പുനഃസംഘടനാ കാര്യത്തില്‍ ഹൈക്കമാന്‍ഡാണ് തീരുമാനമെടുക്കേണ്ടതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ മറുപടി നല്‍കി.

കെ.പി.സി.സി ഭാരവാഹികള്‍ ഉള്‍പ്പെടെ പുനഃസംഘടിപ്പിക്കപ്പെട്ട നിര്‍വാഹക സമിതിയംഗങ്ങള്‍, സ്ഥിരം ക്ഷണിതാക്കള്‍, പ്രത്യേക ക്ഷണിതാക്കള്‍, പോഷകസംഘടനാ പ്രസിഡന്റുമാര്‍ എന്നിവരുടെ ആദ്യ യോഗമാണ് ചേര്‍ന്നത്.
സംഘടനാ തിരഞ്ഞെടുപ്പ് തമ്മില്‍ തല്ലുണ്ടാക്കാനുള്ളതല്ലെന്ന് എ.ഐ.സി.സി സംഘടനാ ജനറല്‍സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞു. താഴെത്തട്ടില്‍ ഭവനസന്ദര്‍ശനം നടത്തിയും സമരത്തോടൊപ്പവുമാണ് പാര്‍ട്ടി അംഗത്വം നല്‍കേണ്ടതെന്നും അദ്ദേഹം പറ‌ഞ്ഞു.

പുന:സംഘടനയെ തുടര്‍ന്നുണ്ടായ മുറിവുകള്‍ അവശേഷിക്കുകയാണെന്ന് കെ.സി. ജോസഫ് പറഞ്ഞു. . ജംബോ കമ്മിറ്റികള്‍ ഒഴിവാക്കിയത് കാരണം അര്‍ഹരായ നിരവധി പേര്‍ക്ക് ഭാരവാഹിത്വം നഷ്ടപ്പെട്ടിട്ടുണ്ടെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. അകന്നുപോയ പരമ്പരാഗത വിഭാഗങ്ങളെ ഒപ്പം കൂട്ടണമെന്നും സതീശന്‍ ചൂണ്ടിക്കാട്ടി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.