തിരുവനന്തപുരം: സംസ്ഥാനത്തെ ഐടി പാര്‍ലറുകളില്‍ വൈന്‍ പാര്‍ലറുകള്‍ തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ഐടി പാര്‍ക്കുകളില്‍ പ്രവര്‍ത്തിക്കുന്ന വിവിധ കമ്പനി പ്രതിനിധികള്‍ തയ്യാറാക്കുന്ന റിപ്പോര്‍ട്ടില്‍ പബ് പോലുള്ള സൗകര്യങ്ങളില്ലാത്തത് പ്രധാന പോരായ്മയായി ചൂണ്ടിക്കാട്ടിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാദം. ഇതിന്റെ അടിസ്ഥാനത്തിലാണ് വൈന്‍ പാര്‍ലറുകള്‍ തുടങ്ങാന്‍ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോവിഡില്‍ കേരളത്തിലെ ഐടി പാര്‍ക്കുകള്‍ പലതും അടച്ചുപൂട്ടി കമ്പനികള്‍ വര്‍ക് ഫ്രം ഹോം മോഡിലേക്ക് മാറിയതോടെയാണ് ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ നിലച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് പ്രതിസന്ധി തീരുന്ന മുറയ്ക്ക് ഇക്കാര്യം ആലോചിക്കുമെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.
സംസ്ഥാനത്താകെ ഒന്നര ലക്ഷം ഐടി ജീവനക്കാരാണുള്ളത്. തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ മാത്രം ജോലി ചെയ്യുന്നത് 60,000 പേരാണ്. ടെക്‌നോ പാര്‍ക്ക്, ഇന്‍ഫോ പാര്‍ക്ക്, സൈബര്‍ പാര്‍ക്ക് എന്നിവിടങ്ങളിലായി ഇത്രയധികം പേര്‍ ജോലി ചെയ്യുന്നുണ്ടെന്നിരിക്കേ, ഇവര്‍ക്ക് വിശ്രമസമയങ്ങളും ഇടവേളകളും ചെലവഴിക്കാന്‍ ഇത്തരം കേന്ദ്രങ്ങള്‍ തുറക്കുന്നത് കൂടുതല്‍ ടെക്കികളെ കേരളത്തിലെ ഐടി പാര്‍ക്കുകളിലേക്ക് ആകര്‍ഷിക്കുമെന്നാണ് സര്‍ക്കാര്‍ കണക്കു കൂട്ടല്‍.
നിലവില്‍ തിരുവനന്തപുരം ടെക്‌നോപാര്‍ക്കിന്റെ ഗസ്റ്റ് ഹൗസില്‍ ഒരു ബിയര്‍ പാര്‍ലര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. യുവതയാണല്ലോ വിവിധ ഐടി പാര്‍ക്കുകളില്‍ പ്രധാനമായും ജോലി ചെയ്യുന്നത്. അവര്‍ മറ്റ് സംസ്ഥാനങ്ങളിലെ ഐടി പാര്‍ക്കുകളില്‍ ലഭ്യമായ സൗകര്യങ്ങള്‍ ഇവിടെയും കിട്ടണമെന്ന് ആഗ്രഹിക്കും. മറ്റ് ഐടി കേന്ദ്രങ്ങളിലെ സൗകര്യങ്ങളില്ല ഇവിടെ എന്നത് പോരായ്മയാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാദം. ഇന്ന് ഐടി മേഖലയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിലായിരുന്നു ചോദ്യോത്തരവേളയിലെ പ്രധാന ഊന്നല്‍. അതിലാണ് ഐടി പാര്‍ലറുകളില്‍ വൈന്‍ പാര്‍ലറുകള്‍ തുടങ്ങുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുന്നത്. കുറുക്കോളി മൊയ്തീന്‍ എംഎല്‍എയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.
ഇതോടൊപ്പം സംസ്ഥാനത്തെ ഓരോ ഐടി പാര്‍ക്കുകള്‍ക്കും ഓരോ സിഇഒമാരെ നിയമിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിലവില്‍ മൂന്ന് ഐടി പാര്‍ക്കിനും കൂടി ഒരു സിഇഒ ആണുള്ളത്. തിരുവനന്തപുരം ടെക്‌നോപാര്‍ക്കിനും കൊച്ചി ഇന്‍ഫോ പാര്‍ക്കിനും കോഴിക്കോട് സൈബര്‍ പാര്‍ക്കിനും ഓരോ സിഇഒ ഇനി മുതല്‍ ഉണ്ടാകും.
സര്‍ക്കാരിന്റെ മദ്യപാന നയത്തിനെതിരെ മുന്‍പ് പല ഭാഗത്തു നിന്നും പ്രതിഷേധങ്ങള്‍ മുമ്പ് ഉയര്‍ന്നിരുന്നു. വി എം സുധീരന്‍ അടക്കമുള്ള നേതാക്കള്‍ ഇതിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്ത് എത്തുകയും ചെയ്തിരുന്നു. ടൂറിസ്റ്റുകള്‍ വരാന്‍ അടക്കം മദ്യവ്യാപനം വേണമെന്നത് മുട്ടുന്യായങ്ങളാണെന്ന് വി എം സുധീരന്‍ പറഞ്ഞു. എന്തെങ്കിലും പേര് പറഞ്ഞ് ഇവിടെ ഇടത് സര്‍ക്കാര്‍ മദ്യവ്യാപനം നടപ്പാക്കുകയാണെന്നുമാണ് സുധീരന്റെ ആരോപണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.