ന്യൂഡൽഹി: ശ്രീനഗര്‍-ഷാര്‍ജ വിമാനത്തിന് വ്യോമപാത അനുവദിക്കണമെന്ന് പാകിസ്ഥാനോട് ആവശ്യപ്പെട്ട് ഇന്ത്യ. ഈ വിമാനത്തില്‍ യാത്ര ചെയ്യാന്‍ ടിക്കറ്റ് ബുക്ക് ചെയ്തവരുടെ താല്‍പ്പര്യം പരിഗണിക്കണമെന്ന് ഇന്ത്യ പാകിസ്ഥാനോട് ആവശ്യപ്പെട്ടു.
അതേസമയം കശ്മീരിലെ ശ്രീനഗറില്‍ നിന്നും യുഎഇയിലെ ഷാര്‍ജയിലേക്കുള്ള ഗോ ഫസ്റ്റ് വിമാനത്തിന് പാക് വ്യോമപാത വഴി പോകാനുള്ള അനുമതിക്കായി നയതന്ത്ര വഴികള്‍ തേടുന്നുവെന്നാണ് വ്യോമയാന വൃത്തങ്ങള്‍ പറയുന്നത്. കഴിഞ്ഞമാസം കശ്മീര്‍ സന്ദര്‍ശിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ഈ സര്‍വീസ് ഉദ്ഘാടനം ചെയ്തത്.
കഴിഞ്ഞ ഒക്ടോബര്‍ 23മുതലാണ് സര്‍വീസ് ആരംഭിച്ചത്. ഒക്ടോബര്‍ 31വരെ ഈ സര്‍വീസ് പാകിസ്ഥാന്‍ വ്യോമ പാത വഴിയായിരുന്നു. ചൊവ്വാഴ്ച പാകിസ്ഥാന്‍ തങ്ങളുടെ വ്യോമ പാത കാരണങ്ങള്‍ അറിയിക്കാതെ ഈ സര്‍വീസിന് നിഷേധിക്കുകയായിരുന്നു. 12 വര്‍ഷത്തിന് ശേഷമാണ് യുഎഇയിലേക്ക് ശ്രീനഗറില്‍ നിന്നും നേരിട്ട് വിമാന സര്‍വീസ് ആരംഭിച്ചത്.
പാകിസ്ഥാന്‍ വ്യോമ പാത നിഷേധിച്ചതോടെ 45 മിനുട്ട് കൂടുതല്‍ പറന്ന് ഗുജറാത്ത് വഴിയാണ് ഇപ്പോള്‍ ഗോ ഫസ്റ്റ് വിമാനം ഷാര്‍ജയിലേക്ക് സര്‍വീസ് നടത്തുന്നത്. ഇതിനാല്‍ തന്നെ ടിക്കറ്റ് ചാര്‍ജും വര്‍ധിപ്പിക്കേണ്ടിവരും എന്നാണ് ഗോ ഫസ്റ്റ് എയര്‍ അധികൃതര്‍ നല്‍കുന്ന സൂചന.
ഒക്ടോബര്‍ 23 മുതല്‍ 31വരെ ഈ സര്‍വീസ് നടത്തിയപ്പോള്‍ ഒരു പ്രശ്നവും പാകിസ്ഥാന് ഉണ്ടാക്കാത്തപ്പോലെ ഇപ്പോൾ ഈ സര്‍വീസിന് എന്താണ് പ്രശ്നം എന്ന് പാകിസ്ഥാന്‍ വ്യക്തമാക്കേണ്ടതുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. നയതന്ത്ര വഴിയിലൂടെ പ്രശ്നം പരിഹരിക്കപ്പെടും എന്ന വിശ്വാസത്തിലാണ് ഗോ ഫസ്റ്റ് എയര്‍. അതിനാല്‍ തന്നെ ഔദ്യോഗിക പ്രസ്താവനയൊന്നും ഇവര്‍ ഇറക്കിയിട്ടില്ല.
അതേസമയം വ്യോമപാത നിഷേധിച്ച സംഭവത്തില്‍ വിശദീകരണവുമായി പാകിസ്ഥാന്‍ രംഗത്ത് എത്തിട്ടുണ്ട്. കശ്മീരില്‍ നിന്നും പുറപ്പെടുന്ന അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് പാക് വ്യോമപാത അനുവദിക്കേണ്ടതില്ലെന്നാണ് തീരുമാനമെന്ന് പാകിസ്ഥാന്‍ വിദേശ കാര്യമന്ത്രാലയം വ്യക്തമാക്കി.
'ഇത്തരം സര്‍വീസുകള്‍ക്കുള്ള അനുമതി ഞങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്, ഇതിന്‍റെ സാങ്കേതിക കാര്യങ്ങള്‍ സിവില്‍ ഏവിയേഷന്‍ അതോററ്ററിയാണ് നോക്കുന്നത്. ഇത്തരം സര്‍വീസിന് വ്യോമ പാത നിഷേധിക്കുന്നതിന് വ്യത്യസ്തമായ കാരണങ്ങളുണ്ട്. അത്തരം വിഷയങ്ങള്‍ പൂര്‍ണ്ണമായും വ്യക്തമാക്കാന്‍ സാധ്യമല്ല. ഇപ്പോള്‍ കശ്മീര്‍ സംബന്ധിച്ച തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഈ വിഷയം യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലിന് മുന്നിലാണ്' എന്ന് പാക് വിദേശകാര്യ വക്താവ് വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.