അതിര്‍ത്തികള്‍ തുറക്കുന്നത് അടുത്ത വര്‍ഷം ആദ്യം; കോവിഡ് നിയന്ത്രണങ്ങളില്‍ വ്യക്തത വരുത്തി പടിഞ്ഞാറന്‍ ഓസ്ട്രേലിയ

അതിര്‍ത്തികള്‍ തുറക്കുന്നത് അടുത്ത വര്‍ഷം ആദ്യം; കോവിഡ് നിയന്ത്രണങ്ങളില്‍ വ്യക്തത വരുത്തി പടിഞ്ഞാറന്‍ ഓസ്ട്രേലിയ

പെര്‍ത്ത്: അടുത്ത വര്‍ഷം ജനുവരി അവസാനമോ ഫെബ്രുവരി ആദ്യമോ പടിഞ്ഞാറന്‍ ഓസ്ട്രേലിയന്‍ അതിര്‍ത്തികള്‍ ആഭ്യന്തര, രാജ്യാന്തര യാത്രികര്‍ക്കായി തുറന്നുകൊടുക്കുമെന്ന് പ്രീമിയര്‍ മാര്‍ക്ക് മക്ഗോവന്‍ പ്രഖ്യാപിച്ചു. അതിനു മുന്‍പായി സംസ്ഥാനത്ത് 90 ശതമാനം കോവിഡ് വാക്‌സിനേഷന്‍ നിരക്ക് കൈവരിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിര്‍ത്തികള്‍ തുറക്കുന്നതു സംബന്ധിച്ച് തയാറാക്കിയ പുതിയ മാര്‍ഗരേഖകള്‍ വിശദീകരിക്കുകയായിരുന്നു പ്രീമിയര്‍.

12 വയസിന് മുകളിലുള്ള സംസ്ഥാനത്തെ ജനസംഖ്യയുടെ 90 ശതമാനവും കോവിഡ് പ്രതിരോധ വാക്‌സിന്‍ രണ്ടു ഡോസും സ്വീകരിക്കുമ്പോള്‍ അതിര്‍ത്തി തുറക്കാനാണ് നിലവില്‍ സര്‍ക്കാര്‍ തീരുമാനം. 80 ശതമാനം ആളുകള്‍ വാക്‌സിന്‍ സ്വീകരിച്ചു കഴിയുമ്പോള്‍ അതിര്‍ത്തികള്‍ തുറക്കുന്ന തീയതി പ്രഖ്യാപിക്കും.

ജനങ്ങളുടെ ആരോഗ്യവും സമ്പദ്വ്യവസ്ഥയും സുരക്ഷിതമാക്കിയശേഷം ഏറ്റവും അനുയോജ്യമായ സമയത്താണ് അതിര്‍ത്തികള്‍ തുറന്നുകൊടുക്കുന്നതെന്ന് പ്രീമിയര്‍ പറഞ്ഞു. സംസ്ഥാനത്ത് കോവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍ മികച്ച രീതിയിലാണ് മുന്നോട്ടുപോകുന്നത്. അവസാന നിമിഷം എല്ലാം തകര്‍ക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല.

അതിര്‍ത്തികള്‍ തുറക്കുമ്പോള്‍ പൊതുഗതാഗതം അടക്കം ഉയര്‍ന്ന രോഗവ്യാപന സാധ്യതയുള്ള സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് ഉള്‍പ്പെടെ ചില നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്ന സൂചനയും പ്രീമിയര്‍ നല്‍കി. 80 ശതമാനം വാക്‌സിനേഷന്‍ നിരക്ക് അടുത്ത മാസം കൈവരിക്കാമെന്നാണ് പ്രതീക്ഷ.

നിലവില്‍ സംസ്ഥാനത്ത് 12 വയസിന് മുകളിലുള്ള 80 ശതമാനം പേര്‍ ആദ്യ ഡോസും 64 ശതമാനം പേര്‍ രണ്ടു ഡോസും സ്വീകരിച്ചിട്ടുള്ളവരാണ്. 90 ശതമാനം കൈവരിക്കാന്‍ ഇനി 2,50,000 പടിഞ്ഞാറന്‍ ഓസ്ട്രേലിയക്കാര്‍ കൂടി വാക്‌സിനേഷന്‍ എടുക്കേണ്ടതുണ്ടെന്ന് പ്രീമിയര്‍ വ്യക്തമാക്കി.

ഏകദേശം രണ്ടു വര്‍ഷമായി അടഞ്ഞുകിടക്കുന്ന സംസ്ഥാന അതിര്‍ത്തികളാണ് യാത്രക്കാര്‍ക്കായി തുറന്നുകൊടുക്കാനൊരുങ്ങുന്നത്. സുരക്ഷിതമായും ഉത്തരവാദിത്തത്തോടെയുമായിരിക്കും വെസ്റ്റേണ്‍ ഓസ്ട്രേലിയ ലോകത്തിന് തുറന്നുകൊടുക്കുന്നത്. ധൃതി കൂട്ടുന്നത് അപകട സാധ്യത വര്‍ധിപ്പിക്കുമെന്നും പ്രീമിയര്‍ ഓര്‍മിപ്പിച്ചു.

പൊതുഗതാഗതം, ആശുപത്രികള്‍, വയോജന പരിചരണ കേന്ദ്രങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കും. നിശാ ക്ലബ്ബുകള്‍, കായിക മത്സങ്ങള്‍, കലാപരിപാടികള്‍ തുടങ്ങി 1,000-ത്തിലധികം ആളുകള്‍ പ്രവേശിക്കുന്ന ഇടങ്ങളില്‍ വാക്‌സിന്‍ എടുത്തതിന്റെ തെളിവ് ഹാജരാക്കണം. പൊതുവേദികളില്‍ കോണ്‍ടാക്റ്റ് രജിസ്റ്ററുകള്‍ സൂക്ഷിക്കും.

അബോര്‍ജിനുകള്‍ താമസിക്കുന്ന വിദൂരമേഖലയിലേക്കുള്ള പ്രവേശനം ആവശ്യമെങ്കില്‍ നിയന്ത്രിക്കും. ഇത്തരം നിയന്ത്രണങ്ങള്‍ ഇടക്കാലത്തേക്കാണെന്നും സംസ്ഥാനത്ത് അനിയന്ത്രിതമായ കോവിഡ് വ്യാപനം ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതലാണെന്നും പ്രീമിയര്‍ വ്യക്തമാക്കി.

സംസ്ഥാനത്തേക്കു വരുന്ന ആഭ്യന്തര, രാജ്യാന്തര യാത്രക്കാര്‍ പാലിക്കേണ്ട നിര്‍ദേശങ്ങളും പ്രീമിയര്‍ വിശദീകരിച്ചു.

എല്ലാ യാത്രക്കാരും ജി2ജി പാസ് പൂര്‍ത്തിയാക്കിയിരിക്കണം. രണ്ടും ഡോസ് കോവിഡ് വാക്‌സിനും സ്വീകരിക്കണം. പുറപ്പെടുന്നതിന് 72 മണിക്കൂര്‍ മുമ്പ് കോവിഡ് പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. സംസ്ഥാനത്ത് പ്രവേശിച്ച് 48 മണിക്കൂറിനുള്ളില്‍ കോവിഡ് പരിശോധന വീണ്ടും നടത്തണം എന്നിവയാണ് ആഭ്യന്തര യാത്രക്കാര്‍ക്കുള്ള നിര്‍ദേശങ്ങള്‍.

വിദേശത്തുനിന്ന് എത്തുന്നവരും പുറപ്പെടുന്നതിന് 72 മണിക്കൂര്‍ മുമ്പ് കോവിഡ് പരിശോധന നടത്തി നെഗറ്റീവാണെന്നു തെളിയിക്കണം. സംസ്ഥാനത്തു പ്രവേശിച്ച് 48 മണിക്കൂറിനുള്ളില്‍ ടെസ്റ്റ് നടത്തണം. രണ്ടു ഡോസ് വാക്സിനും എടുത്ത രാജ്യാന്തര യാത്രക്കാര്‍ക്ക് ക്വാറന്റീന്‍ ഒഴിവാക്കും. എന്നാല്‍ വാക്‌സിന്‍ എടുക്കാത്ത യാത്രക്കാര്‍ 14 ദിവസത്തെ ക്വാറന്റീന്‍ പൂര്‍ത്തിയാക്കണം.

ന്യൂ സൗത്ത് വെയില്‍സിലോ വിക്ടോറിയയിലോ താമസിക്കുന്ന ബന്ധുക്കള്‍ക്കൊപ്പം ഈ ക്രിസ്മസ് ആഘോഷിക്കാനാവാത്തതില്‍ ആരും നിരാശപ്പെടരുതെന്നും മക്‌ഗോവന്‍ പറഞ്ഞു. ഈ നിര്‍ദേശങ്ങള്‍ പാലിക്കുന്നത് പടിഞ്ഞാറന്‍ ഓസ്ട്രേലിയയെ സുരക്ഷിതമായി സൂക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം അതിര്‍ത്തികള്‍ തുറന്നുകൊടുക്കുന്ന തീയതി ഒരു തവണ നിശ്ചയിച്ചുകഴിഞ്ഞാല്‍, 90 ശതമാനം വാക്‌സിനേഷന്‍ നിരക്ക് കൈവരിച്ചില്ലെങ്കിലും ഇനി മാറ്റമുണ്ടാകില്ലെന്ന് പ്രീമിയര്‍ അറിയിച്ചു. എന്നാല്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിക്കും. പൊതു ഇടങ്ങളിലും ജോലിസ്ഥലങ്ങളിലും നിയന്ത്രണങ്ങള്‍ പരമാവധി ഒഴിവാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.