വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ്; വാംഖഡേയ്ക്കെതിരെ പരാതിയുമായി ദളിത് സംഘടനകള്‍

വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ്; വാംഖഡേയ്ക്കെതിരെ പരാതിയുമായി ദളിത് സംഘടനകള്‍

മുംബൈ: നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ മുംബൈ സോണല്‍ ഡയറക്ടര്‍ സമീര്‍ വാംഖഡേയ്ക്കെതിരെ പരാതിയുമായി ദളിത് സംഘടനകള്‍. തെറ്റായ ജാതി സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചാണ് വാംഖഡേ സര്‍ക്കാര്‍ ജോലി നേടിയതെന്നാണ് പരാതിയില്‍ പറയുന്നത്. സ്വാഭിമാനി റിപ്പബ്ലിക്കന്‍ പാര്‍ട്ടി, ഭീം ആര്‍മി എന്നീ സംഘടനകളാണ് പരാതി നല്‍കിയത്.

എസ്.സി വിഭാഗത്തില്‍ ഉള്‍പ്പെടുന്നുവെന്ന് കാണിക്കുന്ന വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് സര്‍ക്കാര്‍ ജോലി ലഭിക്കാനായി വാംഖഡേ സമര്‍പ്പിച്ചെന്നാണ് ഇവരുടെ ആരോപണം. കുറച്ചു ദിവസം മുന്‍പ് മഹാരാഷ്ട്രാ മന്ത്രിയും എന്‍.സി.പി നേതാവുമായ നവാബ് മാലിക്കും വാംഖഡേയ്ക്ക് എതിരെ സമാനമായ ആരോപണം ഉന്നയിച്ചിരുന്നു.

വാംഖഡേയുടെ മതത്തെ കുറിച്ചല്ല താന്‍ വെളിപ്പെടുത്താന്‍ ഉദ്ദേശിക്കുന്നതെന്നും ഐ.ആര്‍.എസ് ലഭിക്കുന്നതിന് വ്യാജ സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്താന്‍ കാണിച്ച തട്ടിപ്പുകളിലേക്ക് വെളിച്ചം വീശാനാണ് ഉദ്ദേശിക്കുന്നതെന്നുമാണ് അന്ന് മാലിക് പറഞ്ഞത്. വാംഖഡേ അങ്ങനെ ചെയ്തതിലൂടെ എസ്.സി വിഭാഗത്തില്‍പ്പെട്ട, അര്‍ഹരായ ഒരാളുടെ അവസരം നിഷേധിച്ചുവെന്നും മാലിക് ആരോപിച്ചിരുന്നു.

വാംഖഡേയുടെ ജനന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും ട്വിറ്ററിലൂടെ നവാബ് മാലിക്ക് പങ്കുവെച്ചിരുന്നു. മുസ്ലിമായി ജനിച്ച വാംഖഡേയ്ക്ക് എസ്.സി വിഭാഗത്തിലൂടെ ഐ.ആര്‍.എസില്‍ പ്രവേശിക്കാന്‍ സാധിക്കില്ലെന്നായിരുന്നു ഇതിലൂടെ മാലിക് ഉയര്‍ത്തിയ വാദം.

വാംഖഡേയുടെ പിതാവ് ദളിത് കുടുംബത്തില്‍ ജനിച്ചയാളാണെന്നും മുസ്ലിം വനിതയെ വിവാഹം കഴിക്കാന്‍ ആ മതത്തിലേക്ക് ചേരുകയും ദാവൂദ് എന്ന പേര് സ്വീകരിക്കുകയുമായിരുന്നുവെന്ന് മാലിക് വ്യക്തമാക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.