ജോജുവിന്റെ വാഹനം തകര്‍ത്ത കേസ്; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

 ജോജുവിന്റെ വാഹനം തകര്‍ത്ത കേസ്; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

കൊച്ചി: കോണ്‍ഗ്രസ് സമരത്തിനിടെ പ്രതിഷേധവുമായി എത്തിയ നടന്‍ ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്ത സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷെരീഫാണ് അറസ്റ്റിലായതെന്ന് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. കേസുമായി ബന്ധപ്പെട്ട് നേരത്തെ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പിടിയിലായിരുന്നു. ഇതോടെ സംഭവത്തില്‍ അറസ്റ്റിലായവരുടെ എണ്ണം രണ്ടായി.

അതേസമയം ജോജുവും എറണാകുളം ഡിസിസിയും തമ്മില്‍ നടന്ന ഒത്തു തീര്‍പ്പ് ചര്‍ച്ചകള്‍ പരാജയപ്പെട്ടു. തനിക്കെതിരെ നടത്തിയ അപകീര്‍ത്തിപരമായ പ്രസ്താവനകള്‍ പിന്‍വലിക്കണണെന്നായിരുന്നു ജോജുവിന്റെ ആവശ്യം. എന്നാല്‍ ജില്ലാ നേതൃത്വം നടന്റെ ആവശ്യത്തിന് വഴങ്ങാന്‍ തയാറായില്ല. തുടര്‍ന്നാണ് താരം കേസുമായി മുന്നോട്ട് പോകാമെന്ന തീരുമാനത്തിലെത്തിയത്.

ജോജുവിന്റെ വാഹനം തടഞ്ഞ് ആക്രമിച്ചത് മുന്‍ മേയര്‍ ടോണി ചമ്മിണിയുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണെന്നാണ് പൊലീസ് എഫ്‌ഐആറില്‍ പറയുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ ജോജുവിന്റെ കാറിന് ആറ് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായും പൊലീസ് വ്യക്തമാക്കി. ഒരു കോടിയോളം രൂപ വില വരുന്ന ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ കാറിന്റെ പിന്നിലെ ചില്ലാണ് അടിച്ചു തകര്‍ത്തത്.

കഴിഞ്ഞ രണ്ടാം തിയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇന്ധന വില വര്‍ധനവിനെതിരെ വൈറ്റില മുതല്‍ ഇടപ്പള്ളി വരെ ഗതാഗതം സ്തംഭിപ്പിച്ച് സമരം ചെയ്യുകയായിരുന്നു കോണ്‍ഗ്രസ്. എന്നാല്‍ സമരത്തിനെതിരെ പരസ്യ പ്രതിഷേധവുമായ ജോജു എത്തുകയും പിന്നീടത് വലിയ സംഘര്‍ഷത്തിലേക്ക് നീങ്ങുകയുമായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.