ഇന്ധന വില കൂട്ടി ജനങ്ങളെ പിഴിയല്‍:ട്വന്റി ട്വന്റി ക്രിക്കറ്റിനെ വെല്ലുന്ന മല്‍സരത്തില്‍ ഇന്ത്യയും പാകിസ്താനും

 ഇന്ധന വില കൂട്ടി ജനങ്ങളെ പിഴിയല്‍:ട്വന്റി ട്വന്റി ക്രിക്കറ്റിനെ വെല്ലുന്ന മല്‍സരത്തില്‍ ഇന്ത്യയും പാകിസ്താനും


ഇസ്ലാമാബാദ് :താങ്ങാനാകാത്ത ഇന്ധന വില മൂലം ജനങ്ങളെ വിഷമിപ്പിക്കുന്നതില്‍ ഇന്ത്യയുമായി മല്‍സരിച്ച് പാകിസ്താന്‍. ദീപാവലി സമ്മാനമായി മോഡി സര്‍ക്കാര്‍ ഇന്ധനവില ഇത്തിരി കുറച്ചപ്പോള്‍ വര്‍ദ്ധിച്ചു വരുന്ന കടബാദ്ധ്യത തരണം ചെയ്യാന്‍ ഇന്ധന വിലയില്‍ കനത്ത വര്‍ദ്ധനയാണ് ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ചരിത്രത്തില്‍ ആദ്യമായാണ് പാകിസ്താന്‍ ഇത്തരത്തില്‍ ഇന്ധനവില ഒറ്റയടിക്ക് വര്‍ദ്ധിപ്പിക്കുന്നത് .

എല്ലാ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെയും വില ലിറ്ററിന് 110 പാകിസ്താന്‍ രൂപയ്ക്ക് മുകളിലായിക്കഴിഞ്ഞു. രാജ്യത്ത് കടം പെരുകുന്നതിനാലാണ് ഇങ്ങനെ ഒരു തീരുമാനം എടുക്കേണ്ടി വരുന്നത് എന്നാണ് ഇതിന് ഇമ്രാന്‍ ഖാന്‍ നല്‍കുന്ന ന്യായീകരണം.എങ്കിലും ഇന്ത്യന്‍ കറന്‍സിയും പാക് കറന്‍സിയും തമ്മിലുള്ള മൂല്യ വ്യത്യാസം നോക്കുമ്പോള്‍ പാകിസ്താനിലാണ് വിലക്കുറവെന്ന് ഇമ്രാന്‍ പറഞ്ഞു.പെട്രോള്‍ വില ലിറ്ററിന് 138 രൂപ എന്നത് അത്ര വലുതൊന്നുമല്ലെന്നും ഇമ്രാന്‍ വാദിക്കുന്നു.

വെള്ളിയാഴ്ച പുലര്‍ച്ചെയാണ് പാക് ധനകാര്യ മന്ത്രാലയം ഇന്ധന വില വര്‍ദ്ധിപ്പിക്കുന്ന തീരുമാനം പ്രഖ്യാപിച്ചത്. അന്താരാഷ്ട്ര നാണയ നിധിയില്‍ നിന്നും സാമ്പത്തിക സഹായം ഉറപ്പാക്കാനാണ് പാകിസ്താന്‍ പെട്രോള്‍ വിലകൂട്ടുന്നത് എന്നും റിപ്പോര്‍ട്ടുണ്ട് . പാകിസ്താനില്‍ പെട്രോള്‍ വില ലിറ്ററിന് 8.03 രൂപ വര്‍ധിപ്പിച്ചപ്പോള്‍ ഡീസല്‍ വില ലിറ്ററിന് 8.14 രൂപ വര്‍ധിപ്പിച്ചു. മണ്ണെണ്ണ വില 6.27 രൂപയും ലൈറ്റ് ഡീസല്‍ ഓയില്‍ ലിറ്ററിന് 5.72 രൂപയും കൂട്ടി.

വര്‍ദ്ധിച്ചുവരുന്ന കടബാദ്ധ്യത പരിഹരിക്കാന്‍ പെട്രോള്‍ വില വര്‍ധിപ്പിക്കേണ്ടതുണ്ടെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞു. 'പെട്രോള്‍ വില വര്‍ധിച്ചുവെന്ന് നിങ്ങള്‍ പറയുമ്പോള്‍, പാകിസ്താനില്‍ ഇത് കുറഞ്ഞ വിലയാണ്. പക്ഷേ ഇന്ധന വില വര്‍ദ്ധിപ്പിക്കണം, അല്ലാത്തപക്ഷം നമ്മുടെ കടം വര്‍ദ്ധിക്കും പാകിസ്താനില്‍ ഞങ്ങള്‍ ഇന്ധനം വില്‍ക്കുന്നത് 138 രൂപയ്ക്കാണ് . ഒരു പാക്ക് രൂപയുടെ മൂല്യം 44 ഇന്ത്യന്‍ പൈസയാണെന്നോര്‍ക്കണം' ഇമ്രാന്‍ ഖാന്റെ വാദം ഇങ്ങനെ.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.