ഓസ്‌ട്രേലിയയില്‍ മനഃപൂര്‍വം കാട്ടുതീ പടര്‍ത്താന്‍ ശ്രമിച്ച സ്ത്രീക്കെതിരേ കേസെടുത്തു

ഓസ്‌ട്രേലിയയില്‍ മനഃപൂര്‍വം കാട്ടുതീ പടര്‍ത്താന്‍ ശ്രമിച്ച  സ്ത്രീക്കെതിരേ കേസെടുത്തു

അഡ്‌ലെയ്ഡ്: സൗത്ത് ഓസ്ട്രേലിയന്‍ സംസ്ഥാനത്ത് കാട്ടുതീ പടര്‍ത്താന്‍ മനപൂര്‍വം ശ്രമിച്ച സ്ത്രീക്കെതിരെ കേസെടുത്തു. യോര്‍ക്ക് പെനിന്‍സുലയില്‍ ഇന്നലെ ഉച്ചയ്ക്കുശേഷമാണ് സംഭവം. ആറിടത്താണ് 48 വയസുകാരിയായ സ്ത്രീ പുല്ലിന് തീകത്തിച്ചത്.

ഏകദേശം മൂന്നു മണിയോടെയാണ് അഗറി പ്രദേശത്ത് പുല്ലിന് തീപിടിച്ചതായുള്ള വിവരം അടിയന്തര സേവന വിഭാഗത്തിനു ലഭിക്കുന്നത്. ഒരു മണിക്കൂറിനുള്ളില്‍ മറ്റ് അഞ്ച് സ്ഥലങ്ങളില്‍കൂടി തീപിടിത്തം ഉണ്ടായി. അഗറിക്കും യുറേനിയയ്ക്കും ഇടയില്‍ 40 കിലോമീറ്റര്‍ ചുറ്റളവിലാണ് തീപിടത്തങ്ങള്‍ ഉണ്ടായത്.

അഗ്‌നിശമന സേനാംഗങ്ങള്‍ തീ ഉടന്‍തന്നെ നിയന്ത്രണവിധേയമാക്കി. കൃഷിയില്ലാത്ത ഭൂമിയായതിനാല്‍ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സ്ത്രീക്കെതിരെ ആറിടങ്ങളില്‍ മനഃപൂര്‍വം തീയിടാന്‍ ശ്രമിച്ചതിനാണ് കുറ്റം ചുമത്തിയിരിക്കുന്നത്. തിങ്കളാഴ്ച ഇവരെ കോടതിയില്‍ ഹാജരാക്കും.

കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ യോര്‍ക്ക് പെനിന്‍സുലയില്‍ കാട്ടുതീ അപകടത്തിന് അനുകൂലമായ താപനിലയാണുള്ളത്. 2019 നവംബറില്‍ ലോവര്‍ യോര്‍ക്ക് പെനിന്‍സുലയിലുണ്ടായ കാട്ടുതീയില്‍ 11 വസ്തുവകകള്‍ കത്തിനശിച്ചിരുന്നു.

ഓസ്ട്രേലിയയില്‍ ഭൂപ്രകൃതിയെയും ജീവജാലങ്ങളെയും അഗ്‌നിക്കിരയാക്കി 2019 അവസാനവും കഴിഞ്ഞ വര്‍ഷം ആദ്യവുമായി കാട്ടുതീ കത്തിപ്പടര്‍ന്നിരുന്നു. 34 പേരുടെ ജീവനെടുത്ത കാട്ടുതീ ഓസ്‌ട്രേലിയയില്‍ ഒരു കോടിയിലധികം ഹെക്ടര്‍ സ്ഥലമാണ് ചാമ്പലാക്കിയത്. 3500 വീടുകള്‍ കത്തിനശിച്ചു. പല ജീവിവര്‍ഗങ്ങളും ഇല്ലാതായി.

പതിനായിരക്കണക്കിന് വര്‍ഷങ്ങളായി എല്ലാ വര്‍ഷവും തന്നെ ഓസ്‌ട്രേലിയയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രതിഭാസമാണ് കാട്ടുതീ. അന്തരീക്ഷ ഊഷ്മാവ് താരതമ്യേന കൂടുകയും അന്തരീക്ഷത്തിലെ ജലകണികകളുടെ അളവ് കുറയുകയും കാറ്റിന്റെ വേഗത കൂടുകയും ചെയ്യുമ്പോള്‍ ചില വര്‍ഷങ്ങളില്‍ ചില പ്രദേശങ്ങളില്‍ അത് മാരകമാകാറുണ്ട്. സാധാരണയായി ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ഓസ്‌ട്രേലിയായിലെ വേനല്‍ക്കാലം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.