പ്രേക്ഷകരുടെ കണ്ണുനനയിച്ച് 'ജയ് ഭീമിൻ' ; സെങ്കനിയായി മനസ് കവർന്ന് ലിജോ മോൾ

പ്രേക്ഷകരുടെ കണ്ണുനനയിച്ച് 'ജയ് ഭീമിൻ' ; സെങ്കനിയായി മനസ് കവർന്ന് ലിജോ മോൾ

മികച്ച പ്രതികരണങ്ങളുമായി ആമസോണില്‍ റിലീസ് ചെയ്ത പുതിയ ചിത്രം 'ജയ് ഭീമിൻ'. തമിഴ് സൂപ്പര്‍സ്റ്റാര്‍ സൂര്യ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന ചിത്രത്തിന് മലയാളി പ്രേക്ഷകര്‍ക്കിടയില്‍ മികച്ച സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്. ചിത്രത്തില്‍ മലയാളി താരം ലിജോ മോളുടെ പ്രകടനം ഏറെ ശ്രദ്ധ നേടി.

1993-ല്‍ തമിഴ്‌നാട്ടിലെ കമ്മാപുരം എന്ന ചെറിയ ഗ്രാമത്തില്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ പോരാട്ടത്തിന്റെയും അതിജീവനത്തിന്റെയും കൂടെ കഥയാണ് ജയ് ഭീം. പൊലീസ് കള്ളക്കേസ് ചുമത്തി ലോക്കപ്പ് മര്‍ദ്ദനത്തിന് വിധേയമാക്കിയ തന്റെ ഭര്‍ത്താവിനെ അന്വേഷിച്ച്, നീതി തേടി ഇറങ്ങിയ ഇരുള വിഭാഗത്തില്‍ പെട്ട സെങ്കനി എന്ന യുവതിയുടെയും അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച ചന്ദ്രുവെന്ന അഭിഭാഷകന്റെയും പോരാട്ടത്തിന്റെ കഥയാണ് ജയ് ഭീം പറയുന്നത്. അഭിഭാഷകനായി സൂര്യ വേഷമിട്ടപ്പോള്‍ സെങ്കനി എന്ന ശക്തമായ കഥാപാത്രമായാണ് ലിജോ മോള്‍ എത്തിയത്.

ലിജോമോളും രജിഷ വിജയനും മലയാളികളാണ്. നാലഞ്ച് വര്‍ഷമായി നമുക്ക് മുന്നിലുമുണ്ട്. ഇവരുടെ കഴിവിനെ പൂര്‍ണമായും പ്രയോജനപ്പെടുത്തിയിരിക്കുകയാണ് ജയ് ഭീം എന്ന സിനിമയിലൂടെ. ജയ് ഭീമിലെ സെങ്കനിയായി ജീവിച്ചു തീര്‍ത്ത ലിജോമോളുടെ അവതരണം ഔട്ട്സ്റ്റാന്റിങ് എന്ന് പറഞ്ഞു പോയാല്‍ അത് കുറഞ്ഞു പോകും. സിനിമ കണ്ടു കഴിയുമ്പോൾ സെങ്കനിയും ലിജോമോളും പ്രേക്ഷകന്റെ കൂടെ പോരും. പ്രേക്ഷകന്റെ മനസ് കീഴടക്കുന്ന അഭിനയമാണ് ജയ് ഭീം എന്ന സിനിമയിലൂടെ ലിജോ മോൾ കാഴ്ചവച്ചത്.

കര്‍ണന്‍ പോലുള്ള മികച്ച ചിത്രത്തിലെ നായിക വേഷത്തിലൂടെ തമിഴില്‍ അരങ്ങേറിയ രജിഷ വിജയന്‍ തന്റെ രണ്ടാമത്തെ ചിത്രത്തില്‍ നായിക അല്ലാതിരുന്നിട്ടും ആ കഥയുടെയും സിനിമയുടെയും പ്രാധാന്യം മനസ്സിലാക്കി തനിക്ക് ലഭിച്ച മൈത്രേയ എന്ന കഥാപാത്രമായി പകര്‍ന്നാടിയിരിക്കുന്നു. 

കേരളത്തിലെ മന്ത്രിമാര്‍ ഉള്‍പ്പടെയുളള പല ഇടതു നേതാക്കളും ചിത്രം കണ്ട് മികച്ച അഭിപ്രായമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 'ജയ് ഭീം' എന്ന സിനിമ കണ്ടു, കണ്ണും മനസ്സും നനയിച്ച ചിത്രം എന്ന് മുന്‍ മന്ത്രി കെ.ടി. ജലീല്‍ കുറിച്ചപ്പോള്‍ മനുഷ്യ ഹൃദയമുളള ആര്‍ക്കും കണ്ണ് നിറയാതെ ഈ ചിത്രം കണ്ടിരിക്കാനാവില്ല എന്ന് മന്ത്രി വി. ശിവന്‍കുട്ടി തന്റെ ഫേസ്ബുക്ക് പേജില്‍ കൂട്ടിച്ചേര്‍ത്തു. 

അതേസമയം സൂര്യക്കൊപ്പം 'ജയ് ഭീം' എന്ന സിനിമയില്‍ വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രം ചെയ്യാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് നടി ലിജോ മോള്‍ ഇപ്പോള്‍. സിനിമ മേഖലയില്‍ നിന്നുള്ളവരും പ്രേക്ഷകരും തന്നെ അഭിനന്ദിക്കാന്‍ വിളിക്കുന്നുണ്ടെന്നും വലിയ സന്തോഷം തോന്നുന്നെന്നും ലിജോ മോള്‍ പറഞ്ഞു. നടി ജ്യോതികയുടെ വീഡിയോ സന്ദേശം തന്നെ ഞെട്ടിച്ചെന്നും ഏറെ സന്തോഷം തോന്നിയ അഭിനന്ദനം അതാണെന്നും ലിജോ മോള്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.