വോട്ടര്‍മാരുടെ ഷോക്ക് ട്രീറ്റ്‌മെന്റില്‍ ലഭിച്ച 'ദീപാവലി സമ്മാനം'

വോട്ടര്‍മാരുടെ ഷോക്ക് ട്രീറ്റ്‌മെന്റില്‍ ലഭിച്ച                        'ദീപാവലി സമ്മാനം'

പതിരഞ്ഞടുപ്പ് നടന്ന വിവിധ സംസ്ഥാനങ്ങളിലെ ലോക്‌സഭാ, നിയമസഭാ മണ്ഡലങ്ങളിലുള്ള വോട്ടര്‍മാരോട് രാജ്യത്തെ സാധാരണക്കാര്‍ക്ക് ഇപ്പോള്‍ വലിയ മതിപ്പാണ്. നിങ്ങളാണ് യഥാര്‍ത്ഥ ഹീറോസ്. കാരണം നിങ്ങള്‍ നല്‍കിയ ഷോക്ക് ട്രീറ്റ്‌മെന്റിന് ഇത്ര പെട്ടന്ന് ഫലമുണ്ടാകുമെന്ന് സ്വപ്‌നേപി ആരും വിചാരിച്ചതല്ല.

പെട്ടന്നേറ്റ ഷോക്കില്‍ അടിതെറ്റിപ്പോയ കേന്ദ്ര സര്‍ക്കാരിന് പൊടുന്നനേ ബോധോദയമുണ്ടായി. അങ്ങനെ 'ദീപാവലി സമ്മാന'മെന്ന പേരില്‍ ആ പ്രഖ്യാപനം വന്നു. 'പെട്രോളിന് ലിറ്ററിന് അഞ്ചു രൂപയും ഡീസലിന് പത്തു രൂപയും കുറച്ചിരിക്കുന്നു'.

കോവിഡ് മഹാമാരിയില്‍ ജനം നട്ടം തിരിഞ്ഞപ്പോള്‍ പോലും പെട്രോളിന് പതിനഞ്ചും ഡീസലിന് പതിമൂന്നും രൂപ വരെ കൂട്ടി 'ജനസേവനം' നടത്തിയ മോഡി സര്‍ക്കാരിന് ഉപതിരഞ്ഞെടുപ്പിലെ പരാജയ കാരണങ്ങളെക്കുറിച്ച് കൂടുതല്‍ തല പുകയ്‌ക്കേണ്ടി വന്നില്ല. മോഡിയുടെ പ്രസംഗ ചാതുരിയും അമിത് ഷായുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങളുമൊന്നും കുടുംബ ബജറ്റ് താറുമാറായ സാധാരണക്കാരന്റെ തലയില്‍ കയറിയില്ല.

അതിനു വ്യക്തമായ ഉദാഹരണമാണ് ബിജെപി ദേശീയ പ്രസിഡന്റ് ജെ.പി നഡ്ഡയുടെ തട്ടകമായ ഹിമാചല്‍ പ്രദേശില്‍ ഏറ്റ കനത്ത തിരിച്ചടി. 2019 ല്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന സ്വരൂപ് ശര്‍മ നാല് ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ച മണ്ഡി ലോക്‌സഭാ മണ്ഡലമാണ് അദ്ദേഹത്തിന്റെ മരണത്തെ തുടര്‍ന്നു നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തിരിച്ചു പിടിച്ചത്. മാത്രമല്ല നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് വിജയക്കൊടി പാറിച്ചു.

ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് പാര്‍ട്ടി പെട്ടന്ന് വളര്‍ന്ന് പന്തലിച്ചതല്ല ഈ വിജയത്തിന് പിന്നിലെന്ന് ഏവര്‍ക്കുമറിയാം. ഇന്ധന, പാചകവാതക വില വര്‍ധനവടക്കമുള്ള ബിജെപി സര്‍ക്കാരിന്റെ ജനവിരുദ്ധ നടപടികള്‍ക്കെതിരായ പ്രതിക്ഷേധമായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ വിജയം. ഉപതിരഞ്ഞെടുപ്പു നടന്ന രാജസ്ഥാനിലും പശ്ചിമബംഗാള്‍, മഹാരാഷ്ട്ര, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങലിലും കണ്ടത് അതാണ്. അസം മാത്രമാണ് ബിജെപിക്ക് അല്‍പം ആശ്വാസം നല്‍കിയത്.

ഇപ്പോഴുണ്ടായ പരാജയത്തേക്കാള്‍ ബിജെപി ഭയക്കുന്നത് യുപി അടക്കം അഞ്ച് സംസ്ഥാനങ്ങളില്‍ അടുത്ത വര്‍ഷം ആദ്യം നടക്കുന്ന തിരഞ്ഞെടുപ്പിനെയാണ്. ബി.ജെ.പി ഭരിക്കുന്ന ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ എന്നിവിടങ്ങളിലും കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബിലുമാണ് തിരഞ്ഞെടുപ്പ് വരുന്നത്. ഭരണ വിരുദ്ധ വികാരങ്ങള്‍ എല്ലാ സംസ്ഥാനങ്ങളിലുമുണ്ട്.

വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷക പ്രക്ഷോഭവും ലഖിംപൂരിലെ കര്‍ഷക കൂട്ടക്കൊലയും യോഗിയുടെ യുപിയില്‍ ബിജെപിയുടെ നില പരുങ്ങലിലാക്കിയിട്ടുണ്ട്. അതുകൊണ്ടു തന്നെയാണ് കേന്ദ്ര സര്‍ക്കാര്‍ ഇന്ധന വില കുറച്ചതിന് തൊട്ടു പിന്നാലെ സര്‍ക്കാര്‍ വക നികുതിയിളവും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചത്.

എന്തായാലും അധിക കാലം ആരെയും പറഞ്ഞു പറ്റിക്കാനാവില്ലെന്ന തിരിച്ചറിവാണ് ഇന്ധന വിലയില്‍ ചെറിയൊരു ആശ്വാസമെങ്കിലും നല്‍കാന്‍ മോഡി സര്‍ക്കാരിനെ പ്രേരിപ്പിച്ചത് എന്നു നിശ്ചയം. ശിവസേന എംപി സഞ്ജയ് റാവത്തിന്റെ നിരീക്ഷണം ഈ സാഹചര്യത്തില്‍ ഏറെ പ്രസക്തമാണ്. 'ഇന്ധന വില അമ്പത് രൂപയിലെത്തണമെങ്കില്‍ ബിജെപി ഇനിയും തോല്‍ക്കണം'.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.