മാര്‍ സില്‍വസ്റ്റര്‍ രണ്ടാമന്‍: ശാസ്ത്രജ്ഞനായ മാര്‍പാപ്പ

മാര്‍ സില്‍വസ്റ്റര്‍ രണ്ടാമന്‍: ശാസ്ത്രജ്ഞനായ മാര്‍പാപ്പ

ശാസ്ത്ര വളര്‍ച്ചയില്‍ ക്രൈസ്തവ സഭയുടെ സംഭാവനകളെക്കുറിച്ച്  ഫാ. ജോസഫ് ഈറ്റോലില്‍ തയ്യാറാക്കിയ ലേഖന പരമ്പരയുടെ പതിനാലാം ഭാഗം.

ഫ്രാന്‍സില്‍ ഓറിയക് എന്ന സ്ഥലത്ത് 940-950 കാലയളവില്‍ ജനിച്ച ജെര്‍ബെര്‍ട് ഓറിയകിന് ചെറുപ്പം മുതലേ ദൈവ വിശ്വാസത്തില്‍ പരിശീലനം ലഭിച്ചിരുന്നു. ശാസ്ത്രജ്ഞന്മാര്‍ക്കിടയിലെ മാര്‍പാപ്പ എന്നും മാര്‍പാപ്പാമാര്‍ക്കിടയിലെ ശാസ്ത്രജ്ഞന്‍ എന്നും വിശേഷിപ്പിക്കപ്പെടാവുന്ന വ്യക്തിയാണ് ജെര്‍ബെര്‍ട് ഓറിയക്.

സഭയും മാര്‍പാപ്പാമാരും ശാസ്ത്രത്തിനു വിരുദ്ധരാണ് എന്ന് ചിന്തിക്കുന്നവര്‍ക്ക് മാര്‍പാപ്പാമാര്‍ ശാസ്ത്രത്തോട് ആഭിമുഖ്യം കാണിക്കുന്നതും ശാസ്ത്രജ്ഞനായിരിക്കുന്നതും ഒന്ന് കണ്ണ് തുറക്കാനുള്ള അവസരമായിരിക്കും. സിസെറോ, വിര്‍ജില്‍, അരിസ്റ്റോട്ടില്‍ തുടങ്ങിയ മഹാരഥന്മാരെ വായിക്കുകയും അറിയുകയും ചെയ്ത അദ്ദേഹം നവോഥാന കാലത്തിനു മുമ്പുതന്നെ ഒരു മാനവികനായിരുന്നു. ജീവിത കാലഘട്ടം താരതമ്യേന ചെറുതായിരുന്നെങ്കിലും വലിയ സംഭാവനകള്‍ സഭയ്ക്കും ശാസ്ത്രത്തിനും ചെയ്യാന്‍ പരിമിതമായ സമയം കൊണ്ട് അദ്ദേഹത്തിന് സാധിച്ചു.

പതിനേഴാം വയസില്‍ അദ്ദേഹം തന്റെ സമീപത്തുള്ള ഒരു ആശ്രമത്തില്‍ ചേര്‍ന്നു. സഭാ സേവനത്തിന്റെ ആദ്യ പാഠങ്ങള്‍ അവിടെ നിന്നു ലഭിച്ചു. പിന്നീട് ഒരു സ്പാനിഷ് മിഷനറി അദ്ദേഹത്തെ സ്‌പെയിനിലേക്ക് കൊണ്ടുപോയി. അവിടെയാണ് (ബാഴ്‌സലോണ, സെവിയ്യ തുടങ്ങിയ സ്ഥലങ്ങളില്‍) അറബിക് ഗണിത ശാസ്ത്രത്തിന്റെ പാഠങ്ങള്‍ അഭ്യസിച്ചത്. പഠന കാലയളവിനു ശേഷം അദ്ദേഹം ഓട്ടോ ഒന്നാമന്‍ രാജാവിന്റെ ഉപദേശകനായി കുറച്ചുകാലം ചിലവഴിച്ചു. റൈന്‍സ് എന്ന സ്ഥലത്തും ഉപദേശകനായും അധ്യാപകനായും ജോലി ചെയ്തു.

ഉപദേശകനായി ചിലവഴിച്ച കാലം മുഴുവന്‍ ആത്മാര്‍ത്ഥമായി പഠനത്തിന് അദ്ദേഹം സമയം ചിലവഴിച്ചു. 999 ല്‍ പാപ്പാ സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ടു. അദ്ദേഹം സില്‍വസ്റ്റര്‍ രണ്ടാമന്‍ പാപ്പ എന്ന പേരാണ് സ്വീകരിച്ചത്. ഫ്രാന്‍സില്‍ നിന്നുള്ള ആദ്യത്തെ മാര്‍പാപ്പയാണ് അദ്ദേഹം. തുടര്‍ന്നുള്ള കാലഘട്ടം അബാക്കസ്, അറബിക് ഗണിത ശാസ്ത്രം, ജ്യോതി ശാസ്ത്രം എന്നിവ യൂറോപ്പില്‍ വീണ്ടും പ്രചാരത്തിലാക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചു.

സില്‍വസ്റ്റര്‍ രണ്ടാമന്‍ പാപ്പ ആവിഷ്‌കരിച്ച അബാക്കസ് 1000 കാരക്റ്റര്‍ ഉള്ളതായിരുന്നു. മൃഗത്തിന്റെ കൊമ്പ് കൊണ്ട് നിര്‍മിക്കപ്പെട്ടിരുന്ന ഈ അബാക്കസ് 27 ആയാണ് വിഭജിക്കപ്പെട്ടിരുന്നത്. ഒമ്പത് അക്കങ്ങളുള്ള ഗണങ്ങളായാണ് അവ തിരിച്ചിരുന്നത്. ഒന്ന് മുതല്‍ ഒന്‍പത് വരെയുള്ള അക്കങ്ങളാണ് അവയില്‍ ഉണ്ടായിരുന്നത്. പൂജ്യം എന്ന അക്കത്തിന് പകരം ഒരു ശൂന്യമായ സ്ഥലമാണ് അബാക്കസില്‍ നല്‍കിയിരുന്നത്. 10 അടിസ്ഥാനമാക്കിയുള്ള സംഖ്യാ ശാസ്ത്രം യൂറോപ്പില്‍ പുനരാവിഷ്‌കരിച്ചതില്‍ അദ്ദേഹത്തോടാണ് ചരിത്രം കടപ്പെട്ടിരിക്കുന്നത്.

അന്നത്തെ കാലത്ത് ആളുകള്‍ക്ക് ചിന്തിക്കാന്‍ കഴിയാതിരുന്ന വേഗത്തില്‍ കണക്കുകള്‍ ചെയ്യാന്‍ ഈ അബാക്കസ് ഉപയോഗിച്ചു അദ്ദേഹത്തിന് സാധിച്ചിരുന്നു. സ്പാനിഷുകാരനായ ഒരു അറബിയില്‍ നിന്നാണ് അബാക്കസിന്റെ ആശയംസ്വീകരിച്ചത് എന്നതാണ് പൊതുമതം. പതിനൊന്നാം നൂറ്റാണ്ടോടുകൂടി യൂറോപ്പില്‍ അബാക്കസിന്റെ ഉപയോഗം വീണ്ടും ആരംഭിച്ചതിന്റെ പ്രധാന കാരണക്കാരന്‍ സില്‍വസ്റ്റര്‍ രണ്ടാമന്‍ പാപ്പയാണ്. ഇന്ന് നാം ഉപയോഗിക്കുന്ന കൂട്ടാനും കുറക്കാനും ഗുണിക്കാനും ഹരിക്കാനുമുള്ള ഗണിത ശാസ്ത്ര പ്രവൃത്തികളുടെ ആദ്യ അല്‍ഗോരിതം അദ്ദേഹത്തിന്റെ അബാക്കസില്‍ കാണാന്‍ സാധിക്കും.

 Libellus de numerorum divisione, De geometria, Regula de abaco computi, Liber abaci, Libellus de rationali et ratione uti എന്നിങ്ങനെ അഞ്ചു ഗ്രന്ഥങ്ങള്‍ ഗണിത ശാസ്ത്രത്തില്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. ഗണിതം, ജ്യാമിതി, ജ്യോതിശാസ്ത്രം, സംഗീതം, വ്യാകരണം, വാചാടോപം, യുക്തി തുടങ്ങിയ വിഷയങ്ങള്‍ ഈ പുസ്തകങ്ങളില്‍ തെളിഞ്ഞുകാണാം. ഇവ കൂടാതെ ദൈവ ശാസ്ത്രത്തിലും അദ്ദേഹം ഈടുറ്റ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.  Sermo de informatione episcoporum, De corpore et sanguine Domini, Selecta e concil. Basol., Remens., Masom., Epistolae ante summum pontificatum scriptae, Epistolae et decreta pontificia  എന്നിവ ഉദാഹരണങ്ങളാണ്.

യവന-റോമന്‍ സംസ്‌കരങ്ങളുടെ പതനത്തിനുശേഷം യൂറോപ്പിന് അന്യമായിരുന്ന ജ്യോതിശാസ്ത്രം യൂറോപ്പിലേക്ക് മടക്കിക്കൊണ്ടുവന്നത് സില്‍വസ്റ്റര്‍ രണ്ടാമന്‍ മാര്‍പാപ്പയാണ്. 360 ഡിഗ്രി ആകാശത്തെ അദ്ദേഹം ആറ് തുല്യ ഭാഗങ്ങളായി വിഭജിച്ചു. ഭൂമധ്യ രേഖ അദ്ദേഹം കണക്കാക്കിയത് വളരെ കൃത്യമായാണ്. ട്രോപിക് ഓഫ് കാന്‍സര്‍ എന്ന 23 ഡിഗ്രിയിലെ രേഖയെ 24 ഡിഗ്രിയിലും അദ്ദേഹം രേഖപ്പെടുത്തി.

നക്ഷത്ര സമൂഹങ്ങളെ നിരീക്ഷിക്കാനും പൊള്ളയായ പൈപ്പുകള്‍ ഉപയോഗിച്ചുള്ള ഒരു സംവിധാനം അദ്ദേഹം രൂപപ്പെടുത്തി. ധ്രുവ നക്ഷത്രത്തെ നിരീക്ഷിക്കാന്‍ അത് ചലിക്കുന്നുണ്ടോ ഇല്ലയോ എന്ന് ശ്രദ്ധിച്ചാല്‍ മതി എന്ന് തന്റെ സഹപ്രവര്‍ത്തകനായ കോണ്‍സ്റ്റാന്റിനെ ഉപദേശിക്കുന്ന പാപ്പാ ധ്രുവ നക്ഷത്രത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകതയാണ് ഇതിലൂടെ വെളിവാക്കുന്നത്.

ചരിത്രത്തിലെ ആദ്യ മെക്കാനിക്കല്‍ ക്ലോക്ക് നിര്‍മിച്ചതും സില്‍വസ്റ്റര്‍ രണ്ടാമന്‍ പാപ്പ തന്നെയാണ്. ഹംഗറി 1938 ലും ഫ്രാന്‍സ് 1964 ലും അദ്ദേഹത്തിന്റെ ചിത്രം ഉള്‍പ്പെടുത്തി പോസ്റ്റല്‍ സ്റ്റാമ്പ് ഇറക്കി എന്നത് ശാസ്ത്രജ്ഞനായ ഈ മാര്‍പ്പാപ്പയുടെ പ്രാധാന്യം വ്യക്തമാക്കുന്നു.

അദ്ദേഹത്തിന്റെ മരണത്തിന്റെ ആയിരത്തോളം വര്‍ഷങ്ങള്‍ക്കു ശേഷമാണു ഇത് സംഭവിച്ചതെന്നത് കലാതിശയിയായ അദ്ദേഹത്തിന്റെ പ്രതിഭയുടെ സാക്ഷ്യമാണ്. 1003 മെയ് 12 നു റോമില്‍ വെച്ചാണ് പാപ്പ കര്‍ത്താവില്‍ വിലയം പ്രാപിച്ചത്. പത്രോസിന്റെ പിന്‍ഗാമികളിലും ശാസ്ത്രാഭിരുചിക്ക് കുറവില്ല എന്നതിന്റെ ഉത്തമ സാക്ഷ്യമാണ് സില്‍വസ്റ്റര്‍ രണ്ടാമന്റെ ജീവിതം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.