ന്യൂഡൽഹി: വയനാട്ടിലെ 'കാർബൺ ന്യൂട്രൽ' മാതൃക രാജ്യവ്യാപകമായി നടപ്പാക്കാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നു. കാലാവസ്ഥാ വ്യതിയാനം ചർച്ച ചെയ്യാൻ ഗ്ലാസ്ഗോയിൽ ചേർന്ന ആഗോള ഉച്ചകോടിയിൽ ഇന്ത്യയുടെ നിലപാട് ലോകശ്രദ്ധ ആകർഷിച്ചതിനു പിന്നാലെയാണ് ഈ തീരുമാനം. വയനാട്ടിലെ മീനങ്ങാടി പഞ്ചായത്താണ് കാർബൺ ന്യൂട്രൽ' മാതൃക ആവിഷ്കരിച്ചത്.
വാഹനങ്ങളിലൂടെയും മറ്റുമുള്ള കാർബൺ വ്യാപനം തടയുന്നതിൽ പ്രാദേശിക സർക്കാരുകൾക്ക് ഏറെ പങ്കുവഹിക്കാനാവും എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്. അന്തരീക്ഷത്തിലേക്കുള്ള ഹരിതഗൃഹ വാതകങ്ങളുടെ ബഹിർഗമനവും സ്വാംശീകരണവും തുല്യമാക്കുന്നതാണ് 'കാർബൺ ന്യൂട്രൽ'.
കാർബൺ ന്യൂട്രൽ പദ്ധതി നടപ്പാക്കിയ ലോകത്തെ ആദ്യപഞ്ചായത്താണ് മീനങ്ങാടിയെന്നും കാനഡ ഉൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളിൽ 'കാർബൺ ന്യൂട്രൽ നഗരം' എന്ന ആശയം രൂപപ്പെട്ടത് ഇതിനുശേഷമാണെന്നും ഡോ. പി.പി. ബാലൻ പറഞ്ഞു. കേന്ദ്ര പഞ്ചായത്തീരാജ് സെക്രട്ടറി സുനിൽകുമാർ വെള്ളിയാഴ്ച വിളിച്ച ഉദ്യോഗസ്ഥരുടെ യോഗത്തിൽ പദ്ധതി വ്യാപിപ്പിക്കുന്നത് തത്ത്വത്തിൽ അംഗീകരിച്ചു. രൂപരേഖ തയ്യാറാക്കാനും പ്രവർത്തന മാനദണ്ഡം നിശ്ചയിക്കാനും മന്ത്രാലയം സീനിയർ കൺസൾട്ടന്റ് ഡോ. പി.പി. ബാലനെ ചുമതലപ്പെടുത്തി.
കേരളത്തിലെ തദ്ദേശസ്വയംഭരണ മന്ത്രി എം.വി. ഗോവിന്ദൻ ഈയിടെ തലസ്ഥാനം സന്ദർശിച്ചപ്പോൾ പഞ്ചായത്തീരാജ് മന്ത്രാലയം സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മീനങ്ങാടി പദ്ധതിയും ചർച്ചയിൽ പരാമർശിക്കപ്പെട്ടു. പിന്നാലെയാണ് കാർബൺ ബഹിർഗമനം സന്തുലിതമാക്കുന്നതിന് പദ്ധതി ദേശവ്യാപകമായി നടപ്പാക്കാൻ തീരുമാനമായത്.
കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുരിതങ്ങൾ ഏറ്റവും കൂടുതൽ അനുഭവിക്കുന്ന ജില്ലകളിലൊന്നായ വയനാട്ടിലെ മീനങ്ങാടിയിൽ 'കാർബൺ സന്തുലനാവസ്ഥ' എന്ന ലക്ഷ്യം കൈവരിക്കാൻ 2016-ലാണ് പദ്ധതി തുടങ്ങിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.