ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്ത കേസ്; കോണ്‍ഗ്രസ് നേതാവ് ടോണി ചമ്മിണി ഉള്‍പ്പടെയുള്ളവര്‍ കീഴടങ്ങി

ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്ത കേസ്; കോണ്‍ഗ്രസ് നേതാവ് ടോണി ചമ്മിണി ഉള്‍പ്പടെയുള്ളവര്‍ കീഴടങ്ങി

കൊച്ചി: ഇന്ധനവില വര്‍ധനക്കെതിരായ പ്രതിഷേധത്തിനിടെ നടന്‍ ജോജു ജോര്‍ജിന്റെ വാഹനം അടിച്ചുതകര്‍ത്ത കേസില്‍ കൊച്ചി മുന്‍ മേയറും കോണ്‍ഗ്രസ് നേതാവുമായ ടോണി ചമ്മിണി കീഴടങ്ങി. മരട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലയിലെ പ്രമുഖ നേതാക്കളോടൊപ്പം പ്രകടനമായി എത്തിയാണ് പ്രതികള്‍ പോലീസിനു മുന്നില്‍ ഹാജരായത്.

ടോണി ചമ്മിണിക്കൊപ്പം കേസില്‍ പ്രതി ചേര്‍ത്തിട്ടുള്ള യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി മനു ജേക്കബ്, മണ്ഡലം പ്രസിഡന്റുമാരായ ജര്‍ജസ്, അരുണ്‍ വര്‍ഗീസ് എന്നിവരാണ് ഹാജരായത്. ഡിസിസി ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉള്‍പ്പടെയുള്ള നേതാക്കള്‍ക്കൊപ്പം പ്രകടനമായെത്തിയാണ് ഇവര്‍ കീഴടങ്ങിയത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പ്രവര്‍ത്തകര്‍ക്കെതിരേ കേസ് എടുത്തിരിക്കുന്നത്. പ്രവര്‍ത്തകര്‍ ജോജു ജോര്‍ജിന്റെ കോലം കത്തിച്ചു.

അതേസമയം തനിക്കെതിരെ വ്യാജ പരാതിയിലാണ് പോലീസ് കേസെടുത്തതെന്ന് ടോണി ചമ്മിണി പ്രതികരിച്ചു. നിയമപരമായും രാഷ്ട്രീയപരമായും നേരിടും. അധികൃതരേയും ജനങ്ങളേയും അറിയിച്ച ശേഷമുള്ള സമരമാണ് ഇന്ധന വില വര്‍ധനയ്‌ക്കെതിരെ കോണ്‍ഗ്രസ് നടത്തിയത്. സാധാരണക്കാരനെ ബാധിക്കുന്ന വിഷയമായതിനാല്‍ സമരവും തീക്ഷണമായിരുന്നു. സമരത്തെ അലങ്കോലപ്പെടുത്താന്‍ ജോജു ശ്രമിച്ചെന്നും ഇതില്‍ പ്രകോപിതരായാണ് പ്രവര്‍ത്തകര്‍ പ്രതികരിച്ചതെന്നും ടോണി ചമ്മിണി പറഞ്ഞു.

കേസില്‍ നേരത്തെ രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ജോജുവിന്റെ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ കാറിന്റെ ചില്ലാണ് അക്രമികള്‍ അടിച്ചുതകര്‍ത്തത്. പോലീസ് എഫ്.ഐ.ആര്‍ പ്രകാരം ആറ് ലക്ഷം രൂപയുടെ നഷ്ടമാണ് കാറിനുണ്ടാക്കിയിരിക്കുന്നത്. കേന്ദ്രം വില കുറച്ചിട്ടും കേരളം ഇന്ധനവിലയിലെ നികുതി കുറയ്ക്കാന്‍ തയ്യാറായില്ല. കോണ്‍ഗ്രസിന്റെ അടുത്ത സമരം സംസ്ഥാന സര്‍ക്കാരിനെതിരെയാണെന്ന് മനസ്സിലാക്കിയപ്പോള്‍ സിപിഎം ജനശ്രദ്ധ തിരിച്ചുവിടാന്‍ നടത്തിയ ഒത്തുകളിയാണിതെന്നും ടോണി ചമ്മിണി ആരോപിച്ചു.

ജോജു ജോര്‍ജ് സിപിഎമ്മിന്റെ ചട്ടുകമായി പ്രവര്‍ത്തിക്കുകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. കോണ്‍ഗ്രസിന്റെ സമരമായതിനാലാണ് ജോജു പ്രതികരിച്ചത്. സംവിധായകന്‍ ബി ഉണ്ണികൃഷ്ണനും സിപിഎമ്മും ചേര്‍ന്നാണ് കേസിലെ ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ അട്ടിമറിച്ചതെന്നും ടോണി ചമ്മിണി ആരോപിച്ചു.

കോണ്‍ഗ്രസിന്റെ സമരത്തെ അലങ്കോലമാക്കിയ ജോജു സിപിഎം ജില്ലാ സമ്മേളന റാലകളില്‍ ജനങ്ങളുടെ ഗതാഗതം തടസപ്പെടുമ്പോള്‍ എതിര്‍പ്പ് പ്രകടിപ്പിക്കുമോയെന്നും ചമ്മിണി ചോദിച്ചു. സിപിഎം റാലിക്കെതിരെ പ്രതികരിച്ചാല്‍ ജോജുവിന്റെ അനുശോചനയോഗം നടത്തേണ്ടിവരുമെന്നും അദ്ദേഹം പരിഹസിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.