ഡോക്ടറേറ്റ് ലഭിച്ചത് കസാക്കിസ്ഥാന്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന്; വിചിത്ര വാദവുമായി ഷാഹിദ കമാല്‍

ഡോക്ടറേറ്റ് ലഭിച്ചത് കസാക്കിസ്ഥാന്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന്; വിചിത്ര വാദവുമായി ഷാഹിദ കമാല്‍

തിരുവനന്തപുരം: വ്യാജഡോക്ടറേറ്റ് ആരോപണത്തില്‍ വിചിത്ര വാദവുമായി വനിത കമ്മീഷന്‍ അംഗം ഡോ ഷാഹിദ കമാല്‍. ഷാഹിദയുടെ ഡോക്ടറേറ്റുമായി ബന്ധപ്പെട്ടുള്ള പരാതിയില്‍ ലോകായുക്തയില്‍ നല്‍കിയ വിശദീകരണത്തിലാണ് വനിതാ കമ്മീഷന്‍ അംഗം വിചിത്രമായ വാദങ്ങള്‍ ഉന്നയിച്ചത്. കസാക്കിസ്ഥാനിലെ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി ഓഫ് കോപ്ലിമെന്ററി മെഡിസിനില്‍ നിന്നാണ് തനിക്ക് ഡോക്ടറേറ്റ് ലഭിച്ചതെന്നാണ് ഷാഹിദാ കമാല്‍ ലോകായുക്തയക്ക് നല്‍കിയ മറുപടിയില്‍ പറയുന്നത്.

സാമൂഹിക രംഗത്ത് താന്‍ നടത്തിയ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയ ഓണറ്റി ഡോക്ടറേറ്റാണിതെന്നാണ് ഷാഹിദയുടെ വിശദീകരണം. തന്റെ വിദ്യാഭ്യാസ യോഗ്യതയില്‍ തെറ്റുകളുണ്ടെന്നും വനിതാ കമ്മീഷനില്‍ ഷാഹിദാ കമാല്‍ സമ്മതിച്ചിട്ടുണ്ട്. 2009 ലും 2011ലും തെരെഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ വിദ്യാഭ്യാസ യോഗ്യത കാണിച്ചതില്‍ പിഴവുണ്ടായെന്നാണ് ഷാഹിദ പറയുന്നത്. കേരള സര്‍വ്വകലാശാലയില്‍ നിന്നും ഡിഗ്രിയുണ്ടെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നല്‍കിയ രേഖ. എന്നാല്‍ 2016-ല്‍ അണ്ണാമല സര്‍വ്വകലാശാലയില്‍ നിന്നുമാണ് താന്‍ ഡിഗ്രി നേടിയതെന്നാണ് ഷാഹിദയുടെ വിശദീകരണം.

വട്ടപ്പാറ സ്വദേശി അഖില ഖാന്‍ നല്‍കിയ പരാതിയിലാണ് ലോകായുക്ത ഷാഹിദാ കമാലിന് നോട്ടീസ് അയച്ചത്. ഷാഹിദ കമാല്‍ വ്യാജ വിദ്യാഭ്യാസ രേഖകള്‍ സമര്‍പ്പിച്ചുവെന്നായിരുന്നു ഹര്‍ജി. ഷാഹിത കമാലിന്റെ ഡോക്ടറേറ്റും വ്യാജമാണെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. വ്യാജരേഖകളുടെ പിന്‍ബലത്തില്‍ ഇല്ലാത്ത വിദ്യാഭ്യാസ യോഗ്യത അവകാശപ്പെട്ട് സര്‍ക്കാരിനെയും ജനങ്ങളെയും ഷാഹിദ കമാല്‍ പറ്റിക്കുന്നുവെന്ന് ആരോപിച്ച് അഖില ഖാന്‍ ഡിജിപിക്കും പരാതി നല്‍കിയിരുന്നു. ബികോം പരീക്ഷ പാസാകാത്ത ഷാഹിദാ കമാലിന് എങ്ങിനെ ഡോക്ടറേറ്റ് കിട്ടിയെന്ന ചോദ്യം അഖിലാ ഖാന്‍ ഉന്നയിച്ചിരുന്നു. ഷാഹിദ ബി.കോം പാസ്സായിട്ടില്ലെന്ന് കേരള സര്‍വകലാശാല നല്‍കിയ വിവരാവകാശ രേഖയുടെ അടിസ്ഥാനത്തിലായിരുന്നു ഇത് .

വിദ്യാഭ്യാസ യോഗ്യത ബികോം എന്നാണ് വനിതാ കമ്മീഷന്‍ അംഗമാകാന്‍ 2017നല്‍കിയ ബയോ ഡേറ്റയില്‍ ഷാഹിദ നല്‍കിയിരിക്കുന്നത്. എന്നാല്‍ പിഎച്ച്ഡി നേടിയതായി 2018 ജൂലൈയില്‍ ഷാഹിദ ഫേസ് ബുക്ക് പോസ്റ്റ് ഇട്ടു. കഴിഞ്ഞ 25ന് എഫ്.ബിയില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പബ്ലിക് അഡ്മിനിട്രേഷനില്‍ പിജിയും കൂടാതെ ഡി ലിറ്റും നേടിയെന്ന് പറയുന്നു.

മുന്നു വര്‍ഷത്തിനിടെ നിലവിലെ വിദ്യാഭ്യാസ വ്യവസ്ഥ അനുസരിച്ച് ഇത് അസാധ്യമാണെന്നും പരാതിക്കാരി ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം ഷാഹിദ കുറ്റം ചെയ്തിട്ടുള്ളതിനാല്‍ നടപടി വേണമെന്നാണ് ആവശ്യം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.