കേസുകള്‍ നിയമപരമായി നേരിടും; തിടുക്കപ്പെട്ട് പ്രതികരിക്കാനില്ലെന്ന് സ്വപ്ന സുരേഷ്

കേസുകള്‍ നിയമപരമായി നേരിടും; തിടുക്കപ്പെട്ട് പ്രതികരിക്കാനില്ലെന്ന് സ്വപ്ന സുരേഷ്

തിരുവനന്തപുരം: തനിക്കെതിരായ കേസുകള്‍ നിയമപരമായി നേരിടുമെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ്. അഭിഭാഷകനുമായി കേസിനെക്കുറിച്ച് വിശദമായി സംസാരിച്ചു. ഇക്കാര്യത്തില്‍ തിടുക്കപ്പെട്ട് പ്രതികരിക്കാനാകില്ലെന്നും സ്വപ്‌ന വ്യക്തമാക്കി. മാധ്യമങ്ങളോട് ഉറപ്പായും സംസാരിക്കുമെന്ന് പറഞ്ഞ സ്വപ്‌ന നേതാക്കളുടെ പേരു പറയാന്‍ സമ്മര്‍ദ്ദം ഉണ്ടായോ എന്ന ചോദ്യത്തിന് പ്രതികരിച്ചില്ല. കേസിനെക്കുറിച്ച് പ്രതികരിക്കാന്‍ മാനസികമായി തയാറെടുക്കാനുള്ള സമയം വേണമെന്നും അവര്‍ പറഞ്ഞു. ഒരു സ്വകാര്യ ചാനലിലൂടെയായിരുന്നു സ്വപ്‌നയുടെ ആദ്യ പ്രതികരണം.

കഴിഞ്ഞ ശനിയാഴ്ചയാണ് നയതന്ത്ര സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. സ്വര്‍ണ കടത്തു കേസില്‍ അറസ്റ്റിലായി ഒരു വര്‍ഷത്തിന് ശേഷമാണ് സ്വപ്ന പുറത്തിറങ്ങിയത്. 25 ലക്ഷം രൂപയുടെ ബോണ്ടിലാണ് എന്‍ഐഎ കേസില്‍ സ്വപ്നയക്ക് കോടതി ജാമ്യം അനുവദിച്ചത്.

നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയ കേസില്‍ എന്‍.ഐ.എ ഹാജരാക്കിയ രേഖകള്‍ വെച്ച് തീവ്രവാദക്കുറ്റം എങ്ങനെ നിലനില്‍ക്കുമെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. കളളക്കടത്തും അതുമായി ബന്ധപ്പെട്ട ഗൂഡാലോചനയും നടന്നെന്നാണ് പ്രഥമദൃഷ്ട്യാ വ്യക്തമാകുന്നത്. സ്വര്‍ണ കളളക്കടത്ത് രാജ്യത്തിന്റെ സ്ഥിരതയെ അട്ടിമറിക്കുന്ന സാമ്പത്തിക തീവ്രവാദമെന്ന എന്‍.ഐ.എ വാദം അംഗീകരിക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.