ന്യൂഡല്‍ഹി: വൈസ് അഡ്മിറല്‍ ആര്‍.ഹരികുമാറിനെ നാവികസേനയുടെ പുതിയ മേധാവിയായി നിയമിച്ചു. മലയാളിയായ ആര്‍.ഹരികുമാര്‍ ഈ മാസം 30ന് ചുമതല ഏല്‍ക്കും. നിലവിലെ നാവികസേനാ മേധാവി കരംബിര്‍ സിങ് നവംബര്‍ 30ന് വിരമിക്കുന്ന ഒഴിവിലേക്കാണ് ഹരികുമാറിന്റെ നിയമനം. 59കാരനായ ഹരികുമാറിനെ ഇന്നലെ രാത്രിയാണ് കേന്ദ്ര സര്‍ക്കാര്‍ ചുമതല നല്‍കിയത്.
തിരുവനന്തപുരം സ്വദേശിയായ ഹരികുമാര്‍ 1983-ലാണ് നാവികസേനയിലെത്തുന്നത്. പരം വിശിഷ്ട സേവാ മെഡല്‍, അതി വിശിഷ്ട സേവാ മെഡല്‍, വിശിഷ്ട സേവാ മെഡല്‍ എന്നിവ ലഭിച്ചിട്ടുണ്ട്. നിലവില്‍ വെസ്റ്റേണ്‍ നേവല്‍ കമാന്‍ഡ് ഫ്ളാഗ് ഓഫീസര്‍ കമാന്‍ഡ് ഇന്‍ ചീഫാണ് അദ്ദേഹം.
1962 ഏപ്രില്‍ 12ന് തിരുവനന്തപുരം നന്തന്‍കോടാണ് ജനനം. തിരുവനന്തപുരം മന്നം മെമ്മോറിയല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നിന്ന് പത്താം ക്‌ളാസും ആര്‍ട്‌സ് കോളേജില്‍ നിന്ന് പ്രീഡിഗ്രിയും പാസായ ശേഷം 1979ല്‍ എന്‍.ഡി.എയില്‍ പ്രവേശനം നേടി. 1983 ജനുവരിയിലാണ് നാവികസേനയില്‍ ചേരുന്നത്.
യു.എസ് നേവല്‍ വാര്‍ കോളേജ്, ബ്രിട്ടണിലെ റോയല്‍ കോളേജ് ഒഫ് ഡിഫന്‍സ് എന്നിവിടങ്ങളില്‍ പരിശീലനം നേടിയിട്ടുണ്ട്. ലണ്ടനിലെ കിംഗ് കോളേജില്‍ നിന്ന് ബിരുധാനന്തര ബിരുദവും മുംബൈയ് സര്‍വകലാശാലയില്‍ നിന്ന് എംഫിലും നേടി. ഐ.എന്‍.എസ് വിരാട്, ഐ.എന്‍.എസ് രണവീര്‍ ഉള്‍പ്പെടെ അഞ്ചു പടക്കപ്പലുകളുടെ തലവനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.