ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റം അനുവദിക്കില്ല: ഷൂട്ടിങ് തടഞ്ഞാല്‍ നേരിടുമെന്ന് മുഖ്യമന്ത്രി

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റം അനുവദിക്കില്ല: ഷൂട്ടിങ് തടഞ്ഞാല്‍ നേരിടുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നു കയറ്റത്തെ ശക്തമായി നേരിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമ സഭയില്‍ പറഞ്ഞു.

പൗരന്മാര്‍ക്ക് മൗലികമായ സ്വാതന്ത്ര്യങ്ങള്‍ ഭരണഘടന അനുവദിച്ച നാടാണ് നമ്മുടേത്. സംസാരിക്കാനും ആശയ പ്രകടനത്തിനും സമാധാനപരമായി കൂട്ടം കൂടുവാനും ഇഷ്ടമുള്ള തൊഴില്‍ ചെയ്യാനും സ്വാതന്ത്ര്യമുള്ള നാടാണിത്. ആ അവകാശത്തിന്മേല്‍ കടന്നുകയറ്റം ഉണ്ടാകുന്നത് രാജ്യത്തിന്റെ ഭരണഘടനയ്ക്ക് നേരെയുള്ള ആക്രമണമാണ്.

ഭരണഘടനാപരമായ ഇത്തരം കാര്യങ്ങള്‍ പോലും തങ്ങള്‍ക്കു ബാധകമല്ല എന്ന പ്രഖ്യാപനമാണ് ചലച്ചിത്ര പ്രവര്‍ത്തകരെ അവരുടെ തൊഴില്‍ സ്ഥലത്തു ചെന്ന് ആക്രമിക്കുന്നതിലൂടെ ഉണ്ടായിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.എം മുകേഷ് എംഎല്‍എയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

നിയമം കയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ല. കലാരംഗത്തുള്ളവരുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു മേലുള്ള ഏതു വിധത്തിലുള്ള കടന്നുകയറ്റത്തെയും ശക്തമായി നേരിടുക തന്നെ ചെയ്യും. എന്ത് കഴിക്കണം എന്ന് ആജ്ഞാപിക്കുന്നതും ഏതു വസ്ത്രം ധരിക്കണം എന്ന് തിട്ടൂരമിറക്കുന്നതും ഫാസിസ്റ്റു മുറയാണ്. അങ്ങനെ ചെയ്യുന്ന സംഘങ്ങള്‍ നമ്മുടെ രാജ്യത്തുണ്ട്. അവരെ നാം അപരിഷ്‌കൃതരായ സമൂഹദ്രോഹികള്‍ എന്നാണ് വിളിക്കുന്നത്.

ചലച്ചിത്രങ്ങളുടെ ചിത്രീകരണം നടക്കുന്നിടത്തേക്ക് കടന്നുചെന്ന് അക്രമം കാണിക്കുകയും നിരോധനം കല്‍പ്പിച്ചു ക്രമസമാധാന പ്രശ്‌നം സൃഷ്ടിക്കുകയും ചെയ്യുന്നത് അത്തരം ഫാസിസ്റ്റു മനോഭാവത്തിന്റെ ഭാഗമായാണ്. ഇത്തരത്തില്‍ ക്രിമിനല്‍ സ്വഭാവമുള്ളവരുടെ നടപടി യാതൊരു കാരണവശാലും വെച്ചു പൊറുപ്പിക്കാന്‍ പറ്റില്ല.

സിനിമാ ചിത്രീകരണം തടയുക എന്നത് ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ തടയല്‍ മാത്രമല്ല, പൗര സ്വാതന്ത്ര്യത്തിന്റെ പ്രശ്‌നം കൂടിയാണ്. ഇത്തരം ശ്രമങ്ങള്‍ ആരുടെ ഭാഗത്തുനിന്നുണ്ടായാലും അതിനു നേരെ ദയാ ദാക്ഷിണ്യമുണ്ടാകില്ല. അത്തരക്കാരെ കര്‍ക്കശമായി നേരിടുക തന്നെ ചെയ്യും. അങ്ങനെ നേരിടുന്നതിന് നാടൊന്നാകെ പിന്തുണയ്ക്കുന്ന അവസ്ഥയാണുണ്ടാവുക. അതാണ് ഈ നാടിന്റെ പാരമ്പര്യം.

കൈയൂക്കു കൊണ്ട് കാര്യം നടത്താം എന്ന സ്ഥിതി ഉണ്ടാവേണ്ടതില്ല. ഫാസിസ്റ്റു രീതികള്‍ക്ക് വളക്കൂറുള്ള മണ്ണല്ല ഇതെന്ന് മനസിലാക്കി ഇനിയെങ്കിലും അത്തരക്കാര്‍ സ്വയം പിന്മാറണം. നാട്ടിലെ പൗര സ്വാതന്ത്ര്യവും ജനാധിപത്യവും നിയമ പാലനവും സര്‍ക്കാര്‍ ഉറപ്പാക്കുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.