സിസ്റ്റർ ഷാന്റി വൃക്ക പകുത്തു നൽകി; ഡയാന പുതുജീവിതത്തിലേക്ക് ചുവടുവച്ചു

സിസ്റ്റർ ഷാന്റി വൃക്ക  പകുത്തു  നൽകി; ഡയാന  പുതുജീവിതത്തിലേക്ക് ചുവടുവച്ചു

കൊച്ചി: ക്രിസ്തുവിൻറെ സ്നേഹം പ്രസംഗിക്കാൻ മാത്രമല്ല, പ്രാവർത്തികമാക്കുവാൻ കൂടിയുള്ളതാണെന്നു തൻ്റെ ജീവിതം കൊണ്ട് തെളിയിച്ച് ക്രിസ്തുദാസി സന്യാസമൂഹത്തിൽ നിന്നും സിസ്റ്റർ ഷാന്റി ലോകത്തിനു മാതൃകയാകുന്നു.

തലശ്ശേരി അതിരൂപതാംഗവും ക്രിസ്തുദാസി സമൂഹാംഗവുമായ സിസ്റ്റർ ഷാന്റി, ഇരുവൃക്കകളും തകരാറിലായിരുന്ന ഇരിങ്ങാലക്കുട കരോട്ടുകര സ്വദേശിനി 31കാരി ഡയാനയ്ക്ക് തൻ്റെ വൃക്കദാനം ചെയ്ത് ജീവിതത്തിലേക്ക് തിരികെയെത്തിക്കുകയായിരുന്നു. ഡയാനയുടെ വൃക്കകളില്‍ ഒന്ന് പണ്ട് തൊട്ടേ പ്രവർത്തനരഹിതമായിരുന്നു. മറ്റൊന്ന് പതിനഞ്ച് വയസു മുതൽ രോഗബാധിതവുമായിരുന്നു. ഡയാനയുടെ രോഗാവസ്ഥ മനസിലാക്കിയ സിസ്റ്റർ തന്റെ വൃക്ക പകുത്തു നൽകുവാൻ തയ്യാറാകുകയായിരുന്നു. വിദഗ്ധ പരിശോധനകള്‍ക്ക് ശേഷം എറണാകുളം ലിസി ഹോസ്പിറ്റലില്‍ കഴിഞ്ഞ ദിവസം നടന്ന ശസ്ത്രക്രിയ വിജയകരമായിരുന്നു. ഇരിങ്ങാലക്കുട രൂപതയിലെ കരോട്ടുകര സെയ്ൻ്റ് ആൻ്റണി ഇടവകയിലെ പടയാട്ടി ഡേവിസ് - മായ ദമ്പതികളുടെ ഇരട്ട കുട്ടികളിൽ ഒരാളാണ് ഡയാന.

തലശ്ശേരി അതിരൂപതയിലെ പൊന്മല ഇടവകയിൽ മാങ്കോട്ട് ജോസഫ് - ഏലിയാമ്മ ദമ്പതികളുടെ നാല് മക്കളിൽ മൂന്നാമത്തെ മകളായി സിസ്റ്റർ ഷാന്റി 1999 ൽ ആണ് ക്രിസ്തുദാസി സമൂഹാംഗമായി പ്രഥമ വ്രത വാഗ്ദാനം നടത്തിയത്.  കഴിഞ്ഞ ഒരു വർഷമായി മാനന്തവാടി രൂപതയിലെ ക്രിസ്തുദാസി സമൂഹത്തിന്റെ ചുണ്ടക്കര ഇടവകയിൽ ആണ് സേവനം ചെയ്യുന്നത്‌. 

ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം കൊടുക്കുന്നതില്‍ എപ്പോഴും സന്തോഷം മാത്രമെയുള്ളു എന്നും, നല്ല ഇടയന്റെ പാത പിന്‍തുടരാന്‍ ഇനിയും സിസ്റ്ററിന് ആവട്ടെ ക്രിസ്തുദാസി സന്യാസി സമൂഹം ആശംസിച്ചു. സാമൂഹ്യമാധ്യമങ്ങളിൽ നിരവധി പേരാണ് സിസ്റ്റർ ഷാന്റിയ്ക്ക് അഭിനന്ദനവും പ്രാര്‍ത്ഥനയും നേര്‍ന്ന് കൊണ്ട് പോസ്റ്റുകള്‍ പങ്കുവെച്ചുക്കൊണ്ടിരിക്കുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.