യു.കെയില്‍ വളര്‍ത്തുനായ കോവിഡ് പോസിറ്റീവ്; അപൂര്‍വങ്ങളില്‍ അപൂര്‍വം

യു.കെയില്‍ വളര്‍ത്തുനായ കോവിഡ് പോസിറ്റീവ്; അപൂര്‍വങ്ങളില്‍ അപൂര്‍വം

ലണ്ടണ്‍: യു.കെയില്‍ വളര്‍ത്തുനായയ്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രാജ്യത്തെ ചീഫ് വെറ്റിനറി ഓഫീസര്‍ ക്രിസ്റ്റീന്‍ മിഡില്‍മിസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. നവംബര്‍ മൂന്നിന് വെയ്ബ്രിഡ്ജ് പട്ടണത്തിലെ അനിമല്‍ ആന്‍ഡ് പ്ലാന്റ് ഹെല്‍ത്ത് ഏജന്‍സി ലബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് നായയ്ക്ക് രോഗമുള്ളതായി സ്ഥിരീകരിക്കുന്നത്.

നായ ഇപ്പോള്‍ ചികിത്സയിലാണ്. കോവിഡ് പോസിറ്റീവായ ഉടമയില്‍ നിന്നാണ് നായയ്ക്ക് രോഗം സ്ഥിരീകരിച്ചതെന്നാണ് സൂചന. നായയുടെ യജമാനന് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ മനുഷ്യരില്‍ നിന്നും മൃഗങ്ങളിലേക്കു കൊറോണ വൈറസ് പടരും എന്നതു സംബന്ധിച്ച് ശാസ്ത്രീയമായ തെളിവുകളില്ലെന്നും പ്രസ്താവനയില്‍ പറയുന്നു. നിലവില്‍ നായയ്ക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലെന്ന് ക്രിസ്റ്റീന്‍ മിഡില്‍മിസ് പറഞ്ഞു.

നായകള്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിക്കുന്നത് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ സംഭവമാണെന്നും രോഗലക്ഷണങ്ങള്‍ ഈ നായയും കാണിച്ചെന്നും ക്രിസ്റ്റീന്‍ പറഞ്ഞു. നായ ഇപ്പോള്‍ ക്വാറന്റീനില്‍ കഴിയുകയാണ്. ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് പരിശോധിച്ച ഡോക്ടര്‍ പറഞ്ഞു.

കോവിഡ് സാധാരണയായി വ്യക്തിയില്‍നിന്നു വ്യക്തിയിലേക്കാണ് പകരുക. എന്നാല്‍, അപൂര്‍വം സാഹചര്യങ്ങളില്‍ വൈറസ് മനുഷ്യരില്‍നിന്ന് മൃഗങ്ങളിലേക്കു പകര്‍ന്നേക്കാം. പൊതുജനാരോഗ്യ മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കാന്‍ ശ്രദ്ധിക്കുക. മൃഗങ്ങളും പക്ഷികളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതിനു മുന്‍പും ശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുക-മെഡിക്കല്‍ എപ്പിഡെമോളജിസ്റ്റ് ഡോ. കാതറിന്‍ റസല്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.