മരച്ചീനി ഇലയില്‍ അര്‍ബുദമരുന്ന്; സംയുക്ത ഗവേഷണത്തിന് ഇസ്രയേല്‍

മരച്ചീനി ഇലയില്‍ അര്‍ബുദമരുന്ന്; സംയുക്ത ഗവേഷണത്തിന് ഇസ്രയേല്‍

മലപ്പുറം: അർബുദത്തെ തടയുന്ന ഘടകങ്ങൾ മരച്ചീനിയുടെ ഇലയിൽ കണ്ടെത്തൽ. തിരുവനന്തപുരം സെൻട്രൽ ട്യൂബർ ക്രോപ്പ്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (സി.ടി.സി.ആർ.ഐ) പ്രിൻസിപ്പൽ സയന്റിസ്റ്റ് പൊന്നാനി ഗ്രാമം സ്വദേശി സി.എ ജയപ്രകാശിന്റെ നേതൃത്വത്തിൽ നടന്ന ഗവേഷണത്തിലാണ് ഈ കണ്ടെത്തൽ.

മരച്ചീനി ഇലയിലെ സയനോജൻ എന്ന ഘടകത്തിനാണ് അർബുദത്തെ തടയാനുള്ള ശേഷിയുള്ളത്. അന്താരാഷ്ട്ര ഗവേഷണ ജേണലായ 'ടോക്സിക്കോളജി'യിൽ പ്രബന്ധം പ്രസിദ്ധീകരിച്ചു. ടി. ജോസഫ്., എസ്. ശ്രീജിത്ത് എന്നീ വിദ്യാർത്ഥികളാണ് ഗവേഷണത്തിലെ പങ്കാളികൾ. പൂജപ്പുരയിലുള്ള ശ്രീ ചിത്തിര ഗവേഷണ സ്ഥാപനത്തിൽ ഡോ. മോഹനനാണ് ഗവേഷണത്തിന് മേൽനോട്ടം വഹിച്ചത്.

മരച്ചീനി ഇലയിൽനിന്ന് വേർതിരിച്ച സയനോജൻ തന്മാത്ര ഉപയോഗിച്ച് ഡോ. ജയപ്രകാശ് നേരത്തേ ജൈവകീടനാശിനി കണ്ടുപിടിച്ചിരുന്നു. വിക്രം സാരാഭായി സ്പേസ് റിസർച്ച് സെന്ററിന്റെ (വി.എസ്.എസ്.സി.) സഹായത്തോടെ ഇതിനുള്ള യന്ത്രവും സി.ടി.സി.ആർ.ഐ.യിൽ സ്ഥാപിച്ചു. കണ്ടുപിടിത്തിന് അദ്ദേഹത്തിന് പേറ്റന്റ് ഉണ്ട്. തുടർ ഗവേഷണമാണ് മരച്ചീനി ഇലയിൽ അർബുദത്തെ തടയുന്ന ഘടകങ്ങളുണ്ടെന്ന അനുമാനത്തിലേക്ക് നയിച്ചത്.

ഇലയുടെ കയ്പ് രസത്തിനു കാരണം സയനോജൻ ആണെന്ന് ഡോ. ജയപ്രകാശ് പറഞ്ഞു. ലിനാമറിൻ, ലോട്ടോസ്ട്രാലിൻ എന്നീ ഘടകങ്ങളുടെ സംയുക്തമാണ് സയനോജൻ. ഇത് അർബുദ കോശത്തിന്റെ വളർച്ച തടഞ്ഞ് രോഗത്തെ തടയുമെന്നാണ് കണ്ടെത്തൽ. ഇസ്രയേലിലെ ശാസ്ത്രജ്ഞരും നേരത്തേ ഈ നിഗമനത്തിലെത്തിയിരുന്നു.

എന്നാൽ സയനോജനെ മരച്ചീനി ഇലയിൽനിന്ന് വേർതിരിക്കുന്ന സാങ്കേതികത്വം വികസിപ്പിച്ചിരുന്നില്ല. ഇസ്രയേൽ സംഘം സി.ടി.സി ആറുമായി ധാരണാപത്രത്തിൽ ഒപ്പിടാൻ താത്പര്യം പ്രകടിപ്പിച്ചതായി ഡയറക്ടർ ഡോ. എം.എൻ. ഷീല പറഞ്ഞു. ഇതിന് ഇന്ത്യൻ കൗൺസിൽ ഫോർ അഗ്രിക്കൾച്ചറൽ റിസർച്ചിന്റെ (ഐ.സി.എ.ആർ.) അംഗീകാരം വേണം.

മരച്ചീനിയിലയ്ക്ക് അൽഭുതകരമായ സാധ്യതകളുണ്ടെന്ന് ഡോ. ജയപ്രകാശ് പറയുന്നത്. ജൈവ കീടനാശിനിക്കും അർബുദ മരുന്നിനുള്ള സാധ്യതയ്ക്കും പുറമേ, ഇതിൽനിന്ന് കൊതുകിനെ തടയുന്ന ജൈവ കീടനാശിനി കൂടി വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് അദ്ദേഹം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.