മുംബൈ: മഹാരാഷ്ട്രയിലെ ഗഡ്ചിരോലി ജില്ലയില്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ 26 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. വനത്തില്‍നിന്ന് 26 മാവോയിസ്റ്റുകളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയതായി എസ്പി അങ്കിത് ഗോയല്‍ അറിയിച്ചു. വനമേഖലയില്‍ ഇന്നലെ രാവിലെ ആറിനാരംഭിച്ച ഏറ്റുമുട്ടല്‍ വൈകിട്ടു നാലിനാണ് അവസാനിച്ചത്.
മഹാരാഷ്ട്ര പോലീസിന്റെ സി 60 കമാന്‍ഡോ സംഘമാണു മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടിയത്. കൊല്ലപ്പെട്ടവരില്‍ ഭീമ കൊറേഗാവ് കേസിലെ പ്രതിയായ മിലിന്ദ് തെല്‍തുംബ്ഡെയും ഉള്‍പ്പെടുന്നതായാണ് വിവരം. എന്‍.ഐ.എ, പൂനെ പോലീസ് എന്നിവര്‍ അന്വേഷിക്കുന്ന ആളാണ് മിലിന്ദ്. സിപിഐ (മാവോയിസ്റ്റ്) കേന്ദ്ര കമ്മിറ്റി അംഗമാണ് മിലിന്ദ്. ഭീമ കൊറേഗാവ് കേസില്‍ എന്‍ഐഎ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ മിലിന്ദിന്റെ പങ്കിനെക്കുറിച്ച് വിശദമായി പറയുന്നുണ്ട്.
ഗുരുതരമായി പരുക്കേറ്റ നാലു പോലീസുകാരെ ഹെലികോപ്റ്ററില്‍ നാഗ്പൂരിലേക്കു കൊണ്ടുപോയി, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചത്തീസ്ഗഡ് അതിര്‍ത്തിയിലുള്ള വനപ്രദേശത്താണു മാവോയിസ്റ്റ് സാന്നിധ്യം കണ്ടെത്തിയത്.
മാവോയിസ്റ്റുകളുടെ സാന്നിധ്യം സംബന്ധിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണു കമാന്‍ഡോ സംഘം സ്ഥലത്തെത്തിയത്. തിരച്ചിലിനിടെ മാവോയിസ്റ്റുകള്‍ വെടിവയ്ക്കുകയായിരുന്നു.
ഗഡ്ചിറോളിയില്‍ നടക്കുന്ന രണ്ടാമത്തെ വലിയ മാവോയിസ്റ്റ് വേട്ടയാണിത്. 2018 ഏപ്രില്‍ 18നു 40 മാവോയിസ്റ്റുകളെയാണു പോലീസ് വധിച്ചത്. മുംബൈയില്‍നിന്നു 900 കിലോമീറ്റര്‍ അകലെ കിഴക്കന്‍ മഹാരാഷ്ട്രയിലാണു ഗഡ്ചിരോലി. ഛത്തീസ്ഗഡ് അതിര്‍ത്തിയിലാണിത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.