അതിതീവ്ര മഴ; എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട്

അതിതീവ്ര മഴ; എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. തിങ്കളാഴ്ച എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മറ്റു ജില്ലകളില്‍ യെലോ അലര്‍ട്ടുമാണ്. ചൊവ്വാഴ്ച വരെ പരക്കെ മഴയായിരിക്കുമെന്നാണ് പ്രവചനം.

ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 204.4 മില്ലി മീറ്ററിന് കൂടുതല്‍ മഴ ലഭിക്കാനുള്ള സാധ്യതയാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

കൊച്ചിയിലും ആലപ്പുഴയിലും തൃശൂരും കോട്ടയത്തും മഴയ്ക്ക് ഇപ്പോള്‍ കുറവുണ്ട്. എറണാകുളം കളമശേരിയില്‍ മണ്ണിടിഞ്ഞ് ഒരാള്‍ മരിച്ചു. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി തങ്കരാജ് (72) ആണ് മരിച്ചത്. കോട്ടയം ജില്ലയില്‍ കൂട്ടിക്കല്‍ മേഖലയില്‍ മേഖലയില്‍ പുല്ലകയാറ്റിലെ ജലനിരപ്പ് ഉയര്‍ന്നു തന്നെ നില്‍ക്കുന്നു. കൂട്ടിക്കലിലെ താളുങ്കല്‍ തോടും ഇടുക്കി ജില്ലയിലെ കൊക്കയാറ്റില്‍നിന്ന് വരുന്ന ചന്തക്കടവ് തോടും കരകവിഞ്ഞു.

ശനിയാഴ്ച കനത്ത മഴ വന്‍ നാശമുണ്ടാക്കിയ തിരുവനന്തപുരം ജില്ലയില്‍ ഇപ്പോള്‍ മഴ മാറി നില്‍ക്കുകയാണ്. തിരുവനന്തപുരത്ത് 33 ദുരിതാശ്വാസ ക്യാംപുകളിലായി 571 പേരെ മാറ്റിപ്പാര്‍പ്പിച്ചു. വിനോദ സഞ്ചാരവും ക്വാറി, മൈനിങ് പ്രവര്‍ത്തനങ്ങളും നിരോധിച്ചു. മലയോര മേഖലകളിലേക്കു അത്യാവശ്യത്തിനല്ലാതെ യാത്ര പാടില്ല. നെയ്യാര്‍, അരുവിക്കര, പേപ്പാറ ഡാമുകളുടെ എല്ലാ ഷട്ടറുകളും ഉയര്‍ത്തിയിരിക്കുന്നതിനാല്‍ സമീപവാസികള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.