ഓസ്‌ട്രേലിയയില്‍ മഹാത്മാ ഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ നശിപ്പിച്ച നിലയില്‍; ഞെട്ടലോടെ ഇന്ത്യന്‍ സമൂഹം

ഓസ്‌ട്രേലിയയില്‍ മഹാത്മാ ഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ നശിപ്പിച്ച നിലയില്‍; ഞെട്ടലോടെ ഇന്ത്യന്‍ സമൂഹം

മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ രണ്ടു ദിവസം മുന്‍പ് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ അനാച്ഛാദനം ചെയ്ത മഹാത്മാ ഗാന്ധിയുടെ പ്രതിമ നശിപ്പിക്കാന്‍ ശ്രമം. മെല്‍ബണ്‍ സൗത്തിലെ റോവില്ലെയിലെ ഓസ്‌ട്രേലിയന്‍ ഇന്ത്യന്‍ കമ്യൂണിറ്റി കേന്ദ്രത്തില്‍ അനാച്ഛാദനം ചെയ്ത മഹാത്മാ ഗാന്ധിയുടെ വെങ്കല പ്രതിമയുടെ കഴുത്തില്‍ ആറു മില്ലിമീറ്ററോളം ആഴത്തില്‍ രണ്ടിടത്താണ് അറുത്ത് നശിപ്പിച്ചിരിക്കുന്നത്. തലയറുക്കാനുള്ള ശ്രമമായിരുന്നുവെന്ന് സംശയിക്കുന്നു. സംഭവത്തില്‍ വിക്‌ടോറിയ പോലീസ് അന്വേഷണം ആരംഭിച്ചു.

സമാധാനത്തിന്റെയും അഹിംസയുടെയും പ്രതീകമായ ഇന്ത്യന്‍ രാഷ്ട്രപിതാവിനെ ഇത്തരത്തില്‍ അപമാനിക്കാനുള്ള ശ്രമം ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ സമൂഹത്തില്‍ വലിയ ഞെട്ടലാണുണ്ടാക്കിയത്. കനത്ത മഴയായതിനാല്‍ പ്രതിമ നശിപ്പിച്ചവരുടെ വിരലടയാളം ശേഖരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് പോലീസ് അറിയിച്ചത്.

കഴിഞ്ഞ വെള്ളിയാഴ്ച്ച വൈകുന്നേരം 5:30 നും ശനിയാഴ്ച വൈകിട്ട് 5:30 നും ഇടയിലാണ് വെങ്കല പ്രതിമയ്ക്ക് കേടുപാടുകള്‍ വരുത്താന്‍ ശ്രമിച്ചതെന്നാണു സൂചന. മൂര്‍ച്ചയുള്ള ആയുധമാണ് പ്രതിമയുടെ കഴുത്തറുക്കാന്‍ അക്രമികള്‍ ഉപയോഗിച്ചിരിക്കുന്നത്.

ബ്രിട്ടീഷ് ഭരണത്തില്‍നിന്ന് ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ സമൂഹത്തിനു വേണ്ടി ഇന്ത്യന്‍ സര്‍ക്കാര്‍ ആറടി ഉയരമുള്ള പ്രതിമ സമ്മാനിച്ചത്. സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് വെള്ളിയാഴ്ച്ച നടന്ന വര്‍ണാഭമായ ചടങ്ങിലാണ് സ്‌കോട്ട് മോറിസണ്‍ പ്രതിമ അനാച്ഛാദനം ചെയ്തത്.


മെല്‍ബണില്‍ വെള്ളിയാഴ്ച്ച നടന്ന ചടങ്ങില്‍ ഇന്ത്യന്‍ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ പ്രതിമ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ അനാച്ഛാദനം ചെയ്യുന്നു.

അനാച്ഛാദനത്തിനു ശേഷം 24 മണിക്കൂറിനുള്ളില്‍ പ്രതിമയ്ക്കു നേരേ ആക്രമണം നടന്നതായി ഓസ്‌ട്രേലിയന്‍ ഇന്ത്യന്‍ കമ്യൂണിറ്റി ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍പേഴ്‌സണ്‍ വാസന്‍ ശ്രീനിവാസന്‍ പറഞ്ഞു.

സംഭവത്തെ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ അപലപിച്ചു. പ്രതിമ തകര്‍ത്ത സംഭവം തന്നെ ഞെട്ടിച്ചുവെന്നും അതിന് ഉത്തരവാദികള്‍ ആരായാലും ലജ്ജിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ബഹുസാംസ്‌കാരിക രാഷ്ട്രമെന്ന നിലയില്‍ ഓസ്ട്രേലിയ ലോകത്തിലെ ഏറ്റവും മികച്ച കുടിയേറ്റ രാജ്യമാണ്. സാംസ്‌കാരിക സ്മാരകങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ വെച്ചുപൊറുപ്പിക്കില്ലെന്നു പ്രധാനമന്ത്രി പറഞ്ഞു. ഇത്തരത്തിലുള്ള അനാദരവ് ഓസ്‌ട്രേലിയയ്ക്ക് അപമാനകരവും അങ്ങേയറ്റം നിരാശാജനകവുമാണ്.

ഇത് അപമാനകരമായ പ്രവൃത്തിയാണെന്ന് അനാച്ഛാദന ചടങ്ങില്‍ പങ്കെടുത്ത കസ്റ്റംസ്, കമ്മ്യൂണിറ്റി സേഫ്റ്റി, മള്‍ട്ടി കള്‍ച്ചറല്‍ അഫയേഴ്‌സ് അസിസ്റ്റന്റ് മന്ത്രി ജേസണ്‍ വുഡ് പറഞ്ഞു.

എല്ലാവരുടെയും സംസ്‌കാരവും പാരമ്പര്യവും ഓസ്ട്രേലിയ അങ്ങേയറ്റം ബഹുമാനത്തോടെയാണ് കാണുന്നത്. ഇന്ത്യന്‍ സമൂഹത്തെ ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുന്ന ആര്‍ക്കും ഓസ്‌ട്രേലിയയില്‍ സ്ഥാനമുണ്ടാകില്ലെന്നും മന്ത്രി മുന്നറിയിപ്പു നല്‍കി.

സംഭവത്തില്‍ ഇന്ത്യന്‍ സമൂഹം വലിയ ആശങ്കയിലും ദുഃഖത്തിലുമാണെന്ന് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അസോസിയേഷന്‍സ് ഓഫ് വിക്ടോറിയ പ്രസിഡന്റ് സൂര്യപ്രകാശ് സോണി പറഞ്ഞു.

സമാധാനത്തിന്റെയും അഹിംസയുടെയും പ്രതീകമാണ് മഹാത്മാഗാന്ധി. അദ്ദേഹം ഇന്ത്യന്‍ ജനതയുടെ നേതാവ് മാത്രമല്ല ആഗോള നേതാവു കൂടിയാണ്. എന്തു പ്രേരണയാലാണ് ആരെങ്കിലും ഇത്രയും തരംതാണ പ്രവൃത്തി ചെയ്തതെന്ന് മനസിലാകുന്നില്ല.'

വിക്ടോറിയയിലെ ആദ്യത്തെ ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്റര്‍ റോവില്ലെയിലേതാണെന്നും 30 വര്‍ഷത്തെ പരിശ്രമത്തിനൊടുവിലാണ് സ്ഥാപിച്ചതെന്നും സൂര്യപ്രകാശ് സോണി പറഞ്ഞു.

ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് ഡിറ്റക്ടീവുകള്‍ സംഭവത്തെക്കുറിച്ച് ഊര്‍ജിതമായ അന്വേഷണം നടത്തിവരികയാണെന്ന് വിക്ടോറിയ പോലീസ് വക്താവ് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.