ഗ്ലാസ്‌ഗോ : ആഗോളതാപനത്തിനും കാലാവസ്ഥാ വ്യതിയാനത്തിനും കാരണമാകുന്ന കാര്‍ബണ്‍ വാതകങ്ങളുടെ ഉറവിടമായ കല്‍ക്കരിയുടെ ഉപഭോഗം ഘട്ടം ഘട്ടമായി ഉപേക്ഷിക്കണമെന്ന നിലപാട് തിരുത്തി ക്രമേണ കുറയ്ക്കാമെന്ന ഇന്ത്യന്‍ നിലപാടിന് ഗ്‌ളാസ്‌ഗോ കാലാവസ്ഥാ ഉച്ചകോടിയില്‍ അംഗീകാരം. കാലാവസ്ഥാ വ്യതിയാനം ചെറുക്കാന്‍ കല്‍ക്കരി ഉപഭോഗം കുറയ്ക്കണമെന്ന് നിര്‍ദ്ദേശിക്കുന്ന ആദ്യത്തെ കാലാവസ്ഥാ ഉടമ്പടിയാണിത്.
നിരവധി രാജ്യങ്ങളുടെ എതിര്‍പ്പ് മറികടന്നാണ് കല്‍ക്കരി ഉപഭോഗവും ഫോസില്‍ ഇന്ധനങ്ങള്‍ക്കുള്ള സബ്‌സിഡിയും ഇല്ലാതാക്കാനുള്ള കരട് നിര്‍ദ്ദേശം തിരുത്തി ഇന്ത്യന്‍ നിലപാട് ഉള്‍പ്പെടുത്തിയ പ്രമേയം പാസാക്കിയത്. ചൈന സ്വീകരിച്ചതും ഇന്ത്യയുടെ തന്നെ.നിലപാടായിരുന്നു.തുടര്‍ന്നാണ് കല്‍ക്കരിയുടെ ഉപഭോഗത്തില്‍ phase out വേണമെന്നതിനു പകരം phase down മതിയെന്നു പ്രമേയത്തില്‍ മാറ്റം വരുത്തിയത്.്
200ഓളം രാജ്യങ്ങള്‍ ഉടമ്പടി അംഗീകരിച്ചു.
കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവാണ് ഇന്ത്യയ്ക്കുവേണ്ടി പങ്കെടുത്ത് വാദങ്ങള്‍ ഉന്നയിച്ചത്.കാര്‍ബണ്‍ ബഹിര്‍ഗമനം അടിയന്തരമായി കുറയ്ക്കാനും കാലാവസ്ഥാ വ്യതിയാനം നേരിടാന്‍ വികസ്വര രാജ്യങ്ങള്‍ക്ക് കൂടുതല്‍ ഫണ്ട് നല്‍കാനും കരാറില്‍ വ്യവസ്ഥയുണ്ട്. ആഗോള താപന വര്‍ദ്ധനവ് ഒന്നര ഡിഗ്രി സെല്‍ഷ്യസില്‍ കുറയ്ക്കാനുള്ള 2015ലെ പാരീസ് കാലാവസ്ഥാ ഉടമ്പടി നിര്‍ദ്ദേശം നടപ്പാക്കുന്നതില്‍ കാര്യമായ പുരോഗതി കരാറില്‍ ഇല്ല. ഈ ലക്ഷ്യം നേടാനുള്ള നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ അടുത്ത വര്‍ഷം വീണ്ടും ഉച്ചകോടി നടത്തും.
ഇന്ത്യയും ചൈനയും കല്‍ക്കരി ഉപഭോഗ നിര്‍ദ്ദേശത്തിന്റെ കാര്യത്തില്‍ ഒന്നിച്ചുനിന്നു. ഫോസില്‍ ഇന്ധനങ്ങള്‍ക്ക് ബദലുണ്ടാക്കാനുള്ള സാങ്കേതിക വിദ്യയും സാമ്പത്തികശേഷിയും വികസ്വര രാജ്യങ്ങള്‍ക്ക് ഇല്ലെന്ന ഇരു രാജ്യങ്ങളുടെയും വാദം സമ്മേളനം അംഗീകരിച്ചു.ആദ്യം എതിര്‍ത്ത അമേരിക്ക, ജപ്പാന്‍, ആസ്‌ട്രേലിയ, തുര്‍ക്കി, കൊളംബിയ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളും പിന്തുണച്ചു.
കടുത്ത വാദവുമായി ഭൂപേന്ദ്ര യാദവ്
കല്‍ക്കരി അടക്കമുള്ള ഫോസില്‍ ഇന്ധനങ്ങളുടെ ഉപഭോഗവും സബ്‌സിഡിയും നിറുത്തുന്നത് വികസ്വര രാജ്യങ്ങള്‍ക്ക് എളുപ്പമല്ലെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് വാദിച്ചു.ഇത് വികസനത്തെയും ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതികളെയും ബാധിക്കും.ഓരോ രാജ്യത്തെയും സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായ കാര്‍ബണ്‍ കുറയ്ക്കല്‍ രീതികള്‍ നടപ്പാക്കണം. സബ്‌സിഡി ജനങ്ങള്‍ക്ക് സാമൂഹ്യ സുരക്ഷയും പിന്തുണയും ഉറപ്പാക്കുന്നുണ്ട്.
കല്‍ക്കരി അടിസ്ഥാനമാക്കിയുള്ള ഊര്‍ജ്ജ ഉപഭോഗവും ഫോസില്‍ ഇന്ധനങ്ങള്‍ക്കുള്ള സബ്‌സിഡിയും ഘട്ടംഘട്ടമായി കുറയ്ക്കാനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ച് ലഭ്യമാക്കണമെന്നു പ്രമേയം പറയുന്നു. അതത് രാജ്യങ്ങളിലെ സാഹചര്യങ്ങളനുസരിച്ച് പാവപ്പെട്ടവര്‍ക്ക് പിന്തുണ ഉറപ്പാക്കി മറ്റ് ഊര്‍ജ്ജ സ്രോതസുകളിലേക്ക് മാറാനുള്ള നയരൂപീകരണം നടത്തണം.
താപനില വ്യവസായവല്‍ക്കരണത്തിനു മുന്‍പുണ്ടായിരുന്ന നിലയിലേക്ക് താഴ്ത്തണമെന്ന നിര്‍ദേശം ഒട്ടേറെ രാജ്യങ്ങള്‍ ആവര്‍ത്തിച്ചെങ്കിലും അതിനുള്ള പണം എങ്ങനെ എന്നതില്‍ വ്യക്തതയില്ല. പെട്രോളിയം ഇന്ധനങ്ങള്‍ ഘട്ടംഘട്ടമായി കുറയ്ക്കണമെന്നും കല്‍ക്കരി നിലയങ്ങള്‍ ഉപേക്ഷിക്കണമെന്നുമുള്ള നിര്‍ദേശങ്ങള്‍ ഇന്ത്യ പോലുള്ള രാജ്യങ്ങള്‍ക്ക് തുടക്കം മുതല്‍ പൂര്‍ണസ്വീകാര്യമായില്ല. 200 അംഗങ്ങളുടെയും അഭിപ്രായഐക്യം ഉണ്ടായെങ്കിലേ അന്തിമ പ്രമേയം അംഗീകരിക്കപ്പെടുകയുള്ളു എന്നതിനാലാണ് പ്രമേയം വൈകിയത്.
താപനിലയങ്ങളും സബ്‌സിഡി കുറയ്ക്കലും സംബന്ധിച്ച കരടിലെ 20ാം ഖണ്ഡികയും കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്നുളള നഷ്ടങ്ങളും ദോഷങ്ങളും സംബന്ധിച്ച 36ാം ഖണ്ഡികയുമാണ് ഇന്ത്യ എതിര്‍ത്തത്. വികസിത രാജ്യങ്ങള്‍ക്കൊപ്പമെത്താന്‍ പരിശ്രമിക്കുന്ന ഇന്ത്യയ്ക്ക് ഉടന്‍ ഇവ അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നാണ്് വ്യക്തമാക്കിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.