മഹാനായ വിശുദ്ധ ആല്‍ബെര്‍ട്ട്: 'ജര്‍മ്മനിയുടെ പ്രകാശം'

മഹാനായ വിശുദ്ധ ആല്‍ബെര്‍ട്ട്: 'ജര്‍മ്മനിയുടെ പ്രകാശം'

അനുദിന വിശുദ്ധര്‍ നവംബര്‍ 15

പ്രസിദ്ധനായ വിശുദ്ധ തോമസ് അക്വിനാസിന്റെ ഗുരുവാണ് മഹാനായ വിശുദ്ധ ആല്‍ബെര്‍ട്ട്. ശിശു സഹജമായ വിശ്വാസവും ദൈവ സ്‌നേഹവും അവശ സ്‌നേഹവും അദ്ദേഹത്തില്‍ വിരാജിച്ചിരുന്നു. 'ജര്‍മ്മനിയുടെ പ്രകാശം' എന്നറിയപ്പെടുന്ന വിശുദ്ധ ആല്‍ബെര്‍ട്ടിനെ മഹാന്‍ എന്ന് വിളിക്കാന്‍ കാരണം അദ്ദേഹം അറിവിന്റെ ഒരു വിജ്ഞാന കോശമായിരുന്നതിനാലാണ്.

ഡൊണാവുവിലെ ലവുന്‍ജെന്‍ എന്ന സ്ഥലത്ത് 1193 ലാണ് ആല്‍ബെര്‍ട്ട് ജനിച്ചത്. പാദുവായിലായിരുന്നു വിദ്യാഭ്യാസം. അവിടത്തെ രണ്ടാം ഡോമിനിക്കന്‍ ജനറലിന്റെ സ്വാധീനത്താല്‍ അദ്ദേഹം 1223-ല്‍ പുതുതായി രൂപം കൊണ്ട പ്രീച്ചേഴ്‌സ് സഭയില്‍ ചേര്‍ന്നു. തുടക്ക കാലത്ത് ആര്‍ബര്‍ട്ട് പഠനത്തില്‍ പിന്നോക്കമായിരുന്നു. എന്നാല്‍ ദൈവ മാതാവിന് തന്നെത്തന്നെ സമര്‍പ്പിച്ച് അദ്ദേഹം പഠനം തുടര്‍ന്നു.

വൈകാതെ ജര്‍മ്മനിയിലേക്കയക്കപ്പെട്ട ആല്‍ബര്‍ട്ട് അവിടെ വിവിധ നഗരങ്ങളില്‍ പ്രത്യേകിച്ച് കൊളോണില്‍ പഠിപ്പിച്ച് കൊണ്ടിരുന്നു. തോമസ് അക്വിനാസ് ഇദ്ദേഹത്തിന്റെ ഒരു വിദ്യാര്‍ത്ഥിയായിരുന്നു. പിന്നീട് 1248 ല്‍ പാരീസില്‍ വെച്ച് ദൈവ ശാസ്ത്രത്തില്‍ ബിരുദാന്തര ബിരുദം നേടി.

1254 ല്‍ ആല്‍ബെര്‍ട്ട് ജര്‍മ്മനിയിലെ തന്റെ സഭയുടെ അധിപനായി നിയമിതനായി. കുറച്ച് കാലം അലക്‌സാണ്ടര്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ ന്യായാസനത്തില്‍ ജോലി ചെയ്ത അദ്ദേഹത്തെ മാര്‍പാപ്പ റീജെന്‍സ്ബര്‍ഗിലെ മെത്രാനാക്കി. എന്നിരുന്നാലും രണ്ടു വര്‍ഷത്തിനു ശേഷം അദ്ദേഹം കൊളോണിലെ തന്റെ സമൂഹത്തിന്റെ അടുത്തേക്ക് മടങ്ങി.

അവിടെ അദ്ദേഹം ഒരു ഉപദേശകനായും സമാധാന സംരക്ഷനായും അവിടത്തെ ജനങ്ങളുടെ നല്ലിടയനായും വിജയകരമായി പ്രവര്‍ത്തിച്ചു വന്നു. എണ്‍പത്തേഴാമത്തെ വയസിലാണ് ആല്‍ബര്‍ട്ട് നിര്യാതനായത്. 1931 ഡിസംബര്‍ 11 ന് പിയൂസ് പതിനൊന്നാമന്‍ മാര്‍പാപ്പ അദ്ദേഹത്തെ വിശുദ്ധരുടെ ഗണത്തിലേക്കുയര്‍ത്തുകയും തിരുസഭയുടെ വൈദ്യനായി പ്രഖ്യാപിക്കുകയും ചെയ്തു.

തന്റെ ജീവിത കാലത്തിന്റെ നല്ലൊരു ഭാഗവും എഴുത്തിനായിട്ടായിരുന്നു വിശുദ്ധന്‍ ചിലവഴിച്ചിരുന്നത്. വിശ്വാസ സംബന്ധമായ കാര്യങ്ങളില്‍ യുക്തി എങ്ങനെ പ്രയോഗിക്കാമെന്ന് അദ്ദേഹം വിശദമാക്കി.

തന്റെ ഒരു പുസ്തകത്തിന്റെ 21 അധ്യായങ്ങളോളം അരിസ്റ്റോട്ടിലിനെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ക്കും ബൈബിളിനെക്കുറിച്ച് പറയുവാനുമായിരുന്നു ചിലവഴിച്ചിരുന്നത്. ഈ വിശുദ്ധനാണ് കൊളോണിലെ പ്രസിദ്ധമായ പള്ളിയുടെ തറയുടെ പ്ലാന്‍ വരച്ചതെന്നാണ് ഐതിഹ്യം. മധ്യകാലഘട്ടങ്ങളിലെ പ്രസിദ്ധ ജര്‍മ്മന്‍ പണ്ഡിതനായ ആല്‍ബെര്‍ട്ട് പ്രകൃതി ശാസ്ത്രത്തിലും, ദൈവ ശാസ്ത്രത്തിലും തത്വചിന്തയിലും അഗ്രഗണ്യനായിരുന്നു.

വിശുദ്ധ ആല്‍ബര്‍ട്ടിന്റെ വിജ്ഞാന സംക്ഷേപം എന്ന ഗ്രന്ഥത്തില്‍ തര്‍ക്കം, സാഹിത്യം, ഗണിതം, ജ്യോതി ശാസ്ത്രം, സന്മാര്‍ഗ ശാസ്ത്രം, സാമ്പത്തിക ശാസ്ത്രം, രാഷ്ട്ര മീമാംസ, വൈശേഷികം എന്നീ വിഷയങ്ങളെല്ലാം പ്രതിപാദിച്ചിട്ടുണ്ട്. 20 വര്‍ഷമെടുത്താണ് അദ്ദേഹം ഈ ഗ്രന്ഥം എഴുതി തീര്‍ത്തത്.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. നോളെയിലെ ഫെലിക്‌സ്

2. ഫ്‌ളോറന്‍സിലെ എവുജിന്‍

3. ടൂള്‍ ബിഷപ്പായിരുന്ന ആര്‍ണുള്‍ഫ്

4. എദേസായില്‍ വച്ച് വധിക്കപ്പെട്ട അബിബൂസ്

5. കാഹോഴ്‌സു ബിഷപ്പായിരുന്ന ഡെസിഡേരിയൂസ്.

'അനുദിന വിശുദ്ധര്‍' എന്ന ഈ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26