ദുബായ്: ഐസിസി ടി20 ലോകകപ്പ് ഓസ്ട്രേലിയക്ക് സ്വന്തം. ന്യൂസിലന്റ് ഉയര്‍ത്തിയ 173 റണ്‍സ് വിജയലക്ഷ്യം 18.5 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഓസ്ട്രേലിയ മറികടന്നു. ഇതാദ്യമായാണ് ഓസ്ട്രേലിയ ഐസിസി ടി20 കിരീടം നേടുന്നത്.
ട്വന്റി20 ലോകകപ്പ് ഫൈനലുകളുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ നേടി വെല്ലുവിളിച്ചിട്ടും ന്യൂസീലന്‍ഡിനെ എട്ടു വിക്കറ്റിനാണ് ഓസ്‌ട്രേലിയ പരാജയപ്പെടുത്തി. മിച്ചല്‍ മാര്‍ഷ്, ഡേവിഡ് വാര്‍ണര്‍ എന്നിവരുടെ തകര്‍പ്പന്‍ ഇന്നിങ്‌സുകളാണ് ഓസീസിന്റെ കിരീട വിജയത്തില്‍ നട്ടെല്ലായത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസീലന്‍ഡ് നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ഓസീസ് ഏഴു പന്തും എട്ടു വിക്കറ്റും ബാക്കിയാക്കി വിജയം സ്വന്തമാക്കി. രണ്ടാം വിക്കറ്റില്‍ ഒന്നിച്ച ഡേവിഡ് വാര്‍ണറും മിച്ചല്‍ മാര്‍ഷും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്ത 92 റണ്‍സാണ് ഓസീസ് ഇന്നിങ്‌സിന്റെ നട്ടെല്ല്. 50 പന്തില്‍ നിന്ന് നാല് സിക്‌സും ആറ് ഫോറുമടക്കം 77 റണ്‍സെടുത്ത മാര്‍ഷാണ് ഓസീസ് നിരയിലെ ടോപ് സ്‌കോറര്‍. മാര്‍ഷ് തന്നെയാണ് കളിയിലെ താരവും. വാര്‍ണര്‍ 38 പന്തില്‍ നിന്ന് മൂന്ന് സിക്‌സും നാലു ഫോറുമടക്കം 53 റണ്‍സെടുത്തു.
2016ലെ ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ ആറു വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സെടുത്ത വെസ്റ്റിന്‍ഡീസിന്റെ റെക്കോര്‍ഡ് മറികടന്നാണ് കിവീസ് ഓസിസിന് മുന്നില്‍ വിജയലക്ഷം ഉയര്‍ത്തിയത്. ട്വന്റി20 ലോകകപ്പ് ഫൈനലുകളുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍. ക്യാപ്റ്റന്‍ കെയിന്‍ വില്യംസണ്‍ ആണ് ടോപ്‌സ്‌കോറര്‍.
48 പന്തില്‍ നിന്ന് വില്യംസണ്‍ 85 റണ്‍സ് നേടി. വില്യംസന്റെ മികവാര്‍ന്ന ബാറ്റിങാണ് ന്യൂസിലന്‍ഡിന്റിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ഗപ്റ്റില്‍ 28 റണ്‍സ് നേടി. മിച്ചല്‍ 11, ഗ്ലെന്‍ ഫിലിപ്‌സ് 18, പുറത്താകാതെ ജെയിംസ് നിഷാം 13, ടിം സെയ്‌ഫെര്‍ട്ട് എട്ട് റണ്‍സ് നേടി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.