ദയാവധ ബില്ലിന്മേല്‍ പാര്‍ലമെന്റില്‍ ചര്‍ച്ച; മുത്തശ്ശിയെക്കുറിച്ച് വികാരാധീനനായി ഓസ്‌ട്രേലിയന്‍ പ്രീമിയര്‍

ദയാവധ ബില്ലിന്മേല്‍ പാര്‍ലമെന്റില്‍ ചര്‍ച്ച; മുത്തശ്ശിയെക്കുറിച്ച് വികാരാധീനനായി ഓസ്‌ട്രേലിയന്‍ പ്രീമിയര്‍

സിഡ്‌നി: ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് സൗത്ത് വെയില്‍സ് സംസ്ഥാനത്ത് ദയാവധം നടപ്പാക്കുന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍, രോഗം ബാധിച്ച് മരണാസന്നയായ തന്റെ മുത്തശ്ശിയെക്കുറിച്ചുള്ള കണ്ണുനനയിക്കുന്ന അനുഭവം പങ്കിട്ട് പ്രീമിയര്‍ ഡൊമിനിക് പെറോട്ടേറ്റ്.

പാന്‍ക്രിയാറ്റിക് കാന്‍സര്‍ ബാധിച്ച് മരണത്തിന്റെ വക്കിലാണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ട മുത്തശ്ശിയെന്ന് പ്രീമിയര്‍ പറയുന്നു. ഗുരുതര രോഗം ബാധിച്ച വ്യക്തികളുടെ ജീവനെടുക്കുന്ന ബില്‍ സ്വതന്ത്ര എംപി അലക്‌സ് ഗ്രീന്‍വിച്ച് പാര്‍ലമെന്റില്‍ അവതരിപ്പിച്ചപ്പോള്‍ മുതല്‍ ശക്തമായ എതിര്‍പ്പാണ് ഡൊമിനിക് പെറോട്ടേറ്റ് ഉയര്‍ത്തുന്നത്. എന്നാല്‍ പ്രീമിയര്‍ എന്ന നിലയില്‍ ലിബറല്‍ പാര്‍ട്ടിയിലെ എല്ലാ അംഗങ്ങള്‍ക്കും ഈ വിഷയത്തില്‍ മനസാക്ഷി വോട്ട് അനുവദിച്ചിരുന്നു.

ദയാവധ ബില്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയിലാണ് പ്രീമിയര്‍ തന്റെ മുത്തശ്ശിയെക്കുറിച്ച് വികാരാധീനനായത്. ബില്ലിനെക്കുറിച്ചുള്ള സംവാദം തന്റെ വിശ്വാസങ്ങള്‍ക്കെതിരാണെന്നു ഡൊമിനിക് പെറോട്ടേറ്റ് പറഞ്ഞു.

കഴിഞ്ഞയാഴ്ച മുത്തശ്ശിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ അവര്‍ തീവ്രമായ വേദന അനുഭവിക്കുന്നുണ്ടെന്നും ആ വേദന അവസാനിപ്പിക്കണമെന്നും തനിക്ക് ആവശ്യപ്പെടാമായിരുന്നു. ദുരിതങ്ങള്‍ക്കുള്ള ഉത്തരം മരണമല്ല. മറിച്ച് കരുതലും ആശ്വാസവും അനുകമ്പയും അവരിലേക്കു പകരുകയാണ് വേണ്ടത്.

ദയാവധം നടപ്പാക്കുന്നത് മൂല്യാധിഷ്ഠിതമായ നമ്മുടെ സംസ്‌കാരത്തിനെതിരാണ്. പകരം സാന്ത്വന പരിചരണം മെച്ചപ്പെടുത്താന്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനാകുമെന്ന് താന്‍ വിശ്വസിക്കുന്നതായി പ്രീമിയര്‍ പറഞ്ഞു.

ട്രഷറര്‍ എന്ന നിലയില്‍ സാന്ത്വന പരിചരണ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ താന്‍ പരാജയപ്പെട്ടു. എന്നാല്‍ പ്രീമിയര്‍ എന്ന നിലയില്‍ തനിക്ക് അത് പരിഹരിക്കാന്‍ കഴിയുമെന്ന് ഉത്തമ വിശ്വാസമുണ്ടെന്ന് ഡൊമിനിക് പെറോട്ടേറ്റ് പറഞ്ഞു.

ദയാവധ ബില്‍ പ്രകാരം, ആറ് മാസത്തിനകം അല്ലെങ്കില്‍ 12 മാസത്തിനുള്ളില്‍ മരണത്തിന് കാരണമാകുന്ന ഗുരുതര നാഡി തകരാറുകളുള്ള രോഗികള്‍ക്കാണ് മരണം അനുവദിക്കുന്നത്.
ഇതിന് രണ്ട് ഡോക്ടര്‍മാരുടെ അനുമതി ആവശ്യമാണ്.

നിലവില്‍ ഗുരുതര രോഗമുള്ളവര്‍ക്ക് ദയാവധം അനുവദിക്കാത്ത ഓസ്ട്രേലിയയിലെ ഏക സംസ്ഥാനമാണ് ന്യൂ സൗത്ത് സൗത്ത് വെയില്‍സ്. പ്രതിപക്ഷ നേതാവ് ക്രിസ് മിന്‍സും ബില്ലിനെ എതിര്‍ക്കുന്നു.

വെള്ളിയാഴ്ച ബില്ലിന്മേല്‍ നടന്ന ചര്‍ച്ചയില്‍ 20 എംപിമാര്‍ നിയമനിര്‍മ്മാണത്തെ അനുകൂലിച്ചും 11 പേര്‍ എതിര്‍ത്തും സംസാരിച്ചു. നവംബര്‍ 18 ന് ഉപരിസഭയില്‍ ചര്‍ച്ച പുനരാരംഭിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.