അന്റാര്‍ട്ടിക്കയ്ക്ക് മുകളിലെ ഓസോണ്‍ പാളിയില്‍ വലിയ വിള്ളല്‍; ആപല്‍ക്കരമെന്ന് നാസ ശാസ്ത്രജ്ഞര്‍

അന്റാര്‍ട്ടിക്കയ്ക്ക് മുകളിലെ ഓസോണ്‍ പാളിയില്‍ വലിയ വിള്ളല്‍; ആപല്‍ക്കരമെന്ന് നാസ ശാസ്ത്രജ്ഞര്‍

വാഷിംഗ്ടണ്‍:സൂര്യനില്‍ നിന്നുള്ള മാരകമായ അള്‍ട്രാ വയലറ്റ് രശ്മികളില്‍ നിന്നു ഭൂമിയേയും ജീവജാലങ്ങളേയും സംരക്ഷിക്കുന്ന കവചമായ ഓസോണ്‍ പാളിയില്‍ വലിയൊരു വിള്ളല്‍ രൂപപ്പെട്ടതായി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. അന്റാര്‍ട്ടിക്കയ്ക്ക് മുകളിലായുള്ള ഓസോണ്‍ പാളിയില്‍ രൂപപ്പെട്ട വലിയ ദ്വാരത്തിന്റെ വീഡിയോയും നാസ പുറത്തുവിട്ടു.

1979 ന് ശേഷം പതിമൂന്നാമത്തെ തവണയാണ് ഇത്ര വലിയ വിള്ളല്‍ രൂപപ്പെടുന്നതെന്നും ആശങ്ക ജനിപ്പിക്കുന്നതാണ് ഇതെന്നും നാസയിലെ ശാസ്ത്രജ്ഞര്‍ അറിയിച്ചു. 2021 ല്‍ ഓസോണ്‍ പാളിയിലെ ദ്വാരം ഏറ്റവും വലുതായി മാറിയിരിക്കുന്നു. ഈ വിള്ളലിന് ഏകദേശം അമേരിക്കയുടെ വലിപ്പമുണ്ട്. നാസയുടെ മൂന്ന് ഉപഗ്രഹങ്ങളും നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷനുമാണ് ഓസോണ്‍ പാളിയെ നീരീക്ഷിക്കുന്നത്.

ഔറ, സോമി എന്‍പിപി എന്‍പിപി, എന്‍ഒഎഎ 20 എന്നിവയാണ് ഓസോണ്‍ പാളിയെ നിരീക്ഷിക്കുന്ന ഉപഗ്രഹങ്ങള്‍. സ്ട്രാറ്റോസ്ഫെറിക്ക് മേഖലയില്‍ ഇപ്പോള്‍ മുന്‍പത്തെക്കാള്‍ വലിയ തണുപ്പാണ്. ഇതിന് കാരണം ഓസോണ്‍ പാളിയിലെ വലിയ ദ്വാരമാണെന്ന് ഗവേഷകര്‍ പറയുന്നു.
ഒരു പ്രദേശത്ത് ഓസോണ്‍ പാളിയിലുണ്ടാകുന്ന കനക്കുറവിനെയാണ് ഓസോണ്‍ പാളിയിലെ ദ്വാരം എന്ന് വിളിക്കുന്നത്.

പലതരം രാസവസ്തുക്കളാണ് ഓസോണ്‍ പാളിയുടെ വിള്ളലിന് കാരണമാകുന്നത്. ഓസോണിനെ നശിപ്പിക്കുന്ന വാതകങ്ങള്‍ ആഗോളതാപനത്തിന് കാരണമാകുന്ന ഹരിതഗൃഹ വാതകങ്ങള്‍ കൂടിയാണ്. സൂര്യനില്‍ നിന്നുള്ള അപകടകരമായ വികിരണങ്ങളെ തടയുന്ന അദൃശ്യമായ സംരക്ഷണ കവചമാണ് ഓസോണ്‍ പാളി. സ്ട്രാറ്റോസ്ഫിയറില്‍ സ്ഥിതി ചെയ്യുന്ന ഇത് ഒരു കുട പോലെ ഭൂമിയിലെ ജീവജാലങ്ങളെ കാത്തുസംരക്ഷിക്കുന്നു.

ഓസോണ്‍ പാളിക്കു വിള്ളല്‍ വീഴുന്തോറും ഭൂമിയില്‍ പതിക്കുന്ന അള്‍ട്രാ വയലറ്റ് രശ്മികളുടെ അളവും കൂടും. ഓക്‌സിജന്‍ തന്മാത്ര പ്രകാശത്തിന്റെ സാന്നിധ്യത്തില്‍ വിഘടിച്ച് ഓക്‌സിജന്‍ ആറ്റങ്ങളായി മാറുന്നു. ഈ ഓക്‌സിജന്‍ ആറ്റം ഓക്‌സിജന്‍ തന്മാത്രയുമായി ചേര്‍ന്ന് ഓസോണ്‍(O3) വാതകം രൂപം കൊള്ളുന്നു. അതായത്, മൂന്ന് ഓക്‌സിജന്‍ ആറ്റങ്ങള്‍ ചേര്‍ന്നുണ്ടാകുന്ന ഓസോണ്‍ (O3) വാതകമാണ് ഈ പാളിയില്‍ നിറഞ്ഞുനില്‍ക്കുന്നത്.

ഇളംനീല നിറമുള്ള, രൂക്ഷഗന്ധമുള്ള ഓസോണ്‍ ഹരിതഗൃഹവാതകങ്ങളില്‍ ഒന്നാണ്. അന്തരീക്ഷത്തില്‍ ഒരു നിശ്ചിത താപനിലയുണ്ടെങ്കിലേ ഓസോണിനു നിലനില്‍ക്കാനാകൂ. ട്രോപ്പോസ്ഫിയറില്‍ നിന്നു മുകളിലേക്കു താപവികിരണങ്ങള്‍ കടന്നുപോകുന്നതു വഴിയാണ് ഇതു സാധ്യമാകുന്നത്. ഓസോണ്‍ കവചത്തെ ഭേദിക്കാതെ വികിരണങ്ങള്‍ക്കു ഭൂമിയിലേക്കു പതിക്കാനാവില്ല. 220-330 നാനോമീറ്റര്‍ തരംഗദൈര്‍ഘ്യമുള്ള അള്‍ട്രാവയലറ്റ് വികിരണങ്ങളെയാണ് ഓസോണ്‍ ആഗിരണം ചെയ്യുന്നത്. ഹരിതഗൃഹ വാതകങ്ങളുടെ അളവ് കുത്തനെ ഉയരുമ്പോള്‍ ചൂട് അന്തരീക്ഷത്തിന്റെ താഴെത്തന്നെ തുടരുകയും സ്ട്രാറ്റോസ്ഫിയറിലെ താപനില കുറയുകയും ചെയ്യുന്നു. ഓസോണ്‍ പാളിക്ക് ആവശ്യത്തിനു ചൂട് ലഭിക്കാതെ വരുമ്പോള്‍ അതിലെ തന്മാത്രകള്‍ വിഘടിച്ച് ഓക്‌സിജന്‍ ആറ്റങ്ങളായി മാറുന്നു. ഈ വിള്ളലിലൂടെ കടന്നുവരുന്ന വികിരണങ്ങള്‍ മാരകമായ റേഡിയേഷനു കാരണമാകുന്നു.

സിഎഫ്‌സി വാതകം മുഖ്യ വില്ലന്‍

രാസവ്യവസായത്തില്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ക്ലോറോ ഫ്‌ളൂറോ കാര്‍ബണ്‍(സിഎഫ്‌സി) ഓസോണ്‍ പാളിക്കു വലിയ ക്ഷതമാണ് ഏല്‍പ്പിക്കുന്നത്.മീഥൈല്‍ ബ്രോമൈഡ്, ഹാലോണ്‍ തുടങ്ങിയവയും വിനാശകാരികളാണ്. എസി, റഫ്രിജറേറ്റര്‍, സ്‌പ്രേ ഇവയില്‍ നിന്നെല്ലാം പുറന്തള്ളപ്പെടുന്ന സിഎഫ്‌സി അന്തരീക്ഷപാളിയായ സ്ട്രാറ്റോസ്ഫിയറിലേക്ക് എത്തുമ്പോള്‍ അള്‍ട്രാവയലറ്റ് രശ്മികള്‍ ഇവയെ വിഘടിപ്പിക്കുന്നു. ഇങ്ങനെ പുറത്തുവരുന്ന ക്ലോറിന്‍ ഓസോണിന്റെ വിഘടനത്തിനു കാരണമാകുന്നു. സൂപ്പര്‍സോണിക് വിമാനങ്ങള്‍ സ്ട്രാറ്റോസ്ഫിയറിലേക്കു പുറന്തള്ളുന്ന നൈട്രജന്‍ ഓക്‌സൈഡുകള്‍ ഓസോണ്‍ പാളിയുടെ നാശത്തിനു കാരണമാകുന്നുണ്ട്. ആണവ വിസ്‌ഫോടനങ്ങളിലൂടെയും നൈട്രജന്‍ ഓക്‌സൈഡുകള്‍ പുറന്തള്ളപ്പെടുന്നു.

ഓസോണ്‍ പാളിയിലെ വിള്ളലുകളിലൂടെ അള്‍ട്രാ വയലറ്റ് രശ്മികള്‍ ഭൂമിയിലേക്ക് എത്തുന്നു. ത്വക്കിലെ ക്യാന്‍സറിനു വരെ ഇതു കാരണമാകുന്നു. ഓസോണ്‍ പാളിയില്‍ ഒരു ശതമാനം വിള്ളല്‍ വരുമ്പോള്‍ ത്വക്ക് ക്യാന്‍സര്‍ പിടിപെടുന്നവരുടെ എണ്ണത്തില്‍ 6 ശതമാനം വര്‍ധനയുണ്ടെന്നാണ് കണക്കു കൂട്ടുന്നത്. ജനിതകവൈകല്യങ്ങള്‍ക്കും തിമിരത്തിനും രക്താര്‍ബുദത്തിനും ശ്വാസകോശരോഗങ്ങള്‍ക്കുമെല്ലാം വഴിവയ്ക്കുന്ന ഇവ വിളകളുടെ ഉല്‍പ്പാദനശേഷിയെയും ബാധിക്കും. ആഗോളതാപനത്തിന് ആക്കംകൂടുന്നത് കാലാവസ്ഥയെ മാറ്റിമറിക്കും. അതുകൊണ്ടുതന്നെ ഓസോണ്‍ കുടയ്ക്കു തുള വീഴാതിരിക്കേണ്ടത് ഭൂമിയിലെ ജീവന്റെ നിലനില്‍പ്പിന് അനിവാര്യമാണ്. വ്യവസായ വളര്‍ച്ചയുടെ നാളുകളിലൂടെ വന്‍കിട രാഷ്ട്രങ്ങള്‍ കടന്നുപോയപ്പോള്‍ സ്വാഭാവികമായും അത് ഓസോണ്‍ പാളിക്കു മാരകമായ പ്രഹരമേല്‍പ്പിച്ചു. എണ്‍പതുകളുടെ പകുതിയോടെ വിള്ളല്‍ മുന്‍പെങ്ങുമില്ലാത്ത വിധം വലുതായി.

1985ലെ വിയന്ന കണ്‍വന്‍ഷന്‍ ഓസോണ്‍ സംരക്ഷണത്തിന്റെ ആദ്യ ചുവടുവയ്പുകളില്‍ ഒന്നായിരുന്നു. ഓസോണ്‍ പാളിയെ ദോഷകരമായി ബാധിക്കുന്ന വിനാശകരമായ വാതകങ്ങളുടെ ബഹിര്‍ഗമനം കുറയ്ക്കുന്നതിനായി മോണ്‍ട്രിയോള്‍ പ്രോട്ടോക്കോള്‍ ഒപ്പുവച്ചത് 1987 സെപ്റ്റംബര്‍ 16നാണ്. 1994 ല്‍ യുഎന്‍ പൊതുസഭ സെപ്റ്റംബര്‍ 16 ഓസോണ്‍ പാളി സംരക്ഷിക്കുന്നതിനുള്ള രാജ്യാന്തരദിനമായി പ്രഖ്യാപിച്ചു.ഏറ്റവും അധികം ഹരിതഗൃഹ വാതകങ്ങള്‍ പുറന്തള്ളുന്നത് യുഎസ് പോലുള്ള വികസിത രാജ്യങ്ങളാണ്. സിഎഫ്‌സി പൂര്‍ണമായി ഒഴിവാക്കുന്നത് ഇന്ത്യ പോലുള്ള രാജ്യങ്ങള്‍ക്ക് വലിയ വെല്ലുവിളിയാണ്. ചെലവേറിയവയാണ് ഇതിനു പകരം വയ്ക്കാവുന്ന വാതകങ്ങള്‍ എന്നതാണു കാരണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.