​സിറിൾ ജോൺ ഇനി ഷെവലിയാർ; ​വത്തിക്കാൻ സ്ഥാനപതി ആർച്ച്ബിഷപ് ഡോ. ലിയോപോൾഡോ ജിറേല്ലി സ്ഥാനചിഹ്നം നൽകി

​സിറിൾ ജോൺ ഇനി ഷെവലിയാർ; ​വത്തിക്കാൻ സ്ഥാനപതി ആർച്ച്ബിഷപ് ഡോ. ലിയോപോൾഡോ ജിറേല്ലി സ്ഥാനചിഹ്നം നൽകി

ഡൽഹി : പ്രഗത്ഭ വചന പ്രഘോഷകനും ആഗോള കരിസ്മാറ്റിക് പ്രസ്ഥാനത്തിന്റെ മുൻനിര ശുശ്രൂഷകനുമായ സിറിൾ ജോണിന് ഫ്രാൻസിസ് പാപ്പാ നൽകിയ ഷെവലിയാർ പദവി ഔദ്യോഗികമായി മാർപ്പാപ്പയുടെ പ്രതിനിധിയും ഭാരതത്തിലെ വത്തിക്കാൻ സ്ഥാനപതിയുമായ ആർച്ച്ബിഷപ് ഡോ. ലിയോപോൾഡോ ജിറേല്ലി സമ്മാനിച്ചു. നൈറ്റ് ഓഫ് ദി ഓർഡർ ഓഫ്സെന്റ് ജോർജ് ഗ്രിഗോറി ദി ഗ്രേറ്റ് "എന്ന ടൈറ്റിൽ ആണ് അദ്ദേഹത്തിന് നൽകിയത്. അല്മയർക്ക് സഭ നൽകുന്ന വലിയ അംഗീകാരത്തിന്റെ പ്രതീകമാണ് തനിക്ക് ലഭിച്ച ഈ ആദരവെന്ന് മറുപടി പ്രസംഗത്തിൽ ഷെവലിയാർ സിറിൾ ജോൺ പറഞ്ഞു. ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും അദ്ദേഹം നന്ദി പറഞ്ഞു.

ചടങ്ങിനോടനുബന്ധിച്ച് നടന്ന ദിവ്യബലിക്ക് ഡൽഹി അതിരൂപതാ മെത്രാപ്പോലീത്ത അനിൽ കൂട്ടോ മുഖ്യകാർമ്മികത്വം വഹിച്ചു. ചടങ്ങുകളിൽ ഫരീദാബാദ് രൂപതാ മെത്രാൻ മാർ കുര്യാക്കോസ് ഭരണിക്കുളങ്ങര, ബിഷപ്പ് ഫ്രാൻസിസ് കലിസ്റ്റ് (മീററ്റ്), ബിഷപ് ഇഗ്‌നേഷ്യസ് മസ്‌കാരനാസ് (സിംല) , ബിഷപ്പ് ഐവാൻ പെരേര (ജമ്മു കാശ്മീർ), ഗുഡ്‌ഗാവ് രൂപതാ അഡ്മിനിസ്ട്രേറ്റർ ഫാ വിജയാനന്ദ് , മോൺസിഞ്ഞോർ സൂസൈ സെബാസ്റ്റ്യൻ , തുടങ്ങിയവർ സഹകാർമികരായി. ഭാരത കത്തോലിക്കാ സഭയിലെ വൈദികരും മറ്റ് പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.

കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് നടത്തപ്പെട്ട ചടങ്ങിൽ അദ്ദേഹത്തിന്റെ ഭാര്യ എൽസമ്മ, മക്കൾ, അടുത്ത ബന്ധുക്കൾ തുടങ്ങി പ്രത്യേകം ക്ഷണിക്കപ്പെട്ടവർ ഗോൾഡാഖന കത്തീഡ്രലിൽ നടന്ന ചടങ്ങുകളിൽ പങ്കെടുത്തു. ഡൽഹി കരിസ്മാറ്റിക്ക് ധ്യാനകേന്ദ്രമായ ജീവൻ ജ്യോതി എല്ലാ ചടങ്ങുകളും ലൈവ് ആയി പ്രക്ഷേപണം നടത്തിയിരുന്നു.

കേരളത്തിലെ കുറവിലങ്ങാട്, തുണ്ടത്തിൽ കുടുംബാംഗമായ സിറിൾ ജോൺ കുടുംബത്തോടൊപ്പം ഡൽഹിയിലെ ദ്വാരകയിലാണ് താമസം. ഇന്ത്യൻ പാർലമെൻറിൽ ജോയിൻ സെക്രട്ടറി, ചീഫ് പ്രോട്ടോകോൾ ഓഫീസർ എന്നീ പദവികളിൽ അഭിമാനാർഹമായ സേവനം കാഴ്ചവച്ച അദ്ദേഹം 2016  ൽ വിരമിച്ചു. ഭാര്യ എൽസമ്മ, മക്കൾ യൂജിൻ, ജെറിൽ, മെർലിൻ, കരോളിൻ എന്നിവർ മക്കളാണ്.

ഡൽഹിയിലെ കത്തീഡ്രൽ പ്രാർത്ഥനാഗ്രൂപ്പിന്റെ കോർഡിനേറ്ററായി 1993ൽ ശുശ്രൂഷാ ജീവിതം ആരംഭിച്ച അദ്ദേഹം, തുടർന്ന് 6 വർഷം (1994-2000) ഡൽഹി സർവീസ് ടീമിന്റെ ചെയർമാനായിരുന്നു; ഇന്ത്യയിലെ കരിസ്മാറ്റിക്ക് നവീകരണത്തിന്റെ ദേശീയ സേവന സമിതി അംഗം (1995-1998); നാഷണൽ സർവീസ് ടീം ഓഫ് ഇന്ത്യ (2001-2010) ചെയർമാൻ; ഇന്റർനാഷണൽ കാത്തലിക് കരിസ്മാറ്റിക് റിന്യൂവൽ സർവീസസ് (ഐസിസിആർഎസ്) (2004-2007), ന്റെ വൈസ് പ്രസിഡന്റ് (2007-2015) ഐസിസി ആർ എസ് സബ് കമ്മിറ്റി ഫോർ ഏഷ്യ-ഓഷ്യാനിയ (ഇസാഒ) (2006-2019) ചെയർമാൻ എന്നീ നിലകളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യയിലും ഏഷ്യ ഓഷ്യാന മേഖലകളിലും കത്തോലിക്കാ കരിസ്മാറ്റിക് നവീകരണത്തെ പടുത്തുയർത്തുന്നതിലും, പ്രോത്സാഹിപ്പിക്കുന്നതിലും, ശക്തിപ്പെടുത്തുന്നതിലും ഏകീകരിക്കുന്നതിലും അദ്ദേഹം സുപ്രധാന പങ്ക് വഹിച്ചു.

ഫ്രാൻസിസ് മാർപ്പാപ്പ വ്യക്തിപരമായി മുൻകൈ എടുത്ത് 2018 ൽ രൂപീകരിച്ച കാരിസ് ഇന്റർനാഷണൽ സർവീസ് ഓഫ് കമ്മ്യൂണിയനിലെ അംഗമാണ് ഇപ്പോൾ സിറിൾ ജോൺ. കുലീനതയുടെയും ആദരവിന്റെയും കൃതജ്ഞതയുടെയും അടയാളമായി സഭയോട് വിശ്വസ്തത പ്രകടിപ്പിച്ച് മാതൃകാപരമായി സഭാസാമൂഹികസേവനങ്ങൾ നൽകുന്നവർക്ക് സാർവത്രികസഭയുടെ തലവനെന്ന നിലയിൽ പാപ്പ നൽകുന്ന സ്ഥാനിക പദവികളാണ് പേപ്പൽ ബഹുമതികൾ. വത്തിക്കാൻ ഒരു പരമാധികാര രാഷ്ട്രമെന്ന നിലയിലും രാജ്യത്തിന്റെ സർവ സൈന്യാധിപനെന്ന തലത്തിലുമാണ് പേപ്പൽ ബഹുമതികൾ പ്രത്യേക പദവികളായി നൽകുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.