ഓസ്‌ട്രേലിയയില്‍ ഗാന്ധി പ്രതിമയുടെ തലയറുത്തു മാറ്റാന്‍ ശ്രമിച്ച സംഭവം; സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം

ഓസ്‌ട്രേലിയയില്‍ ഗാന്ധി പ്രതിമയുടെ തലയറുത്തു മാറ്റാന്‍ ശ്രമിച്ച സംഭവം; സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം

സിഡ്‌നി: ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ മഹാത്മാ ഗാന്ധിയുടെ പൂര്‍ണകായ വെങ്കല പ്രതിമ തകര്‍ക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതികളെ കണ്ടെത്താന്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ്. ഗാന്ധി പ്രതിമയുടെ തലയറുത്തു മാറ്റാനാണ് അക്രമികള്‍ ശ്രമിച്ചത്. ഡ്രില്ലിങ് മെഷീന്‍ പോലെയുള്ള ആയുധം ഉപയോഗിച്ച് കഴുത്തിന് ചുറ്റും മുറിച്ചെങ്കിലും തകര്‍ത്തുമാറ്റാന്‍ സാധിച്ചില്ല.

സംഭവത്തില്‍ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ നടുക്കം രേഖപ്പെടുത്തിയിരുന്നു. ഇന്ത്യന്‍ സര്‍ക്കാര്‍ ഉപഹാരമായി നല്‍കിയ ഗാന്ധി പ്രതിമയാണ് തകര്‍ക്കാന്‍ ശ്രമം നടന്നത്. മെല്‍ബണില്‍ ശനിയാഴ്ചയാണ് സംഭവം. അനാച്ഛാദനം ചെയ്തതിന്റെ തൊട്ടടുത്ത ദിവസമാണ് പ്രതിമക്ക് നേരെ ആക്രമണം.

ഓസ്‌ട്രേലിയന്‍ ഇന്ത്യന്‍ കമ്യൂണിറ്റി സെന്ററിന് മുന്നിലായിരുന്നു ഗാന്ധിയുടെ ജീവസുറ്റ പ്രതിമ സ്ഥാപിച്ചത്. വെള്ളിയാഴ്ച പ്രധാനമന്ത്രി സ്‌കോട്ട് മോറിസനാണ് അനാച്ഛാദനം നിര്‍വഹിച്ചത്. കോണ്‍സല്‍ ജനറല്‍ രാജ്കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തിരുന്നു.

പ്രതിമ തകര്‍ത്ത സംഭവം തന്നെ ഞെട്ടിച്ചുവെന്ന് സ്‌കോട്ട് മോറിസണ്‍ പ്രതികരിച്ചത്. സാംസ്‌കാരിക പ്രതീകങ്ങളെ തകര്‍ക്കുന്ന നടപടികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗാന്ധി പ്രതിമയുടെ തല തകര്‍ക്കാനാണ് അക്രമികള്‍ ശ്രമിച്ചതെന്ന് ഓസ്‌ട്രേലിയ ഇന്ത്യ കമ്യൂണിറ്റി ചാരിറ്റബിള്‍ ട്രസ്റ്റ് മേധാവി വാസന്‍ ശ്രീനിവാസന്‍ പറഞ്ഞു. വിക്ടോറിയ മേഖലയില്‍ മാത്രം മൂന്ന് ലക്ഷത്തോളം ഇന്ത്യക്കാരുണ്ട്. ഇങ്ങനെയൊന്ന് സംഭവിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26