റഷ്യന്‍ മിസൈല്‍ എസ്-400 ഇന്ത്യയിലേക്ക്; ആശങ്കയറിയിച്ച് അമേരിക്ക

റഷ്യന്‍ മിസൈല്‍ എസ്-400 ഇന്ത്യയിലേക്ക്; ആശങ്കയറിയിച്ച് അമേരിക്ക

ന്യൂഡൽഹി: ഇന്ത്യയുടെ വ്യോമ പ്രതിരോധശേഷിക്ക്‌ കരുത്തേകാൻ റഷ്യൻ നിർമിത മിസൈൽ സംവിധാനമായ എസ്-400 ട്രയംഫ്. ഇതിന്റെ ഘടകഭാഗങ്ങൾ കര-വ്യോമ മാർഗങ്ങളിലൂടെ ഇന്ത്യയിൽ എത്തിച്ചതായി റഷ്യൻ വാർത്താ ഏജൻസിയായ സ്പുട്നിക് റിപ്പോർട്ട് ചെയ്തു.

എസ്-400 ഇക്കൊല്ലം തന്നെ വിന്യസിക്കാൻ കഴിയുംവിധമാണ് കൈമാറ്റമെന്ന് റഷ്യയുടെ ഫെഡറൽ സർവീസ് ഓഫ് മിലിട്ടറി ടെക്നിക്കൽ കോ-ഓപ്പറേഷൻ ഡയറക്ടർ ദിമിത്രി ഷുഗയേവിനെ ഉദ്ധരിച്ച് എജൻസി വ്യക്തമാക്കി. എന്നാൽ, ഇതേക്കുറിച്ച് ഇന്ത്യ പ്രതികരിച്ചിട്ടില്ല.

എസ്-400ന്റെ അഞ്ച് യൂണിറ്റ് വാങ്ങാൻ 2018-ലാണ് ഇന്ത്യ റഷ്യയുമായി 550 കോടി ഡോളറിന്റെ (40,000 കോടി രൂപ) കരാറിൽ ഒപ്പിട്ടത്. ഇതിൽ 80 കോടി ഡോളർ (5900 കോടി രൂപ) കൈമാറുകയും ചെയ്തു. റഷ്യ ഇന്ത്യക്ക് എസ്-400 ട്രയംഫ് മിസൈൽ സംവിധാനം കൈമാറിയതിൽ യു.എസ്. ആശങ്കയറിച്ചു.

എന്നാൽ, റഷ്യയിൽനിന്ന് ഇതുവാങ്ങിയതിന്റെ പേരിൽ ഇന്ത്യക്കെതിരേ നടപടിയെടുക്കുമോ എന്ന് വ്യക്തമാക്കിയിട്ടില്ല. റഷ്യയിൽനിന്ന് ആയുധം വാങ്ങുന്ന രാജ്യങ്ങൾക്കെതിരേ ‘കാറ്റ്‌സ’ പ്രകാരം അമേരിക്ക ഉപരോധമേർപ്പെടുത്താറുണ്ട്. എസ്-400 വാങ്ങിയതിന്റെ പേരിൽ തുർക്കിക്ക് യു.എസ്. ഉപരോധമേർപ്പെടുത്തിയിട്ടുണ്ട്.

എസ്-400 വാങ്ങിയാൽ ഇന്ത്യ നടപടി നേരിടേണ്ടിവരുമെന്ന് യു.എസ്. മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. എസ്-400 ഉപയോഗിക്കാനുള്ള ഏതുരാജ്യത്തിന്റെയും തീരുമാനം അപകടകരമാണെന്ന് കഴിഞ്ഞമാസം ഇന്ത്യ സന്ദർശിച്ച യു.എസ്. വിദേശകാര്യ ഡെപ്യൂട്ടി സെക്രട്ടറി വെൻഡി ഷെർമൻ പറഞ്ഞിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.