കൊച്ചി: പോക്സോ കേസില്‍ കൈക്കൂലി വാങ്ങിയ എഎസ്‌ഐയ്‌ക്കെതിരെ കേസെടുക്കാത്തത് എന്തുകൊണ്ടെന്ന് ഹൈക്കോടതി. ഡല്‍ഹി സ്വദേശികളുടെ രണ്ട് പെണ്‍മക്കള്‍ ഇരകളായ കേസില്‍ പരാതിക്കാരോട് വിമാന ടിക്കറ്റിനടക്കം 98,500 രൂപ പൊലീസ് വാങ്ങിയെന്ന് മൊഴിയുണ്ടെന്നും കോടതി പറഞ്ഞു.
കൈക്കൂലി ആവശ്യപ്പെട്ട എഎസ്‌ഐയ്‌ക്കെതിരെ എന്തുകൊണ്ട് എഫ്‌ഐആര്‍ രേഖപ്പെടുത്തുന്നില്ല എന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് പെണ്‍കുട്ടികളുടെ അമ്മയുടെ ആരോപണത്തിന് മറ്റു തെളിവുകളില്ലെന്നായിരുന്നു പൊലീസ് കോടതിയെ അറിയിച്ചത്. എന്നാല്‍ ഇത് അങ്ങനെ അവസാനിപ്പിക്കാന്‍ പറ്റുന്ന കേസ് അല്ല. പരാതിക്കാരോട് വിമാന ടിക്കറ്റിനടക്കം 98.500 രൂപ പൊലീസ് വാങ്ങിയെന്ന് വ്യക്തമായ മൊഴിയുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടുകയായിരുന്നു.
ഇതിനിടയില്‍ പോക്‌സോ കേസില്‍ ഇരയായ പെണ്‍കുട്ടിയോട് 20,000 രൂപയും എഎസ്‌ഐ വാങ്ങിയെന്ന് അഭിഭാഷകന്‍ അറിയിച്ചു. ഇതോട് കൂടിയാണ് കോടതി നിലപാട് കടുപ്പിച്ചത്. ഇതില്‍ വ്യക്തമായ ഉത്തരം വേണമെന്ന ആവശ്യം കോടതി മുന്നോട്ട് വെക്കുകയും ചെയ്തു. ആരുടെ അനുമതിയോടെയാണ് എഎസ്‌ഐ അടക്കം അഞ്ച് പേര്‍ കേസ് അന്വേഷണത്തിന് ഡല്‍ഹിയില്‍ പോയതെന്ന് കോടതി ആരാഞ്ഞു. യാത്രാ ചെലവിനുള്ള പണം എവിടെ നിന്നാണെന്ന് മേല്‍ ഉദ്യോഗസ്ഥന്‍ അന്വേഷിക്കാതിരുന്നത് എന്ത് കൊണ്ടാണെന്നും ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണമെന്നും കോടതി പറഞ്ഞു.
അതേസമയം ആരോപണ വിധേയരായ അഞ്ച് പൊലീസുകാര്‍ക്കെതിരെ വകുപ്പുതല നടപടി എടുത്തതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ മുദ്രവെച്ച് നല്‍കിയ കവറില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ഹൈക്കോടതിയെ അറിയിച്ചു.
വീടുവിട്ടിറങ്ങിയ രണ്ട് പെണ്‍മക്കളെ കണ്ടെത്താന്‍ ഡല്‍ഹി സ്വദേശികളായ മാതാപിതാക്കള്‍ പൊലീസിന്റെ സഹായം തേടിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. കാണാതായ പെണ്‍കുട്ടികളെ ഡല്‍ഹിയില്‍ കണ്ടെത്തുകയായിരുന്നു. ഇവിടെ വെച്ച് 17 വയസുള്ള പെണ്‍കുട്ടി ബലാത്സംഗത്തിനിരയായിരുന്നു. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ രണ്ട് ഡല്‍ഹി സ്വദേശികളെ പിടികൂടിയെങ്കിലും ഒരാളെ പൊലീസ് ഒഴിവാക്കിയിരുന്നു.
അറസ്റ്റിലായ ആളെക്കൊണ്ട് ഇരയെ വിവാഹം കഴിപ്പിക്കാനും പൊലീസ് മാതാപിതാക്കളെ നിര്‍ബന്ധിച്ചുവെന്നാണ് പരാതി. പെണ്‍കുട്ടികളെ നാട്ടിലെത്തിച്ചെങ്കിലും ഇവരെ മാതാപിതാക്കള്‍ക്ക് കൈമാറിയില്ല. പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്നു പറഞ്ഞ സഹോദരന്‍മാരെ അറസ്റ്റ് ചെയ്യുകയും കേസ് ഒതുക്കാന്‍ എറണാകുളം നോര്‍ത്ത് എ.എസ്.ഐ വിനോദ് കൃഷ്ണ അഞ്ചു ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്‌തെന്നാണ് പരാതി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.