കൊച്ചി: മോഷണം ആരോപിച്ച് ആറ്റിങ്ങലില്‍ പിങ്ക് പൊലീസ് പരസ്യ വിചാരണയ്ക്കിരയാക്കിയ ജയചന്ദ്രന്റെ മകള്‍ ഹൈക്കോടതിയില്‍. പിങ്ക് പൊലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ കര്‍ശന നടപടിക്ക് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ചെയ്യാത്ത തെറ്റിന്റെ പേരില്‍ പൊലീസ് ഉദ്യോഗസ്ഥ തന്നെ കള്ളി എന്ന് വിളിച്ച് അപമാനിച്ചുവെന്നും അച്ഛന്റെ വസ്ത്രം അഴിച്ച് പരിശോധന നടത്തിയെന്നും ഹര്‍ജിയില്‍ പറയുന്നു.
മോഷ്ടിച്ചുവെന്ന് പറഞ്ഞ മൊബൈല്‍ ഫോണ്‍ ഉദ്യോഗസ്ഥയുടെ ഹാന്റ്ബാഗില്‍ തന്നെ ഉണ്ടെന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു. പൊലീസിന്റെ പീഡനം കാരണം തങ്ങള്‍ക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായി. കുറ്റക്കാരിയായ ഉദ്യോഗസ്ഥയെ എന്നിട്ടും പൊലീസും സര്‍ക്കാരും സംരക്ഷിക്കുകയാണ്. ആറ്റിങ്ങല്‍ ഡിവൈഎസ്പിയ്ക്ക് അടക്കം പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്നും ആരോപണവിധേയായ രജിതയുടെ താല്‍പര്യ പ്രകാരം സ്ഥലം മാറ്റം നല്‍കുകയാണ് ചെയ്തതെന്നും ഹര്‍ജിയില്‍ പറയുന്നു. ചെയ്യാത്ത തെറ്റിന്റെ പേരില്‍ പീഡിപ്പിക്കപ്പെട്ട തങ്ങള്‍ക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നും പെണ്‍കുട്ടി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ആറ്റിങ്ങലില്‍ വച്ചാണ് എട്ട് വയസുകാരിക്കും അച്ഛനും പിങ്ക് പൊലീസില്‍ നിന്ന് ദുരനുഭവം ഉണ്ടായത്. തന്റെ മൊബൈല്‍ മോഷ്ടിച്ചുവെന്ന് ആരോപിച്ചാണ് അച്ഛനെയും മകളെയും പൊലീസ് ഉദ്യോഗസ്ഥയായ രജിത നടുറോഡില്‍ വെച്ച് ആളുകള്‍ നോക്കി നില്‍ക്കെ ചോദ്യം ചെയ്തത്. പൊലീസ് വാഹനത്തിലെ ബാഗില്‍ നിന്നും മൊബൈല്‍ കിട്ടിയിട്ടും നാട്ടുകാരുടെ മുന്നില്‍ രജിത സ്വന്തം നിലപാട് ന്യായീകരിക്കുകയാണ് ചെയ്തത്.
അന്വേഷണം നടത്തിയ ആറ്റിങ്ങല്‍ ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ടില്‍ രജിത അപമര്യാദയായി പെരുമാറിയിട്ടില്ലെന്നാണ് പറയുന്നത്. പിന്നാലെ രജിതയുടെ നടപടി നല്ലനടപ്പ് പരിശീലനത്തില്‍ ഒതുക്കുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.