ന്യുഡല്‍ഹി: അറസ്റ്റില്‍ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് മുന്‍ മുംബൈ പൊലീസ് കമ്മീഷണര്‍ പരംബീര്‍ സിങ്ങ് സുപ്രീം കോടതിയെ സമീപിച്ചു. അതേസമയം നിലവില്‍ എവിടെയാണ് ഉള്ളതെന്ന് വെളിപ്പെടുത്താതെ പരംബീര്‍ സിങ്ങിന്റെ ഹര്‍ജി പരിഗണിക്കില്ലെന്ന് കോടതി വ്യക്തമാക്കി. ഇന്ത്യയിലാണോ അതോ വിദേശത്താണോ ഉള്ളതെന്ന് പരംബീര്‍ സിങ് വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
പരംബീര്‍ സിങ് എവിടെയാണ് ഉള്ളത്. അന്വേഷണവുമായി അദ്ദേഹം സഹകരിക്കുന്നില്ല. ഇത്തരം സംഭവങ്ങള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥനായ അദ്ദേഹത്തിന്റെ വിശ്വാസ്യത സംബന്ധിച്ചും ആശങ്കകളുണ്ടാക്കുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. പരംബീര്‍ സിങ്ങില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ തേടേണ്ടതുണ്ടെന്നും കൂടുതല്‍ സമയം അനുവദിക്കണമെന്നും അദ്ദേഹത്തിന് വേണ്ടി ഹാജരായ അഭിഭാഷകര്‍ കോടതിയോട് അഭ്യര്‍ഥിച്ചു. കേസ് നവംബര്‍ 22ന് വീണ്ടും പരിഗണിക്കും.
സെപ്തംബര്‍ മുതല്‍ പരംബീര്‍ സിങ്ങ് ഒളിവിലാണ്. ഭീഷണിപ്പെടുത്തി പണം പിരിച്ചുവെന്ന പരാതിയില്‍ മൂന്നു കേസുകളിലായി ജാമ്യമില്ലാ വാറന്റ് നേരിടുന്ന സിങ് വിദേശത്തേക്കു കടന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. പരംബീര്‍ സിങ്ങ് മുപ്പത് ദിവസത്തിനുള്ളില്‍ കീഴടങ്ങിയിട്ടില്ലെങ്കില്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കണമെന്ന മുംബൈ പൊലീസിന്റെ അപേക്ഷ കോടതി അംഗീകരിച്ചിരുന്നു.
ഇക്കാര്യം കാണിച്ചുകൊണ്ട് പൊലീസ് പത്രങ്ങളില്‍ പരസ്യം ചെയ്യും. മലബാര്‍ ഹില്ലിലെ സിങ്ങിന്റെ വീടിനു മുന്നില്‍ കോടതി വിധി പതിക്കുകയും ചെയ്യും. 30 ദിവസത്തിനകം കീഴടങ്ങിയില്ലെങ്കില്‍ സ്വത്തുവകകള്‍ കണ്ടു കെട്ടാനുള്ള നടപടിയും സ്വീകരിക്കും. പണപ്പിരിവ് കേസിലും സമാനമായ മറ്റ് രണ്ട് കേസിലും പരംബീര്‍ സിങ്ങിനെതിരെ അഞ്ച് കേസുകളും ജാമ്യമില്ലാ വാറന്റുമാണ് നിലവിലുള്ളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.