നാല്‍പ്പതിനായിരത്തോളം തമിഴ്ബ്രാഹ്മണ യുവാക്കള്‍ക്ക് വധുവിനെ ആവശ്യമുണ്ട്; അന്വേഷണം ഉത്തരേന്ത്യയിലേക്കും

നാല്‍പ്പതിനായിരത്തോളം തമിഴ്ബ്രാഹ്മണ യുവാക്കള്‍ക്ക് വധുവിനെ ആവശ്യമുണ്ട്; അന്വേഷണം ഉത്തരേന്ത്യയിലേക്കും

ചെന്നൈ: തമിഴ്ബ്രാഹ്മണ യുവാക്കള്‍ക്ക് ജീവിതപങ്കാളികളെ തേടിയുള്ള അന്വേഷണം ഉത്തരേന്ത്യയിലേക്കും വ്യാപിക്കുന്നു. സമുദായ സംഘടനകള്‍ തന്നെയാണ് അന്വേഷണവുമായി ഇറങ്ങിയിരിക്കുന്നത്. 30നും 40നും ഇടയില്‍ പ്രായമുള്ള അവിവാഹിതരായ ബ്രാഹ്മണ യുവാക്കളുടെ എണ്ണം കൂടിയതോടെയാണ് തമിഴ്നാട് ബ്രാഹ്മണ അസോസിയേഷന്‍ ഉത്തര്‍പ്രദേശ്, ബിഹാര്‍ എന്നിവിടങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാന്‍ തീരുമാനിച്ചത്.

ഇതിനായി ഡല്‍ഹി, ലഖ്നൗ, പട്ന എന്നിവിടങ്ങളില്‍ കോ-ഓര്‍ഡിനേറ്റര്‍മാരെ നിയോഗിക്കുമെന്ന് അസോസിയേഷന്‍ പ്രസിഡന്റ് എന്‍. നാരായണന്‍ അറിയിച്ചു. തമിഴ്നാട്ടില്‍ വിവാഹപ്രായമായിട്ടും അനുയോജ്യരായ ജീവിതപങ്കാളികളെ കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന 40,000ഓളം ബ്രാഹ്മണ യുവാക്കളുണ്ടെന്നാണ് അസോസിയേഷന്‍ വ്യക്തമാക്കുന്നത്.

വിവാഹപ്രായമുള്ള 10 ബ്രാഹ്മണ യുവാക്കളുണ്ടെങ്കില്‍ യുവതികളുടെ എണ്ണം ആറ് മാത്രമാണെന്നും ഇതാണ് പ്രതിസന്ധിയ്ക്ക് കാരണമെന്നും സംഘടനാ നേതാക്കള്‍ പറയുന്നു. ഇത് പരിഹരിക്കാനാണ് ഉത്തരേന്ത്യയിലേക്ക് ബന്ധം തേടിപ്പോകുന്നത്.

അസോസിയേഷന്റെ മാസികയില്‍ പ്രസിദ്ധീകരിച്ച തുറന്ന കത്തിലാണ് നാരായണന്‍ പുതിയ ശ്രമത്തെക്കുറിച്ച് വിശദീകരിച്ചത്. ലഖ്നൗ, പട്ന എന്നിവിടങ്ങളിലുള്ള ആളുകളുമായി ചര്‍ച്ചകള്‍ നടന്നുവരികയാണ്. ഈ സ്ഥലങ്ങളിലെ കോ-ഓര്‍ഡിനേറ്റര്‍മാരെ കൂടാതെ ഹിന്ദി വായിക്കാനും എഴുതാനും സംസാരിക്കാനും അറിയാവുന്നവരെ അസോസിയേഷന്റെ ചെന്നൈയിലെ ആസ്ഥാനത്തും നിയമിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.

മിഴ്നാട്ടിലെ ജനസംഖ്യയുടെ മൂന്ന് ശതമാനമാണ് ബ്രാഹ്മണര്‍. ഇതില്‍ അയ്യര്‍, അയ്യങ്കാര്‍ എന്നീ രണ്ട് വിഭാഗങ്ങളാണുള്ളത്. മുമ്പ് ഇരുവിഭാഗങ്ങളില്‍പ്പെട്ടവര്‍ തമ്മില്‍ വിവാഹം കഴിക്കാറില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇത് മാറിയിട്ടുണ്ട്. തെലുങ്ക്, കന്നഡ ബ്രാഹ്മണര്‍ വിഭാഗങ്ങളുമായും പാലക്കാടുള്ള ബ്രാഹ്മണര്‍ വിഭാഗത്തില്‍പ്പെട്ടരെയും തമിഴ് ബ്രാഹ്മണര്‍ വിവാഹം കഴിക്കാറുണ്ട്. എന്നിട്ടും അവിവാഹിതരായ യുവാക്കളുടെ എണ്ണം കൂടുകയാണ്.

കൂടാതെ മൂന്നു ദിവസം നീളുന്ന വിവാഹച്ചടങ്ങുകള്‍ വലിയ ചെലവിന് കാരണമാകുന്നതിനാല്‍ ആഘോഷങ്ങളില്‍ മാറ്റം വരുത്തണമെന്ന ആവശ്യവും സമുദായത്തില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.