പനാജി: ഐഎസ്എല്‍ എട്ടാം സീസൺ ഫുട്‌ബോള്‍ ലീഗിന് ഇന്ന് ഗോവയില്‍ തുടക്കമാകും. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സ്–എടികെ മോഹന്‍ ബഗാന്‍ പോരാട്ടത്തോടെയാണ് ആരംഭം. പനാജിയിലെ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം.
ആരാധകര്‍ ഏറ്റവും അധികമുള്ള രണ്ടു ടീമുകള്‍ പോരാടുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. സ്‌റ്റേഡിയത്തിനൊപ്പം ടെലിവിഷന്‍ സ്‌ക്രീനുകള്‍ക്ക് മുമ്പിലും ഐ.എസ്.എല്‍ പോരാട്ടം ഫുട്‌ബോള്‍ ആരാധകരെ നിറയ്‌ക്കുമെന്നതില്‍ സംഘാടകര്‍ക്ക് ശുഭപ്രതീക്ഷയാണ്.
ആദ്യ കിരീടം നേടാനുറച്ച് ഇറങ്ങുന്ന കേരളാ ബ്ലാസ്റ്റേഴ്‌സ് മൂന്ന് തവണ ചാമ്പ്യൻമാരായ എ.ടി.കെ മോഹന്‍ ബഗാനെയാണ് നേരിടുന്നത്. കഴിഞ്ഞ സീസണില്‍ മുംബൈ സിറ്റിക്ക് മുന്നിലാണ് മോഹന്‍ ബഗാന് കലാശപോരാട്ടത്തില്‍ കാലിടറിയത്.
രണ്ട് തവണ ഫൈനലിലെത്തിയിട്ടും ബ്ലാസ്റ്റേഴ്‌സിന് കിരീടം നേടാനാകാത്തതിന്റെ കലിപ്പ് തീര്‍ക്കുവാനുള്ള അവസരമായിട്ടാണ് ആരാധകര്‍ കാണുന്നത്. അന്റോണിയോ ഹബാസെന്ന പരിശീലകന്റെ നേതൃത്വത്തില്‍ മോഹന്‍ ബഗാനിറങ്ങുമ്പോൾ, ഇവാന്‍ വുകോമനോവിച്ചിന് കേരള ബ്ലാസ്‌റ്റേഴ്‌സില്‍ തികഞ്ഞ വിശ്വാസമാണുള്ളത്.
ആറ് വിദേശതാരങ്ങളുമായിട്ടാണ് ബ്ലാസ്‌റ്റേഴ്‌സ് പുതിയ സീസണില്‍ ഇറങ്ങുന്നത്. കഴിഞ്ഞ സീസണില്‍ പത്താം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട നാണക്കേട് മാറ്റുക എന്നതാണ് ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ലക്ഷ്യം. ആഡ്രിയാന്‍ ലൂണ, മാര്‍കോ ലെസോവിച്ച്, അല്‍വാരോ വാസ്‌ക്വേസ്, ഹോര്‍ഗേ പെരേര എന്നിവരിലാണ് ടീമിന് പ്രതീക്ഷ.
സൂപ്പര്‍താരം റോയ് കൃഷ്ണ, ഫ്രഞ്ച് താരം ഹ്യൂഗോ ബൗമൗസ്, ഫിന്‍ലാന്‍ഡിന്റെ ജോണി കൗക്കോ എന്നിവര്‍ കളം നിറഞ്ഞാല്‍ മത്സരം കടുക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.