കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ച നടപടിയിൽ പ്രതികരണവുമായി പാർട്ടികൾ: ധാര്‍ഷ്ട്യം കീഴടങ്ങിയെന്ന് കോണ്‍ഗ്രസ്; കര്‍ഷകരുടെ വിജയമെന്ന് സിപിഎം

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ച നടപടിയിൽ പ്രതികരണവുമായി പാർട്ടികൾ:  ധാര്‍ഷ്ട്യം കീഴടങ്ങിയെന്ന് കോണ്‍ഗ്രസ്; കര്‍ഷകരുടെ വിജയമെന്ന് സിപിഎം

ന്യൂഡല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതികരണവുമായി രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും രംഗത്ത്. കേന്ദ്രം കാർഷിക നിയമങ്ങൾ പിൻവലിച്ചത് 'വൈകി വന്ന വിവേകമെന്ന്' മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി പറഞ്ഞു. ജനങ്ങളുടെ സമരത്തിന് മുന്നില്‍ കേന്ദ്രം മുട്ടുമടക്കിയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അനീതിക്കെതിരായ വിജയമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി പറഞ്ഞു. രാജ്യത്തിന്റെ അന്നദാതാക്കളുടെ സത്യഗ്രഹസമരത്തിന് മുന്നില്‍ അഹങ്കാരത്തിന്റെ തല താഴ്ത്തിയെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.


കര്‍ഷകരുടെ വിജയമാണിതെന്ന് രാജ്യസഭയിലെ കോണ്‍ഗ്രസ് കക്ഷിനേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. കര്‍ഷകസമരത്തിനിടെ 700 പേരാണ് മരിച്ചത്. ഇതിന് ഉത്തരവാദി കേന്ദ്ര സര്‍ക്കാരാണെന്നും ഖാര്‍ഗെ കുറ്റപ്പെടുത്തി.
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതില്‍ കേന്ദ്ര സര്‍ക്കാരിന് നന്ദി പറയുന്നുവെന്ന് പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് പറഞ്ഞു. എല്ലാ പഞ്ചാബികളുടേയും ആവശ്യം അംഗീകരിച്ചു. ഗുരുനാനാക് പുണ്യവേളയില്‍ അംഗീകാരമെന്നും അമരീന്ദര്‍ പറഞ്ഞു.

അതേസമയം ഇത് കര്‍ഷകരുടെ വിജയമെന്ന് സിപിഎം പ്രതികരിച്ചു. തോല്‍വി മുന്നില്‍ കണ്ടുള്ള തീരുമാനമാണിത്. കേന്ദ്രത്തിന്റേത് ലജ്ജാകരമായ പിന്മാറ്റമാണ്. ഏകാധിപത്യം നടപ്പാകില്ലെന്ന് കര്‍ഷകര്‍ മോഡി സര്‍ക്കാരിനെ പഠിപ്പിച്ചു. കര്‍ഷക രക്തസാക്ഷികളെ സ്മരിക്കുന്നതായും സിപിഎം അഭിപ്രായപ്പെട്ടു. മോഡി സര്‍ക്കാരിന്റെ തരംതാണ കളികളാണ് പരാജയപ്പെട്ടത്. ഇത് സമരത്തിന് നേതൃത്വം കൊടുത്ത സംയുക്ത കിസാന്‍ മോര്‍ച്ചയുടെ വന്‍ വിജയമാണെന്നും സിപിഎം കൂട്ടിച്ചേർത്തു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.