സിഡ്‌നി: അഞ്ച് നൂറ്റാണ്ടുകള്‍ക്കിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണത്തിന് ഇന്ന് ലോകം സാക്ഷ്യം വഹിക്കുന്നു. ഈ വര്‍ഷത്തെ രണ്ടാമത്തെയും അവസാനത്തേതുമായ ചന്ദ്ര ഗ്രഹണമാണിത്. 580 വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയതും. ഏകദേശം ആറ് മണിക്കൂര്‍ നീണ്ടു നില്‍ക്കുന്നതാണ് ഭാഗിക ചന്ദ്രഗ്രഹണം.
1440 ഫെബ്രുവരി 18-നാണ് ഇതിന് മുന്‍പ് ഇത്രയും ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണം ഉണ്ടായത്. 2100 വരെ ഇനി ഇത്തരത്തില്‍ വലിയ ഒരു ചന്ദ്രഗ്രഹണം ഉണ്ടാകില്ലെന്നാണ് കണക്കാക്കപ്പെടുന്നത്.
ഭാഗിക ചന്ദ്രഗ്രഹണം
സൂര്യനും ചന്ദ്രനും ഭൂമിയും നേര്‍രേഖയില്‍ എത്തുമ്പോഴാണ് പൂര്‍ണ്ണ ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. എന്നാല്‍ സൂര്യനും ചന്ദ്രനും ഇടയിലൂടെ ഭൂമി നീങ്ങുമ്പോഴാണ് ഭാഗിക ചന്ദ്രഗ്രഹണം ഉണ്ടാകുന്നത്. ഈ സമയം മൂന്ന് ഗ്രഹങ്ങളും നേര്‍രേഖയില്‍ എത്തുന്നില്ല. അതിനാല്‍ ഭൂമിയുടെ നിഴല്‍ ഭാഗികമായി മാത്രമേ ചന്ദ്രനില്‍ പതിക്കുകയുള്ളൂ. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ മൊത്തം 228 ചന്ദ്രഗ്രഹണങ്ങളിലൂടെ ഭൂമി കടന്നു പോകുമെന്നാണ് നാഷണല്‍ എയറോനോട്ടിക്സ് ആന്‍ഡ് സ്പേസ് അഡ്മിനിസ്ട്രേഷന്‍ (നാസ) പറയുന്നത്. നാസയുടെ അഭിപ്രായത്തില്‍ ഒരു വര്‍ഷത്തില്‍ പരമാവധി മൂന്ന് തവണ ചന്ദ്രഗ്രഹണം സംഭവിക്കാം.
ഓസ്‌ട്രേലിയയില്‍ ചന്ദ്രഗ്രഹണം എപ്പോള്‍ കാണാനാകുമെന്ന ചുവടെ ചേര്‍ക്കുന്നു;
ന്യൂ സൗത്ത് വെയില്‍സ്/ഓസ്‌ട്രേലിയന്‍ കാപ്പിറ്റല്‍ ടെറിട്ടറി
തലസ്ഥാന നഗരങ്ങളായ സിഡ്‌നിയിലും കാന്‍ബറയിലും രാത്രി 7:30 ന് ചന്ദ്രഗ്രഹണം ആരംഭിക്കും. ചന്ദ്രന്റെ മുക്കാല്‍ ഭാഗത്തിലധികം ഭൂമിയുടെ നിഴലില്‍ ആയിരിക്കും. രാത്രി 8:03-ന് ഗ്രഹണം അതിന്റെ പരമാവധിയിലെത്തും. സിഡ്‌നിയില്‍ എട്ട് മണി മുതല്‍ മികച്ച കാഴ്ച ലഭിക്കും. ഭാഗിക ചന്ദ്രഗ്രഹണം എല്ലാ സംസ്ഥാനങ്ങളിലും ടെറിട്ടറികളിലും ഏകദേശം രാത്രി 9:47 ന് അവസാനിക്കും.
വിക്ടോറിയ
മെല്‍ബണില്‍ രാത്രി 8:12-ന് ചന്ദ്രഗ്രഹണത്തിന്റെ പരമാവധി കാഴ്ച്ച ദൃശ്യമാകും.
ടാസ്മാനിയ
ഹൊബാര്‍ട്ടില്‍ 8:17-ന് ചന്ദ്രഗ്രഹണം ആരംഭിക്കും. 8:51-ന് ചന്ദ്രന്റെ പകുതിയോളം നിഴലില്‍ കാണാനാകും.
ക്വീന്‍സ്ലാന്‍ഡ്
ബ്രിസ്ബനില്‍ വൈകിട്ട് 6:14 ന് ഗ്രഹണം ആരംഭിക്കും. ചന്ദ്രന്റെ മൂന്നില്‍ രണ്ട് ഭാഗവും നിഴലിലായിരിക്കും. രാത്രി 8.47ന് അവസാനിക്കും.
സൗത്ത് ഓസ്ട്രേലിയ
അഡ്ലെയ്ഡില്‍ രാത്രി 7:32 ന് ഗ്രഹണം ആരംഭിക്കും. രാത്രി 8:11-ന് ചന്ദ്രന്റെ മുക്കാല്‍ ഭാഗവും നിഴലിലാകും. രാത്രി 10:33 ന് ഭാഗിക ഗ്രഹണം അവസാനിക്കും.
പടിഞ്ഞാറന്‍ ഓസ്ട്രേലിയ
പെര്‍ത്തില്‍നിന്നും ഭാഗിക ചന്ദ്രഗ്രഹണം കാണാന്‍ കഴിയില്ല. കാരണം രാത്രി ഏഴു മണിക്കു മുന്‍പായി ഗ്രഹണം അവസാനിക്കും. ബ്രൂമില്‍ താമസിക്കുന്നവര്‍ക്ക് 6:30 ന് ഭാഗിക ഗ്രഹണത്തിന്റെ അവസാന 15 മിനിറ്റ് കാണാന്‍ കഴിഞ്ഞേക്കും. ഈ മേഖലയില്‍ വൈകുന്നേരം 6:47 ന് ഗ്രഹണം അവസാനിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.