മോന്‍സണ്‍ കേസില്‍ അനിത പുല്ലയിലിന്റെ പങ്ക് എന്താണ്; സര്‍ക്കാര്‍ മറുപടി നല്‍കണമെന്ന് ഹൈക്കോടതി

മോന്‍സണ്‍ കേസില്‍ അനിത പുല്ലയിലിന്റെ പങ്ക് എന്താണ്; സര്‍ക്കാര്‍ മറുപടി നല്‍കണമെന്ന് ഹൈക്കോടതി

കൊച്ചി: മോന്‍സന്‍ മാവുങ്കല്‍ കേസില്‍ അനിത പുല്ലയിലിന്റെ പങ്ക് എന്താണെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. ഇക്കാര്യത്തില്‍ മറുപടി നല്‍കാന്‍ സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു. മോന്‍സന്‍ മാവുങ്കല്‍ കേസില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ചതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍ അറിയിച്ചു.

ഇഡിക്ക് സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രമേ അന്വേഷിക്കാന്‍ അധികാരമുള്ളൂ. മറ്റ് വിഷയങ്ങള്‍ അന്വേഷിക്കാന്‍ സിബിഐ പോലുള്ള ഏജന്‍സികളെ നിയോഗിക്കുകയാണ് ഉചിതം. പൊലീസ് കേസെടുക്കാന്‍ വൈകിയതിനാലാണ് ഇഡി അന്വേഷണം തുടങ്ങാന്‍ വൈകിയതെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ പറഞ്ഞു.

മോന്‍സനുമായി ബന്ധപ്പെട്ട സംഭവങ്ങളെ തമാശയായി കാണാനാകില്ലെന്ന് കോടതി പറഞ്ഞു. ഇവ ഗൗരവത്തോടെ കാണേണ്ട വിഷയങ്ങളാണ്. എഡിജിപിയും ഡിജിപിയും ആരോപണ വിധേയരായി എന്നുള്ളത് ആശങ്കപ്പെടുത്തുന്നു എന്നും കോടതി വ്യക്തമാക്കി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ കോടതി കേസില്‍ കക്ഷി ചേര്‍ത്തു. ഡിസംബര്‍ ഒന്നിനകം വിശദമായ മറുപടി നല്‍കാന്‍ കോടതി ഇഡിക്ക് നിര്‍ദേശം നല്‍കി.

മോന്‍സന്‍ മാവുങ്കലിനെതിരെ ശ്രീവത്സം ഗ്രൂപ്പ് നല്‍കിയ 6.27 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് പരാതിയിലെ മൂന്ന് പ്രതികളെ ഉള്‍പ്പെടുത്തിയാണ് ഇഡി പുരാവസ്തു തട്ടിപ്പില്‍ കേസ് എടുത്ത്. മോന്‍സന്‍ മാവുങ്കലിന് പുറമെ മുന്‍ ഡ്രൈവര്‍ അജി, മോന്‍സന്റെ മേക്കപ്പ് മാന്‍ ജോഷി അടക്കമുള്ളവരാണ് മറ്റ് പ്രതികള്‍. പുരാവസ്തുക്കളുടെ മറവില്‍ നടത്തിയ കള്ളപ്പണ ഇടപാടുകളാണ് ഇഡി അന്വേഷിക്കുന്നത്.

ഒക്ടോബര്‍ മൂന്നു വരെ ക്രൈംബ്രാഞ്ച് റജിസ്റ്റര്‍ ചെയ്ത എല്ലാ സാമ്പത്തിക തട്ടിപ്പ് പരാതികളും ഇഡി അന്വേഷിക്കുന്നുണ്ട്. ഒരു രേഖയുമില്ലാതെ പലരും മോന്‍സന്റെ പുരാവസ്തു ഇടപാടുകള്‍ക്ക് കോടികള്‍ നിക്ഷേപിച്ചതായി പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.