ജനീവ: ലോകത്തെ പിടിച്ചുലച്ച കോവിഡ് മഹാമാരിയുടെ ഉത്ഭവത്തെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ പുറത്തുവിട്ട് ലോകാരോഗ്യ സംഘടന. ചൈനയിലെ വുഹാന്‍ പ്രവിശ്യയിലെ ഭക്ഷ്യമാര്‍ക്കറ്റിലെ മത്സ്യവില്‍പ്പനക്കാരിയിലാണ് കോവിഡ് ബാധ ലോകത്ത് ആദ്യമായി കണ്ടെത്തിയതെന്നു ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചു. ഇക്കാര്യം തെളിയിക്കുന്ന വിവരങ്ങളും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
വൈറസിന്റെ ഉത്ഭവത്തെപ്പറ്റി പഠിക്കുന്ന വിദഗ്ധനായ അരിസോന യൂണിവേഴ്‌സിറ്റിയിലെ ഇക്കോളജി ആന്‍ഡ് ഇവല്യൂഷനറി ബയോളജി വിഭാഗം മേധാവി മൈക്കേല്‍ വോറോബിയുടെ പഠനത്തിനാണ് ലോകാരോഗ്യ സംഘടന അംഗീകാരം നല്‍കിയതെന്ന് ദ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വുഹാനിലെ 41 വയസുകാരനായ ഒരു അക്കൗണ്ടന്റിനാണ് 2019 ഡിസംബറില്‍ ആദ്യമായി കോവിഡ് റിപ്പോര്‍ട്ട് ചെയ്തതെന്നായിരുന്നു ഇതുവരെ കരുതപ്പെട്ടിരുന്നത്. ഈ നിഗമനമാണിപ്പോള്‍ തിരുത്തിയിരിക്കുന്നത്.
ചെമ്മീന്‍ വില്‍പ്പന നടത്തിയിരുന്ന 57 വയസുകാരിയില്‍ ഡിസംബര്‍ 11-നുതന്നെ പനി സ്ഥിരീകരിച്ചെന്ന് വോറോബിയുടെ പഠനം വ്യക്തമാക്കി. തുടക്കത്തില്‍ കണ്ടെത്തിയ വൈറസ് ബാധിതരില്‍ പകുതിപ്പേരും ചന്തയുടെ ചുറ്റുവട്ടത്തുള്ളവരായിരുന്നു. അതിനാല്‍ തന്നെ വുഹാനില്‍ നിന്നല്ല കോവിഡിന്റെ ഉത്ഭവമെന്ന ചൈനീസ് വാദം അംഗീകരിക്കാനാകില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.
'സയന്‍സ്' ജേണലില്‍ പ്രസിദ്ധീകരിച്ച വോറോബിയുടെ കണ്ടെത്തല്‍ വസ്തുതാപരമാണെന്ന് ലോകാരോഗ്യ സംഘടനയുടെ വിദഗ്ധസംഘം പറഞ്ഞു. അക്കൗണ്ടന്റിനാണ് ആദ്യം കോവിഡ് ബാധയുണ്ടായെന്ന റിപ്പോര്‍ട്ട് ലോകാരോഗ്യ സംഘടനയുടെ വിദഗ്ധസംഘം പുറത്തുവിട്ടിരുന്നു. എന്നാല്‍, അതു തെറ്റായിരുന്നുവെന്നും വോറോബിയുടെ കണ്ടെത്തലാണ് ശരിയെന്നും വിദഗ്ധസംഘാംഗമായ പീറ്റര്‍ ദസാക് പറഞ്ഞു.
ദന്ത ചികിത്സക്കായി ആശുപത്രിയില്‍ ചെന്നപ്പോഴാണ് ഡിസംബര്‍ 16-ന് അക്കൗണ്ടന്റിന് രോഗലക്ഷണങ്ങള്‍ കണ്ടത്. എന്നാല്‍ അതിനും എട്ടു ദിവസം മുമ്പേ മത്സ്യക്കച്ചവടക്കാരിയില്‍ രോഗലക്ഷണങ്ങള്‍ കണ്ടിരുന്നു. ഇവരില്‍നിന്ന് മറ്റുള്ളവരിലേക്കും രോഗം പടര്‍ന്നു. വുഹാനില്‍നിന്ന് 30 കിലോമീറ്റര്‍ അകലെയാണ് അക്കൗണ്ടന്റ് താമസിച്ചിരുന്നത്. മാര്‍ക്കറ്റിനുള്ളിലുള്ളവര്‍ക്ക് രോഗം സ്ഥിരീകരിച്ച ശേഷമാണ് അക്കൗണ്ടന്റിന് കോവിഡ് ബാധിക്കുന്നത്.
2019ലാണ് ചൈനയിലെ വുഹാന്‍ മാര്‍ക്കറ്റില്‍ നിന്നും കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടത്. വൈറസ് ബാധയെത്തുടര്‍ന്ന് കോടിക്കണക്കിന് ആളുകളാണ് ഇതുവരെ മരണത്തിന് കീഴടങ്ങിയത്. വൈറസിന്റെ ഉത്ഭവം തേടിയുള്ള നിരവധി പഠനങ്ങളാണ് നടക്കുന്നത്.
വുഹാനിലെ വൈറോളജി ലാബില്‍നിന്നാണ് കോവിഡ് പടര്‍ന്നതെന്നും സംശയങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍, മൃഗങ്ങളില്‍നിന്ന് മനുഷ്യരിലേക്കു സ്വാഭാവികമായി പകര്‍ന്നതാകും കോവിഡെന്ന് ഈ വര്‍ഷം ആദ്യം ചൈനയും ഡബ്ല്യുഎച്ച്ഒയും സംയുക്തമായി നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ പഠനം വേണമെന്നും അന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു. അതേസമയം, അന്വേഷണത്തോടു മുഖം തിരിച്ചും തെറ്റായ വിവരങ്ങള്‍ പുറത്തുവിട്ടും ഗവേഷണങ്ങളെ വഴിതെറ്റിക്കാനുള്ള ശ്രമമാണ് ചൈനയുടെ ഭാഗത്തുനിന്ന് എല്ലായ്‌പ്പോഴും ഉണ്ടായത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.