കോഴിക്കോട്: തര്‍ക്കം രൂക്ഷമായി എല്‍ജെഡി പിളര്‍പ്പിലേക്ക്. ഇന്ന് ചേരുന്ന നേതൃയോഗം നിര്‍ണായകമാകും. എംവി ശ്രേയാംസ് കുമാറിന്റെ നേതൃത്വത്തിലാണ് ഇന്ന് കോഴിക്കോട് നേതൃയോഗം ചേരുന്നത്. വിമതര്‍ക്കെതിരെ നടപടി ഉണ്ടായാല്‍ പാര്‍ട്ടി പിളരാനാണ് സാധ്യത. ശ്രേയാംസ് സ്ഥാനം ഒഴിയാന്‍ വിമതര്‍ നല്‍കിയ സമയപരിധി തീരുന്നത് ഇന്നാണ്. അച്ചടക്കത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് പറയുമ്പോഴും സമവായ സാധ്യത പൂര്‍ണ്ണമായും അടക്കാതെയാണ് ശ്രേയാംസിന്‍റെ പ്രതികരണം.
വിമതരുടെ നീക്കം അച്ചടക്കലംഘനമാണെന്ന് ആവര്‍ത്തിച്ച സംസ്ഥാന പ്രസിഡന്റ് ചര്‍ച്ചക്ക് ഇനിയും സമയമുണ്ടെന്നും അറിയിച്ചു. ഷെയ്ക്ക് പി ഹാരിസിന്റെയും സുരേന്ദ്രന്‍ പിള്ളയുടെയും നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തിലാണ് സ്ഥാനമൊഴിയാന്‍ ശ്രേയാംസിന് അന്ത്യശാസനം നല്‍കിയത്. കെ പി മോഹനന് മന്ത്രിസ്ഥാനം കിട്ടാത്തത് മുതല്‍ ശ്രേയാംസിനെതിരെ എതിര്‍ചേരി നീക്കം തുടങ്ങിയിരുന്നു. പ്രസിഡന്റ് സ്വന്തം കാര്യം മാത്രം നോക്കുന്നുവെന്നാണ് കുറ്റപ്പെടുത്തല്‍.
മന്ത്രിസ്ഥാനവും അര്‍ഹമായ ബോര്‍ഡ്-കോര്‍പ്പറേഷന്‍ സ്ഥാനങ്ങളും ഉറപ്പാക്കാന്‍ ശ്രേയാംസ് എല്‍ഡിഎഫില്‍ സമ്മര്‍ദ്ദം ചെലുത്തുന്നില്ല. പരാതികള്‍ ചര്‍ച്ച ചെയ്യാന്‍ യോഗം വിളിക്കാന്‍ പോലും തയ്യാറാകുന്നില്ലെന്നും വിമതര്‍ കുറ്റപ്പെടുത്തിയിരുന്നു. ഭിന്നത തീര്‍ക്കാന്‍ ദേശീയ ജനറല്‍ സെക്രട്ടറി വര്‍ഗ്ഗീസ് ജോര്‍ജ്ജിന്‍റെ നേതൃത്വത്തില്‍ അനുനയ നീക്കം നടക്കുന്നുണ്ട്. വിമതരെ പുറത്താക്കിയാല്‍ ഉടന്‍ യോഗം ചേര്‍ന്ന് ശ്രേയാംസിനെയും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാനാണ് വിമതരുടെ തീരുമാനം.
അതേസമയം യഥാര്‍ത്ഥ പാര്‍ട്ടി തങ്ങളാണെന്ന് അവകാശപ്പെട്ട് വിമതനേതാക്കള്‍ എല്‍ഡിഎഫ് നേതാക്കളെ കണ്ട് കഴിഞ്ഞ ദിവസം കത്ത് നല്‍കി. തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം വിമതയോഗം വിളിച്ച നേതാക്കള്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യം ഔദ്യോഗിക പക്ഷത്ത് നിന്നും ഉയരുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.