ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചു കൊണ്ടുള്ള മോഡി സര്‍ക്കാരിന്റെ കീഴടങ്ങള്‍ കര്‍ഷകരുടെ സമര വീര്യത്തിന്റെ വിജയമാണ്. അതേസമയം വിജയത്തിന്റെ ക്രെഡിറ്റ് പ്രതിപക്ഷത്തിന് കൂടി അവകാശപ്പെട്ടതാണ്. അതില്‍ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും  വഹിച്ച പങ്ക് ശ്രദ്ധേയമാണ്.
പഞ്ചാബില്‍ കഴിഞ്ഞ വര്‍ഷം രാഹുല്‍ ഗാന്ധി നടത്തിയ ത്രിദിന ട്രാക്ടര്‍ റാലി വന്‍ പിന്തുണയാണ് കര്‍ഷകരില്‍ നിന്ന് ലഭിച്ചത്. യുപിയില്‍ പ്രിയങ്ക ഗാന്ധി നിരവധി കിസാന്‍ മഹാപഞ്ചായത്തുകളില്‍ പങ്കെടുത്തു. പിന്നീട് ഡല്‍ഹിയും കടന്ന് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും കര്‍ഷകരുടെ സമരത്തിന്റെ കരുത്ത് കണ്ടു. 
ഡിഎംകെ തമിഴ്നാട്ടിലും തൃണമൂല്‍ കോണ്‍ഗ്രസ് ബംഗാളിലും സമാജ് വാദി പാര്‍ട്ടി ഉത്തര്‍പ്രദേശിലും ആര്‍ജെഡി ബീഹാറിലും ഇതിന് നേതൃത്വം നല്‍കി. പ്രതിപക്ഷം വന്‍ പ്രചാരണം നല്‍കിയത് എല്ലായിടത്തും ബിജെപിയെ സമ്മര്‍ദത്തിലാക്കിയിരുന്നു. ഇത്തരത്തില്‍ ഒരു വര്‍ഷത്തോളം തെരുവില്‍ നിന്നുള്ള സ്വരങ്ങളെ പല സംസ്ഥാനങ്ങളിലേക്ക് പടര്‍ത്തിയതില്‍ വലിയ പങ്ക് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കുണ്ട്. ബിജെപിയെ ഏറ്റവും സമ്മര്‍ദത്തിലാക്കിയത് പ്രതിപക്ഷത്തിന്റെ ഈ ഒത്തു ചേരലാണ്.
വ്യത്യസ്ത രീതികളാണ് പാര്‍ലമെന്റില്‍ അടക്കം പ്രതിപക്ഷം  പരീക്ഷിച്ചത്. പാര്‍ലമെന്റിനെ അഭിസംബോധന ചെയ്തുള്ള രാഷ്ട്രപതിയുടെ പ്രസംഗം കര്‍ഷിക ബില്ലിനെ ചൊല്ലി പ്രതിപക്ഷ കക്ഷികള്‍ ബഹിഷ്‌കരിച്ചിരുന്നു.  കാര്‍ഷിക നിയമത്തിനെതിരെ നിയമപോരാട്ടമായിരുന്നു പ്രതിപക്ഷം ഒന്നിച്ച മറ്റൊരു കാര്യം. പാര്‍ലമെന്റില്‍ അകത്തും പുറത്തും കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ ആദ്യമായിട്ടാണ് ഒരു വിഷയത്തില്‍ പ്രതിപക്ഷം ഇത്തരത്തില്‍ ഒന്നിച്ചത്. 
ഈ നിയമം കേന്ദ്രം പിന്‍വലിക്കേണ്ടി വരുമെന്ന രാഹുലിന്റെ പ്രഖ്യാപനവും ഇപ്പോള്‍ യാഥാര്‍ഥ്യമായി. തമിഴ്നാട്ടില്‍ വലിയ സ്വാധീനം കര്‍ഷക സമരം കൊണ്ട് ഉണ്ടായില്ലെങ്കിലും നിയമസഭയില്‍ കാര്‍ഷിക നിയമം പിന്‍വലിക്കാന്‍ പ്രമേയം പാസാക്കുമെന്ന് ഡിഎംകെ പ്രഖ്യാപിക്കുകയും ഓഗസ്റ്റില്‍  അത് പാസാക്കുകയും ചെയ്തു. 
പഞ്ചാബ്, ഛത്തീസ്ഗഡ്, ബംഗാള്‍ ദില്ലി, രാജസ്ഥാന്‍, കേരളം എന്നിവരും പ്രമേയം പാസാക്കി. മമതയുടെ പ്രചാരണത്തിലെല്ലാം കര്‍ഷക സമരം നിറഞ്ഞ് നിന്നു. രാകേഷ് ടിക്കായത്തിനെ തിരഞ്ഞെടുപ്പിന് ശേഷം മമത കാണുകയും ചെയ്തു. ആര്‍ജെഡിയുടെ തിരഞ്ഞെടുപ്പ് പ്രഖ്യാപനവും ഇത് തന്നെയായിരുന്നു.
സമാജ് വാദി പാര്‍ട്ടി കിസാന്‍ ചൗപ്പലുകളാണ് സംഘടിപ്പിച്ചത്. ഇത് വലിയ പ്രചാരണമാണ് കര്‍ഷക സമരത്തിനുണ്ടാക്കി കൊടുത്തത്. പെഗാസസ് വിഷയം ശക്തമായി ഉയര്‍ന്നപ്പോഴും അതില്‍ തട്ടി കര്‍ഷക സമരം ഇല്ലാതാവാതിരിക്കാനും പ്രതിപക്ഷ പാര്‍ട്ടികല്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പാര്‍ലമെന്റില്‍ കിട്ടിയ അവസരത്തിലെല്ലാം കര്‍ഷക സമരമാണ് പ്രതിപക്ഷം ഉന്നയിച്ചത്. 
അതേസമയം തിരഞ്ഞെടുപ്പിനെ ഭയന്ന് ബിജെപി സര്‍ക്കാര്‍ നിലപാട് മാറ്റുമെന്ന വിശ്വാസം പ്രതിപക്ഷം തിരിച്ചുപിടിച്ചിരിക്കുകയാണ്. ഇതാണ് മോഡി സര്‍ക്കാരിന് ഇനി വെല്ലുവിളിയാവാന്‍ പോകുന്നത്. പ്രക്ഷോഭം വിജയിക്കണമെങ്കില്‍ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടിയുണ്ടാവണമെന്ന ഫോര്‍മുലയും പ്രതിപക്ഷത്തിന് ലഭിച്ചിരിക്കുകയാണ്. ബിജെപിയുടെ വിജയ ഫോര്‍മുല എപ്പോഴും നരേന്ദ്ര മോഡിയാണ്. ആ ബ്രാന്‍ഡിനാണ് ഈ തീരുമാനത്തിലൂടെ ഇടിവ് വന്നിരിക്കുന്നത്. 
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.