തമിഴ്‌നാട്ടില്‍ കന്നുകാലി മോഷണം തടയാന്‍ ശ്രമിച്ച എസ്.ഐയെ ക്രൂരമായി കൊലപ്പെടുത്തി

തമിഴ്‌നാട്ടില്‍ കന്നുകാലി മോഷണം തടയാന്‍ ശ്രമിച്ച എസ്.ഐയെ ക്രൂരമായി കൊലപ്പെടുത്തി

ചെന്നൈ: കന്നുകാലി മോഷണം തടയാന്‍ ശ്രമിച്ച പോലീസുകാരനെ വെട്ടിക്കൊന്നു. തമിഴ്നാട്ടിലെ തിരുച്ചിയിലാണ് ഞെട്ടിക്കുന്ന കൊലപാതകം അരങ്ങേറിയത്. തിരുച്ചി നവല്‍പ്പെട്ട് പോലീസ് സ്റ്റേഷനിലെ എസ്‌ഐ ഭൂമിനാഥനാണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു ദാരുണമായ സംഭവം.

നവല്‍പ്പെട്ട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കന്നുകാലികളെയും ആടുകളെയും മോഷ്ടിച്ച് കടത്തിക്കൊണ്ടുപോകുന്നത് പതിവാണ്. ഞായറാഴ്ച പുലര്‍ച്ചെ പട്രോളിങ് നടത്തുകയായിരുന്ന എസ്‌ഐ ബൈക്കില്‍ ചിലര്‍ ആടിനെ കടത്തിക്കൊണ്ടു പോകുന്നത് കണ്ടു. തുടര്‍ന്ന് എസ്‌ഐ ഇവരെ ബൈക്കില്‍ പിന്തുടര്‍ന്നു.

എന്നാല്‍ ഇവര്‍ വാഹനം വേഗത്തില്‍ ഓടിച്ചു പോയി. മൂന്ന് കിലോമീറ്ററോളം ഇവരെ പിന്തുടര്‍ന്ന എസ്.ഐ സംഘത്തിലെ രണ്ട് പേരെ പിടികൂടി. അല്‍പസമയത്തിന് ശേഷം ബാക്കിയുള്ളവര്‍ തിരികെ വന്ന് ഭൂമിനാഥനെ ആക്രമിക്കുകയായിരുന്നു.

പുതുക്കോട്ട-തിരുച്ചിറപ്പള്ളി റോഡിലെ പല്ലത്തുപട്ടി കലമാവൂര്‍ റെയില്‍വേ ഗേറ്റിന് സമീപമായിരുന്നു അക്രമണം. ശരീരമാകെ വെട്ടിപരിക്കേല്‍പ്പിച്ച് മരണം ഉറപ്പു വരുത്തിയ ശേഷം സമീപത്തെ റെയില്‍വേ ഗേറ്റിനരികെ മൃതദേഹം ഉപേക്ഷിച്ചു. രാവിലെ ഇതുവഴിയെത്തിയ നാട്ടുകാരാണ് എസ്‌ഐയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നാലെ പോലീസില്‍ വിവരം നല്‍കി.

സംഭവത്തില്‍ പ്രതികളെ കണ്ടെത്താന്‍ പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. സമീപവാസികള്‍ തന്നെയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചതായി അധികൃതര്‍ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.