സിഡ്നി: ഓസ്‌ട്രേലിയയിലെ സിഡ്‌നി അതിരൂപതയിലെ വൈദികനും ഗുഡ് ഷെപ്പേര്‍ഡ് സെമിനാരിയുടെ മുന്‍ റെക്ടറുമായ ഫാ. ഡാനി മെഗറിനെ സിഡ്നി അതിരൂപതയുടെ സഹായ മെത്രാനായി ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. 
നിലവില്‍ ഫൈവ് ഡോക്ക് മേഖലയിലെ ഓള്‍ ഹാലോസ് ഇടവകയുടെ അഡ്മിനിസ്ട്രേറ്ററായ ഫാ. ഡാനി മെഗര്‍ 25 വര്‍ഷത്തിലേറെയായി സിഡ്നി അതിരൂപതയില്‍ വൈദികനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഫാ. ഡാനി അതിരൂപതയ്ക്ക് ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ നിയമനത്തെ സിഡ്നിയിലെ വൈദികരും ജനങ്ങളും ഊഷ്മളമായി സ്വീകരിക്കുന്നുവെന്നും ആര്‍ച്ച് ബിഷപ്പ് ആന്റണി ഫിഷര്‍ പറഞ്ഞു. 
ന്യൂ സൗത്ത് വെയില്‍സിലെ റിവറീന മേഖലയില്‍ 1961 നവംബറില്‍ ജനിച്ച ഫാ. ഡാനി ചെറുപ്പത്തില്‍ തന്നെ കുടുംബത്തോടൊപ്പം സിഡ്നിയിലേക്കു താമസം മാറി. 
റിവര്‍വ്യൂ സെന്റ് ഇഗ്‌നേഷ്യസ് കോളജിലെ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം സിഡ്‌നി സര്‍വകലാശാലയില്‍നിന്ന് സാമ്പത്തിക ശാസ്ത്രവും നിയമവും പഠിച്ചു. ഒരു നിയമ സ്ഥാപനത്തില്‍ ജോലി ചെയ്ത ശേഷം സെന്റ് പാട്രിക്‌സ് കോളജില്‍ സെമിനാരി പരിശീലനം നേടി. 1995 ജൂലൈയില്‍ പൗരോഹിത്യം സ്വീകരിച്ചു. 2006-ല്‍ റോമിലെ പൊന്തിഫിക്കല്‍ ഗ്രിഗോറിയന്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന് ദൈവശാസ്ത്രത്തില്‍ ലൈസന്‍സ് നേടി. 
ഇടവക പ്രവര്‍ത്തനങ്ങള്‍ക്കു പുറമേ ഫാ. ഡാനി മെഗര്‍ വൊക്കേഷന്‍സ് ഡയറക്ടറായും ആറുവര്‍ഷം ഗുഡ് ഷെപ്പേര്‍ഡ് സെമിനാരിയുടെ റെക്ടറായും സേവനമനുഷ്ഠിച്ചു.
സിഡ്നിയില്‍ ഉള്‍പ്പെടെ ദാരിദ്ര്യത്തിലും ഭവനരഹിതരായും ദുരിതമനുഭവിക്കുന്നവരെ സേവിക്കുന്നതില്‍ ഫാ. ഡാനി മെഗര്‍ പ്രത്യേക താല്‍പര്യം പ്രകടിപ്പിക്കാറുണ്ട്. 
വീടില്ലാത്തവരെ ശുശ്രൂഷിക്കുന്നതിലും അവര്‍ക്ക് ആശ്വാസം പകരുന്നതിലുമാണ് താന്‍ സന്തോഷം കണ്ടെത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട  ആളുകളുമായി അടുത്തിടപഴകുന്നതിലൂടെ താന്‍ ദൈവത്തോടു കൂടുതല്‍ അടുക്കുന്നതായി അനുഭവപ്പെടാറുണ്ട്. ബിഷപ്പ് എന്ന നിലയില്‍ അതു തുടരാനാണ് തീരുമാനം. സ്‌നേഹവും കരുണയുമുള്ള ഒരു കത്തോലിക്കാ കുടുംബത്തിലാണ് താന്‍ വളര്‍ന്നത്. അതുകൊണ്ട് ദൈവത്തെ കൂടുതല്‍ സ്‌നേഹിക്കാനും അറിയാനും സാധിച്ചു. ഈ സ്‌നേഹമാണ് തന്റെ ഈ എളിയ ജീവിതത്തെ ധന്യമാക്കുന്നത്-ഫാ. ഡാനി പറഞ്ഞു. 
കത്തോലിക്കാ സ്‌കൂളുകളില്‍ പഠിക്കുന്നവര്‍ ഉള്‍പ്പെടെ വിശ്വാസികള്‍ കൂദാശ ജീവിതത്തെ ശക്തിപ്പെടുത്തണമെന്നും കുര്‍ബാനകളില്‍ പങ്കെടുക്കുന്നത് നിര്‍ത്തിയവരെ തിരികെ സ്വാഗതം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഡിസംബര്‍ എട്ടിനു വൈകിട്ട് ഏഴിന് സെന്റ് മേരീസ് കത്തീഡ്രലില്‍ നടക്കുന്ന കുര്‍ബാനയില്‍ ഫാ. ഡാനി മെഗര്‍ സഹായ മെത്രാനായി അഭിഷിക്തനാകും. ബിഷപ്പുമാരായ റിച്ചാര്‍ഡ് അമ്പേഴ്സ്, ടെറന്‍സ് ബ്രാഡി എന്നിവര്‍ക്കൊപ്പമാണ് സിഡ്നിയിലെ മൂന്നാമത്തെ സഹായ മെത്രാനായി അദ്ദേഹം ചുമതലയേല്‍ക്കുന്നത്.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.