തിരുവനന്തപുരം: കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി സംസ്ഥാന സര്‍ക്കാര്‍. അനുമതിക്കായി കേന്ദ്ര വനം - പരിസ്ഥിതി മന്ത്രാലയത്തെ സമീപിച്ചിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. കാട്ടുപന്നി ഉള്‍പ്പെടെയുള്ള വന്യജീവികളുടെ ആക്രമണം വര്‍ധിച്ചു വരികയാണ്. വന്‍തോതിലുള്ള നഷ്ടങ്ങള്‍ കര്‍ഷകര്‍ക്ക് ഇതുമൂലം ഉണ്ടാകുന്നു. ഈ സാഹചര്യത്തിലാണ് വിഷയത്തില്‍ പരിഹാരം തേടി വനം മന്ത്രി എ കെ ശശീന്ദ്രന്‍ ഡല്‍ഹിയിലെത്തിയത്.
കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവുമായി മന്ത്രി ശശീന്ദ്രന്‍ കൂടിക്കാഴ്ച നടത്തും. കാട്ടു പന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചു കൊണ്ട് സാധാരണക്കാരായ കര്‍ഷകര്‍ക്ക് ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇതിനെ വെടിവെച്ചു കൊല്ലാനുള്ള അവകാശം നല്‍കുക എന്ന ആവശ്യമാകും സംസ്ഥാനം ഉന്നയിക്കുക. എന്നാല്‍ കാട്ടുപന്നികളെ വെടിവച്ചു കൊല്ലുക എന്നത് ദീര്‍ഘകാലം സാധ്യമാകില്ല എന്നതുകൊണ്ട് ഇക്കാര്യത്തില്‍ ദീര്‍ഘകാല പരിഹാരത്തിന് വേണ്ടിയുള്ള നടപടി ഉണ്ടാക്കണമെന്നും മന്ത്രി കൂടിക്കാഴ്ചയില്‍ ആവശ്യപ്പെടും.
കൂടാതെ എന്തുകൊണ്ടാണ് ഇത്തരം വന്യജീവികള്‍ കാടുവിട്ട് നാടുകളിലേക്ക് ഇറങ്ങുന്നത് എന്നത് സംബന്ധിച്ച് ഒരു ശാസ്ത്രീയ പഠനം ഉണ്ടാകണം. പഠനത്തിന്റെ അടിസ്ഥാനത്തില്‍ വന്യ ജീവികള്‍ക്ക് കാട്ടില്‍ തന്നെ കഴിയാനുള്ള അന്തരീക്ഷം ഉണ്ടാക്കാനുള്ള ശ്രമങ്ങളും ഉണ്ടാക്കണമെന്ന് മന്ത്രി ആവശ്യപ്പെടും. അഞ്ചുവര്‍ഷത്തിനുള്ളില്‍ കൃഷിനാശം വരുത്തിയ 10,335 സംഭവമുണ്ടായെന്നും വനംവകുപ്പ് 5.54 കോടി രൂപ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരമായി നല്‍കിയെന്നും നാലുപേര്‍ മരിച്ചെന്നുമുള്ള കണക്കുകള്‍ നിരത്തിയാണ് മന്ത്രി ആവശ്യം ഉന്നയിക്കുന്നത്.
കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന് നേരത്തേത്തന്നെ കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നെങ്കിലും നാലുകാര്യങ്ങളില്‍ വിശദീകരണം തേടി ഈ ആവശ്യം തിരിച്ചയക്കുകയായിരുന്നു. മറുപടിയോടൊപ്പമാണ് കണക്കു കൂടിവെച്ച് വീണ്ടും കേന്ദ്രത്തെ സമീപിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.